ബത്തേരി ∙ ടൗണിനോടു ചേർന്നുള്ള പ്രദേശങ്ങളായ സത്രംകുന്ന് മുതൽ ബീനാച്ചി വരെ 4 കിലോമീറ്ററോളം ദൂരത്തിൽ ജനവാസ കേന്ദ്രങ്ങളിൽ സ്ഥിര സാന്നിധ്യമായി കടുവകൾ. വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും യാത്രക്കാർക്കു മുൻപിലും നിത്യേനയെന്നോണം കടുവയെത്തുകയാണ്. ഇന്നലെ രാവിലെ നേതാജി നഗറിൽ ആനന്ദ്. പി. ദേവസ്യ, വിജയമ്മ, ആർ. പി. ശിവദാസ്, കിങ്ങിണി തുടങ്ങി ഒട്ടേറെപേർ തങ്ങളുടെ വീട്ടുപരിസരങ്ങളിലും കൃഷിയിടങ്ങളിലും കടുവയെ കണ്ടു. പ്രദേശത്ത് പ്രവർത്തിക്കുന്ന ഓഗസ്റ്റ് റഡിസഡൻസി എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ പ്രസാദും ഇന്നലെ കടുവയെ കൺമുന്നിൽ കണ്ടു.
ദിവസങ്ങൾക്ക് മുൻപ് സപ്ലൈകോ അസിസ്റ്റന്റ് മാനേജർ ഷൈൻ മാത്യു ചീനപ്പുല്ലിലേക്കുള്ള തന്റെ വീട്ടിലേക്കു രാവിലെ 6ന് ബൈക്കിൽ പോകവേ കടുവ മുന്നിൽ ചാടി. കഴിഞ്ഞ ദിവസം വീണ്ടും കടുവയെത്തിയതായി നാട്ടുകാർ വിളിച്ചു പറഞ്ഞതിനെ തുടർന്നു വീട്ടിലേക്കുള്ള യാത്ര സുഹൃത്തിന്റെ കാറിലാക്കി. ദിവസങ്ങൾക്കു മുൻപ് നേതാജി നഗറിലെ കെ.ജെ. അഷ്റഫ് എന്നയാളുടെ വീടിനു സമീപം കാട്ടുപന്നിക്കൂട്ടത്തെ ആക്രമിച്ച് കടുവ എത്തിയിരുന്നു. കടുവയെ കണ്ട് ചിതറിയോടിയ പന്നിക്കൂട്ടം ബൈക്ക് യാത്രികർക്ക് മുൻപിലെത്തിയും ഭയപ്പാടിനിടയാക്കി. തുടർന്ന് ഒരു കാട്ടുപന്നിയെ സ്ഥലത്ത് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
ദൊട്ടപ്പൻകുളം അഖില പെട്രോൾ പമ്പിന് ഇരുവശവും മിക്കപ്പോഴും കടുവയെത്തുന്നതായി നാട്ടുകാർ പറയുന്നു. പമ്പിന് എതിർവശത്തുള്ള പള്ളിയിൽ കഴിഞ്ഞ 26നു പുലർച്ചെ എത്തിയയാൾ കടുവയെ കണ്ടിരുന്നു. കഴിഞ്ഞ 5നു പുലർച്ചെ ഇതേ സ്ഥലത്ത് ഓട്ടോ ഡ്രൈവറും കടുവയെ കണ്ടു. 14നു വൈകിട്ട് 7ന് ജെ.ഡി.ടി. മുഹമ്മദിന്റെ വീടിനു സമീപവും കടുവയെ കണ്ടു. ബത്തേരി അജന്ത സ്റ്റുഡിയോ ഉടമ സണ്ണിയുടെ കൃഷിയിടത്തിലും പലപ്പോഴായി കടുവയെ കണ്ടു.
ജിഎസ്ടി വകുപ്പിലെ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫിസർ യമുന ദയാൽ മകൾക്കൊപ്പം ഓട്ടോറിക്ഷയിൽ വരവേ അഖില പമ്പിന് താഴെ ഭാഗത്തു വച്ച് കടുവ കുറുകെ ചാടി. പ്രദേശത്ത് കാടുപിടിച്ചു കിടക്കുന്ന പത്തേക്കറോളം സ്ഥലത്ത് വന്യജീവികൾ കൂട്ടത്തോടെ പാർക്കുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. മാനും പന്നിയും യഥേഷ്ടമുള്ളതിനാൽ അവയെ പിടികൂടുന്നതിനു കടുവയും സ്ഥിരമായെത്തുകയാണ്. കടുവയെ ഭയന്ന് വന്യജീവികൾ ഓടി റോഡിലേക്കെത്തുന്നതു വാഹനയാത്രക്കാർക്കും അപകടമുണ്ടാക്കുന്നു. വനപാലകർ പലപ്പോഴും സ്ഥലത്തെത്തുന്നുണ്ടെങ്കിലും നിസ്സഹായരായി മടങ്ങാറാണു പതിവ്.