ADVERTISEMENT

പുൽപള്ളി ∙ ഛർദി അതിസാരത്തെ തുടർന്നു രാത്രി അവശനിലയില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ (സിഎച്ച്സി) എത്തിച്ചയാൾക്കു ചികിത്സ ലഭിച്ചില്ല; 2 മണിക്കൂറിനു ശേഷം ആംബുലൻസ് വിളിച്ചു ബത്തേരി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയതിനാൽ രക്ഷപ്പെടുത്താനായി. താഴെയങ്ങാടിയിൽ പീടികവരാന്തയിൽ അവശനിലയിൽ കിടന്ന സോമനെ (58) പഞ്ചായത്ത് അംഗം ചാരുവേലിൽ ജോഷി, ആശാവർക്കർ ഏലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെ സ്വകാര്യ ആംബുലൻസിൽ ചൊവ്വാഴ്ച വൈകിട്ടാണു സിഎച്ച്സിയിൽ എത്തിച്ചത്. 

ഈ സമയം പ്രാഥമിക ചികിത്സ നല്‍കാന്‍ ആരുമില്ലായിരുന്നെന്നു പഞ്ചായത്ത് അംഗം പറഞ്ഞു. ആശുപത്രിയുടെ അത്യാഹിത വിഭാഗം പൂട്ടിയിരുന്നു. രാത്രി 7.20ന് ആശുപത്രിയിലെത്തിച്ച രോഗിയെ 2 മണിക്കൂറിനു ശേഷം 9.20ന് ബത്തേരിയില്‍ നിന്ന് 108 ആംബുലന്‍സ് എത്തിച്ചു താലൂക്ക് ആശുപത്രിയിലേക്കു മാറ്റികയായിരുന്നെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. സിഎച്ച്സിയിൽ നൈറ്റ് കോള്‍ ഡോക്ടറുണ്ടെങ്കിലും ആളില്ലെന്നു പറഞ്ഞ് രോഗിയെ മടക്കാനായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ശ്രമമെന്നും പരാതിയുണ്ട്. ആശുപത്രിയിലെ ആംബുലന്‍സും ലഭ്യമാക്കിയില്ല. അത്യാസന്ന നിലയിലെത്തിച്ച രോഗിക്കുപോലും പ്രാഥമിക ചികിത്സ നല്‍കാത്തതു വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം എച്ച്എംസിക്കു പരാതി നല്‍കി. 

എച്ച്എംസി യോഗ തീരുമാനം പോലും നടപ്പാക്കുന്നില്ല 

പുൽപള്ളിയിലെ സാമൂഹികാരോഗ്യ കേന്ദ്രം നാട്ടുകാർക്ക് ഉപകാരപ്പെടുന്നില്ലെന്ന പരാതി വ്യാപകം. ഡോക്ടർമാരും ചികിത്സാസൗകര്യവും ഉണ്ടായിട്ടും ചികിത്സ ലഭിക്കുന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്. എച്ച്എംസി യോഗത്തിലെടുക്കുന്ന കാര്യങ്ങൾ നടക്കുന്നില്ലെന്ന പരാതി അംഗങ്ങൾക്കുമുണ്ട്. സ്പെഷലിസ്റ്റ് ആശുപത്രിക്കായി താഴെയങ്ങാടിയിൽ 3 കോടി ചെലവിൽ നിർമിച്ച ബഹുനില കെട്ടിടം അനാഥമായി കിടക്കുന്നു. നിലവിലുള്ള സൗകര്യം പ്രയോജനപ്പെടുത്തി ചികിത്സ നൽകാതെയാണു താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com