ADVERTISEMENT

പനമരം∙ ഒട്ടേറെ പ്രതീക്ഷയോടെ എണ്ണപ്പന കൃഷിയിറക്കിയ കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള നീക്കത്തിൽ. എണ്ണപ്പനക്കുരുവിന് ആവശ്യക്കാരും വിലയും ഇല്ലാത്തതാണു കൃഷി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. കൃഷിയിടത്തിലെ തെങ്ങും കമുകും വെട്ടിമാറ്റി പകരം എണ്ണപ്പന കൃഷിയിറക്കിയ ഒട്ടേറെ കർഷകർ ജില്ലയിലുണ്ട്. എന്നാൽ കായ് പിടിച്ചു തുടങ്ങിയതോടെ എടുക്കാൻ ആളില്ലാത്തതും വില ലഭിക്കാത്തതും എണ്ണപ്പനയ്ക്ക് ഉണ്ടാകുന്ന രോഗബാധയും മൂലം കൃഷി നശിക്കുന്നതും കർഷകരെ പ്രതിസന്ധിയിലാഴ്ത്തി. കൃഷി വ്യാപിപ്പിക്കാൻ സർക്കാർ നടപ്പാക്കിയ പദ്ധതികൾ ക്രമേണ നിലച്ചതും കർഷകർക്ക് തിരിച്ചടിയായി.

രോഗം വന്നു നശിച്ച എണ്ണപ്പനകളിൽ ഒന്ന്.

ജില്ലയിൽ വൈത്തിരി, ചേലോട്, പനമരം തുടങ്ങി വിവിധ പ്രദേശങ്ങളിൽ വ്യാപകമായി തന്നെ എണ്ണപ്പന കൃഷി നടത്തുന്നവരുണ്ട്. പല തോട്ടത്തിനും 10 വർഷത്തിലേറെ പഴക്കമുണ്ട്. കൃഷി ഇറക്കിയെങ്കിലും വിളവെടുപ്പിനുള്ള വിദ്യകൾ കർഷകരിൽ പലർക്കും വശമില്ലാത്തതും തിരിച്ചടിയായി. പെയിന്റ്, ഓയിൽ എന്നിവയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന എണ്ണപ്പനക്കുരു ആദ്യ ഘട്ടങ്ങളിൽ എടുക്കാൻ ആളും സംഭരണ കേന്ദ്രങ്ങളും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതൊന്നും ഇല്ലാത്ത അവസ്ഥയാണെന്നും സർക്കാർ സഹായം ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. ഇതുകൊണ്ടുതന്നെ പലയിടങ്ങളിലും എണ്ണപ്പന തോട്ടത്തിന് വേണ്ടത്ര ശ്രദ്ധ നൽകാതെ സ്ഥലം കാടുകയറി മൂടിയ അവസ്ഥയാണ്.

എണ്ണപ്പനക്കുരുവിന്റെ പുറംതോട് കുരങ്ങ് തിന്ന നിലയിൽ.

എണ്ണപ്പന ഇല വിരിച്ചു നിൽക്കുന്നതിനാൽ ഇതിന് സമീപത്ത് മറ്റു കൃഷികളൊന്നും ഇറക്കാൻ പറ്റാത്ത സ്ഥിതിയാണ്. എണ്ണപ്പന കൃഷിയിറക്കിയ സ്ഥലങ്ങളിൽ കുരങ്ങൊഴികെയുള്ള വന്യമൃഗശല്യം കുറവുണ്ട് എന്നതാണ് കർഷകരുടെ ഏക ആശ്വാസം. വിദേശ രാജ്യങ്ങളിൽ ലാഭം കൊയ്യുന്ന കൃഷികളിൽ ഒന്നാണ് എണ്ണപ്പന. സർക്കാർ മുൻകൈ എടുത്തു കൃഷിയിറക്കിയ കർഷകരിൽ നിന്നു ന്യായവില ഉറപ്പ് വരുത്തി പഴുത്ത കായ് സംഭരിക്കാനുള്ള നടപടി ഉണ്ടാകണമെന്നും വന്യമൃഗശല്യം ഏറെയുള്ള പ്രദേശങ്ങളിൽ സബ്സിഡി നൽകി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നുമാണു കർഷകരുടെ ആവശ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com