ADVERTISEMENT

പനമരം ∙ നഷ്ടങ്ങളുടെ കണ്ണീർക്കഥകളുമായി ജില്ലയിൽ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ആദ്യം നാട്ടിയ നെല്ല് വിളവെടുപ്പിനു പാകമായതോടെ അന്തരീക്ഷം മൂടിക്കെട്ടി കിടക്കുന്നതും ഇടയ്ക്കിടെയുള്ള മഴച്ചാറ്റലും കർഷകരെ ആശങ്കയിലാഴ്ത്തുന്നു.ഇത്തവണ കാര്യമായ കീടരോഗബാധകളൊന്നും പിടിപെട്ടില്ലെന്നു മാത്രമല്ല ജലക്ഷാമവും ഉണ്ടായിട്ടില്ലെന്നത് കർഷകർക്കു പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ട്. എന്നാൽ വിളവെടുപ്പ് ആരംഭിച്ചതോടെ കാലാവസ്ഥ പ്രതികൂലമായതും തൊഴിലാളി ക്ഷാമവും കർഷകരെ ദുരിതത്തിലാഴ്ത്തുകയാണ്. ജില്ലയിൽ പുഞ്ചക്കൃഷി കുറവായതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും നഞ്ച കൊയ്ത്തിന് എത്തുന്ന പോലെ യന്ത്രങ്ങൾ എത്താത്തതും കർഷകർക്കു തിരിച്ചടിയാണ്.

  ചീരവയൽ പാടശേഖരത്തിൽ കൊയ്ത്തിന് എത്താമെന്നേറ്റ തൊഴിലാളികൾ എത്താതിരുന്നതിനെത്തുടർന്നു കെട്ടിട നിർമാണ തൊഴിലാളികളായ അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് നെല്ല് കൊയ്തെടുക്കുന്നു.
ചീരവയൽ പാടശേഖരത്തിൽ കൊയ്ത്തിന് എത്താമെന്നേറ്റ തൊഴിലാളികൾ എത്താതിരുന്നതിനെത്തുടർന്നു കെട്ടിട നിർമാണ തൊഴിലാളികളായ അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് നെല്ല് കൊയ്തെടുക്കുന്നു.

മഴയത്ത് കൊയ്തെടുത്ത നെല്ല് സംഭരിച്ചു വയ്ക്കാനുള്ള സ്ഥലപരിമിതി മിക്ക കർഷകരുടെയും പ്രധാന പ്രശ്നമാണ്. ഏതു പ്രതികൂല കാലാവസ്ഥയിലും മുടക്കം വരുത്താതെ പരമ്പരാഗതമായി നഷ്ടം സഹിച്ചും കൃഷിയിറക്കിയവരാണു കൊയ്ത്ത് സമയത്ത് ഇക്കുറിയും ദുരിതത്തിലായത്. എങ്കിലും മഴയും വന്യമൃഗശല്യവും കൊണ്ടു പൊറുതിമുട്ടിയ കർഷകർ വയലിൽ ബാക്കിയുള്ള നെൽക്കതിരുകൾ വീട്ടിലെത്തിക്കാനുള്ള തന്ത്രപാടിലാണ്. കാട്ടാന ശല്യം മൂലം വനാതിർത്തിയിലെ കർഷകർ നെല്ല് പാതി വിളവിലാണു കൊയ്തെടുക്കുന്നത്. വർഷങ്ങൾ കഴിയുന്തോറും ഇത്തരം ഒട്ടേറെ പ്രശ്നങ്ങൾ മൂലം പുഞ്ചക്കൃഷി ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. ഇതെല്ലാം സഹിച്ചും കൃഷിയിറക്കുന്ന നെൽക്കർഷകർക്ക് നേരെ അധികൃതർ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപമുണ്ട്.

പുഞ്ചക്കൊയ്ത്ത് ആരംഭിച്ചതോടെ തൊഴിലാളിക്ഷാമവും കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. തൊഴിലാളികളെ ലഭിക്കാതായതോടെ കൃഷി ഇറക്കിയത് അബദ്ധമായി എന്നു വിചാരിക്കുന്ന കർഷകരുമുണ്ട്. ജില്ലയിൽ ഏറ്റവും ആദ്യം കൊയ്ത്ത് ആരംഭിക്കുന്ന പനമരം പഞ്ചായത്തിലെ ചീരവയൽ പാടശേഖരത്തിൽ വാഴപ്പറമ്പിൽ ബിനു സഹോദരൻ ബിനീഷ് എന്നിവർ കൊയ്ത്തിനായി തൊഴിലാളികളെ വിളിച്ചെങ്കിലും 2 പേരാണ് എത്തിയത്.

തൊഴിലാളികളില്ലാതെ കൊയ്ത്ത് മുടങ്ങുമെന്ന അവസ്ഥ വന്നതോടെ കെട്ടിടം നിർമാണം നടക്കുന്ന സ്ഥലത്ത് നിന്ന് അഥിതിത്തൊഴിലാളികളായ പുരുഷന്മാരെ എത്തിച്ചാണ് കൊയ്ത്തു നടത്തിയത്. ഇവർക്ക് നൽകുന്ന കൂലി കൂടുതലായതിനാൽ കൊയ്തെടുത്ത നെല്ല് വിറ്റാൽ മുടക്കുമുതൽ പോലും ലഭിക്കില്ല. തൊഴിലാളി ക്ഷാമം പരിഹരിക്കാനോ ആവശ്യത്തിന് കൊയ്ത്ത് മെതിയന്ത്രങ്ങൾ ലഭ്യമാക്കുന്നതിനും നടപടിയില്ലാത്തതാണു പരമ്പരാഗത നെൽക്കർഷകർക്ക് തിരിച്ചടിയാകുന്നത്.

കർഷകരെ സർക്കാർ സഹായിക്കണം
കാലംതെറ്റിയ മഴ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഒരേക്കർ സ്ഥലത്ത നെൽക്കൃഷി മഴ മൂലം നശിച്ചു. നനഞ്ഞുകുതിർന്ന നെല്ല് മെതിച്ചെടുക്കാനും പ്രയാസം. ബാങ്കിൽനിന്നു വായ്പയെടുത്താണു കൃഷി തുടങ്ങിയത്. 25,000 രൂപയുടെ നഷ്ടമുണ്ട്. കർഷകരെ സഹായിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണം
ജോസ് കൊച്ചുമല, പുളച്ചാൽ, കല്ലോടി

തൊഴിലാളികളെ കിട്ടാനില്ല
കാലം തെറ്റിയുള്ള മഴയും തൊഴിലാളി ക്ഷാമവും നെൽക്കർഷകന്റെ നട്ടെല്ലു തകർക്കുന്നു. വന്യമൃഗങ്ങളോടും മറ്റും പടവെട്ടി ഏറെ കഷ്ടപ്പെട്ട് കൃഷിയിറക്കിയ നെല്ല് വിളവെടുക്കാറായപ്പോൾ തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. കൊയ്ത്തുപോലുള്ള തൊഴിലിനു ഇറങ്ങാൻ തൊഴിലാളികൾ മടിക്കുന്നതാണു കാരണം. യന്ത്രങ്ങളിറങ്ങാത്ത വയലുകളുള്ളവരാണ് ഏറെ ദുരിതത്തിലാകുന്നത്. തൊഴിലാളി ക്ഷാമം മൂലം പലപ്പോഴും ഉടമകൾ തന്നെ കൊയ്ത്തിനായി ഇറങ്ങേണ്ട അവസ്ഥയാണ് പലയിടത്തുമുള്ളത്.
പി.എം അഗസ്റ്റിൻ പന്നിക്കോട്ട് കയ്യാലമുക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com