ബത്തേരി ∙ കഴിഞ്ഞ നൂറ്റാണ്ടിനിടെ വയനാട്ടിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനങ്ങളെ സംബന്ധിച്ചു ശാസ്ത്രീയമായ പഠനം നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ ശാസ്ത്ര സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പഠനത്തിൽ പങ്കാളികളാക്കണം. ഈ കാലഘട്ടത്തിൽ വയനാട്ടിൽ സംഭവിച്ച കുടിയേറ്റം, വനനശീകരണം, ഭൂവിനിയോഗത്തിൽ വന്ന മാറ്റം, മഴയുടെ സ്വഭാവമാറ്റം തുടങ്ങിയവയും പരിശോധിക്കണം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കാർഷിക വിളകളുടെ ഉൽപാദനത്തിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ പഠിക്കുന്നതിനോടൊപ്പം വിളകളിൽ സമീപകാലത്തുണ്ടായ രോഗ കീട ആക്രമണങ്ങൾ കാലാവസ്ഥയുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നും പഠന വിധേയമാക്കണം. പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ. ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. ടോമി, ട്രഷറർ പി. കുഞ്ഞിക്കൃഷ്ണൻ, നിർവാഹക സമിതി അംഗം കെ. ബാലഗോപാലൻ, പി.കെ. സുമതി, എസ്. രാധാകൃഷ്ണൻ, ഷീബ ചാക്കോ, സ്കൂൾ പ്രധാന അധ്യാപിക ജോളിയാമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.