ADVERTISEMENT

കൽപറ്റ ∙ വയനാട് അതിവേഗം മരുഭൂവൽക്കരിക്കപ്പെടുന്നതിന്റെ ആദ്യ രക്തസാക്ഷിയാകും കബനി നദി. ചരിത്രത്തിൽ ചുവന്നൊഴുകിയ നദിയിപ്പോൾ പച്ചപ്പു തിരഞ്ഞുള്ള വിലാപയാത്രയിലാണ്. പുൽപള്ളിയിലേക്കും മുള്ളൻകൊല്ലിയിലേക്കും കർണാടകയിൽനിന്ന് ആഞ്ഞടിക്കുന്ന ചൂടുകാറ്റ്, പൂതാടിയും കടന്നു തെക്കുപടിഞ്ഞാറ് ദിശയിൽ അതിവേഗം പ്രവഹിച്ചു തുടങ്ങിയിരിക്കുന്നു. വയനാട് ഉൾപ്പെടുന്ന ഡെക്കാൻ പീഠഭൂമിയിലാകെ അന്തരീക്ഷ താപനില വർധിക്കുന്നതു കബനിനദിയെ കൂടുതല്‍ ശുഷ്കമാക്കുകയാണ്.

കബനിയെ മാത്രം ആശ്രയിച്ചാണു വയനാട്ടിൽ 1.63 ലക്ഷം ഹെക്ടർ സ്ഥലത്തെ കൃഷി. ഇതിൽ 15220 ഹെക്ടർ വരുന്ന പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെയും പൂതാടി പഞ്ചായത്തിലെ 4 വാർഡുകളിലെയും കർഷകർ വരൾച്ചക്കെടുതി അനുഭവിക്കുന്നു. കബനിതടത്തിലെ മിക്ക പാടങ്ങളിലും ഇപ്പോൾ ഇരിപ്പൂകൃഷി നടക്കാറില്ല. സർക്കാർ പ്രഖ്യാപിച്ച വരൾച്ച ലഘൂകരണ പദ്ധതികൾ കടലാസ്സിലുറങ്ങുന്നു. 80.2 കോടി രൂപയ്ക്കു ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ചേർന്നു നടപ്പിലാക്കിയ പദ്ധതിയും പൂർണ വിജയത്തിലെത്തിയില്ല. 

 എങ്ങുമെത്താതെ പോയ പദ്ധതികള്‍ 

കർണാടകയിൽനിന്നുള്ള ചൂടുകാറ്റിനെ തടഞ്ഞുനിർത്താൻ കബനിക്കരയിൽ 33 ഏക്കറിൽ 1500 മരത്തൈകൾ നട്ടെങ്കിലും ആ സ്ഥലം ഇന്നു തരിശായിക്കിടക്കുന്നു. 16 കിലോമീറ്റർ നീളത്തിൽ കബനിക്കരയിലുടനീളം 10,000 മരത്തൈകൾ 3 വരികളിലായി വച്ചുപിടിപ്പിക്കാനായിരുന്നു പദ്ധതി. കിണർ റീചാർജിങ് പദ്ധതിയും ലക്ഷ്യംകാണാതെ പോയി. കബനിയിലേക്കുള്ള പ്രകൃതിദത്ത ഉറവകളുടെ സംരക്ഷണത്തിനായും തുക വകയിരുത്തിയിരുന്നു.

കല്ലുവയൽ താഴെ, കദവക്കുന്ന്, പീതാൽ, മരകാവ്, പാമ്പ്ര തുടങ്ങിയ ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം സാധ്യമായാൽ ജലക്ഷാമത്തിനു തെല്ലൊരു പരിഹാരമാകും. തടയണകളുടെ നിർമാണം, കാവുകളുടെ പുനരുജ്ജീവനം, വനത്തിനകത്തെ ചെക്ഡാമുകളുടെ നിർമാണം എന്നിവയിൽ പുരോഗതിയുണ്ടായി. തോടുകളുടെ പാർശ്വസംരക്ഷണത്തിനായി പഞ്ചായത്തുകളുടെ തനതുഫണ്ടിൽനിന്നു തുക നീക്കിവച്ചിട്ടുമുണ്ട്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളി ഫലപ്രദമായി പ്രതിരോധിക്കാൻ ഈ മെല്ലെപ്പോക്കു നയം സഹായിക്കില്ലെന്ന വിമർശനമാണുയരുന്നത്. 

 നദിയടുത്തുണ്ട് പക്ഷേ,കൃഷിയില്ല 

ചേകാടി, കബനിഗിരി, കൃഗന്നൂർ, കൊളവള്ളി, മരക്കടവ് പ്രദേശങ്ങളിൽ വരണ്ടുണങ്ങിയ കൃഷിയിടങ്ങളാണ്. വയനാടിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന ചേകാടിയിൽ പുഞ്ചക്കൃഷി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. കിണറുകളിലും കുളങ്ങളിലും വെള്ളമില്ല. കബനിയിലേക്കു വെള്ളമെത്തിക്കുന്ന കന്നാരംപുഴയിലും മുദ്ദള്ളിത്തോടിലും ജലനിരപ്പ് താഴ്ന്നു. പാടിച്ചിറയിൽ കുടിവെള്ളത്തിനു പോലും ക്ഷാമം. ഒരുകാലത്തു വിപ്ലവച്ചൂടിൽ പടർന്നെണീറ്റ കബനിതീരം ഇന്ന് പൊരിവേനൽച്ചൂടിൽ തളർന്നുറങ്ങുന്നു. ''ജലസേചന പദ്ധതികൾക്കായി നിർമിച്ച കനാലുകളെല്ലാം നശിച്ചു. മഴ പെയ്തില്ലെങ്കിൽ കബനീതീരത്ത് കൃഷി ചെയ്യാൻ കഴിയില്ല''– കൃഗന്നൂർ സ്വദേശിയായ കർഷകൻ റോബിൻ മുളക്കുടിയിൽ പറയുന്നു.

കനാലുകൾ മാറ്റി പൈപ്പ് ലൈനുകൾ വഴിയെങ്കിലും കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കാൻ നടപടിയുണ്ടാകണം. കൃഷിയിടത്തിനു വെറും 500 മീറ്റർ അകലെ പുഴയുള്ളപ്പോഴാണ് ഈ പ്രദേശമാകെ വരണ്ടുണങ്ങിക്കിടക്കുന്നത്– റോബിന്റെ വാക്കുകൾ. വേണ്ടത്ര ജലസേചന സൗകര്യം ഒരുക്കാതെ കർഷകർക്കു പിടിച്ചുനിൽക്കാനാകില്ലെന്നു പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ പറഞ്ഞു. മഴയെ ആശ്രയിച്ചുള്ള കൃഷി പ്രായോഗികമല്ലാത്ത സ്ഥിയിലേക്കാണു പോകുന്നത്. ജലസേചനത്തിനായി ചെറുകിട പദ്ധതികൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 

 കൈത്തോടുകളെ ആരു കാക്കും? 

കബനിയിലേക്കു വെള്ളമെത്തിക്കുന്ന കൈത്തോടുകളെയും പോഷകനദികളെയും ഒന്നു മുതൽ 6 വരെ തലങ്ങളായാണു തിരിച്ചിരിക്കുന്നത്. ഒഴുകിയെത്തുന്ന നീളം, ഉള്‍ക്കൊള്ളുന്ന ജലത്തിന്റെ അളവ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ തിരിവ്. ഏറ്റവും കൂടുതൽ നീളമുള്ളതും വെള്ളമെത്തിക്കുന്നതുമായ പോഷകനദികളും കൈത്തോടുകളും ആറാം തലത്തിൽപെടും. കബനിനദിയുടെ അഞ്ചാംതലത്തിൽപെട്ട 11 സ്രോതസ്സുകളും നാലാംതലത്തിൽപെട്ട 6 സ്രോതസ്സുകളും അടിയന്തര ശ്രദ്ധ നൽകി പുനരുജ്ജീവിക്കേണ്ടവയാണെന്നു സെന്റർ ഫോർ എർത്ത് സയൻസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ആശ്രയിച്ചാണ് ഈ ജലാശയങ്ങളുടെ നിലനിൽപ്. എന്നാൽ, മഴയുടെ വിതരണത്തിലുള്ള ഏറ്റക്കുറച്ചിൽ ഇവയുടെ ആയുസ്സ് കുറയ്ക്കുന്നു. 

 ആനക്കിടങ്ങുകൾ വില്ലന്മാർ

കാട്ടാനശല്യം തടയാനായി നിർമിക്കുന്ന കിടങ്ങുകൾ കബനിയിലേക്കുള്ള വെള്ളമൊഴുക്കു കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്. വനത്തിൽ പെയ്യുന്ന മഴവെള്ളം അരുവികളിലേക്കൊഴുകാതെ ഇത്തരം കിടങ്ങുകളിൽ കെട്ടിക്കിടക്കുന്നു. വയനാട്ടിലാകെ 400 കിലോമീറ്റർ നീളത്തിലെങ്കിലും കിടങ്ങുകൾ കുഴിച്ചതായാണു മണ്ണുസംരക്ഷണവകുപ്പ് നടത്തിയ സർവേയിലെ കണ്ടെത്തൽ. കബനിതടത്തിലെ കൈത്തോടുകൾ വറ്റുന്നതിന് ഇത്തരം കിടങ്ങുകളും പ്രധാന പങ്കുവഹിക്കുന്നതായാണു പഠനം. കബനിതടത്തിലേക്കുള്ള പ്രകൃതിദത്തമായ ജലപ്രവാഹം കിടങ്ങുകൾ തടയുന്നു. ഇതോടെ കബനിതടത്തിലെ ചതുപ്പുകളുടെ ജലസംഭരണശേഷിയും കുറയുന്നു. 

ജലസ്രോതസ്സ് 3248 കിലോ മീറ്റർ 

വയനാട്ടിൽ കബനിയിലേക്കു വെള്ളമെത്തിക്കുന്ന അരുവികൾ, തോടുകൾ, പുഴകൾ എന്നിവയുടെ എണ്ണം- 2720
ഒഴുകുന്ന ജലസ്രോതസ്സുകളുടെ ആകെ നീളം - 3248 കിലോമീറ്റർ

ശോഷിക്കുന്നു നെൽക്കൃഷി

‍ഡെക്കാൻ പീഠഭൂമിയിലുൾപെടുന്ന വയനാട്ടിൽ 1,63,570 ഹെക്ടറിലെ 24,919 ഹെക്ടറിലും നേരത്തെ നെൽക്കൃഷിയുണ്ടായിരുന്നു. ഇതിൽ കബനിതടത്തിലെ ഏകദേശം 10964.36 ഹെക്ടർ സ്ഥലത്തെ കൃഷി ഇല്ലാതായെന്നാണു മണ്ണുസംരക്ഷണവകുപ്പ് നടത്തിയ പഠനം. നഷ്ടം സഹിക്കാനാകാതെ കർഷകർ നെൽക്കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നു. ചതുപ്പുനിലങ്ങളിൽ മറ്റു കൃഷികൾ ആരംഭിച്ചതു കബനിതടത്തിന്റെ ജലസംഭരണശേഷി കുറച്ചു 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com