വയനാട്ടിൽ ജപ്തി ഊർജിതമാക്കാൻ നിർദേശം; കാര്‍ഷിക വായ്പ കുടിശിക: വയനാട് ഒന്നാം സ്ഥാനത്ത്

Wayanad News
SHARE

പുൽപള്ളി ∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാർഷിക വായ്പ കുടിശികയുള്ള വയനാട്ടിൽ ജപ്തി ഊർജിതമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം. റവന്യു റിക്കവറിയിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് വയനാട്. സർക്കാരിന്റെ ധനകമ്മിയും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കുന്നതിന്റെ ഭാഗമായി നികുതിയടക്കമുള്ള എല്ലാ കുടിശികകളും ഉടൻ പിരിച്ചെടുക്കാൻ റവന്യു ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശമാണു മേലുദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്നത്. ഓരോ മാസത്തെയും അവലോകന യോഗത്തില്‍ വില്ലേജ് തലം മുതലുള്ള കണക്കുകള്‍ വിലയിരുത്തുന്നുണ്ട്. ജപ്തി ഭീഷണിയില്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തില്‍ പിരിവിനിറങ്ങാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരില്‍ പലരും.

വിവിധ സർക്കാർ നികുതികൾ, കെഎസ്എഫ്ഇ, ബാങ്ക്, പിന്നാക്ക വികസന കോർപറേഷൻ വായ്പകളാണ് കൂടുതലായുള്ളത്. ന്യൂനപക്ഷങ്ങളടക്കം സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കു പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ധാരാളം വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ വിവിധ സ്വകാര്യ, ദേശസാല്‍കൃത ബാങ്കുകളുടെ കോടികളാണു കുടിശികയായത്. ബത്തേരി താലൂക്കില്‍ മാത്രം 2,000 ല്‍പരം ജപ്തി കേസുകളുണ്ട്. ഇതില്‍ കൂടുതലും കൃഷിമേഖലയായ പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലാണ്. വിദ്യാഭ്യാസ, ഭവന നിര്‍മാണ വായ്പകളും കെഎസ്എഫ്ഇ ചിട്ടി ബാധ്യതകളും വലിയ തോതിലുണ്ട്.

പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക വികസന ബാങ്കുകള്‍, അര്‍ബന്‍ സംഘങ്ങള്‍ എന്നിവയിലൂടെയുള്ള നൂറുകണക്കിനു വായ്പകളും ജപ്തിയിലെത്തി. ജപ്തിക്ക് പുറമേ ചില ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ഫാസി നിയമ പ്രകാരം ഭൂമി കൈവശപ്പെടുത്തുന്നുണ്ട്. സഹകരണ ആര്‍ബിട്രേഷന്‍ വഴിയുള്ള റിക്കവറിയും നാട്ടില്‍ സജീവമാണ്. കോവിഡിനെ തുടര്‍ന്നു നിര്‍ത്തി വച്ച ജപ്തികള്‍ കൂട്ടത്തോടെ കര്‍ഷകരെ തേടിയെത്തുന്നു. 

വായ്പ തിരിച്ചടവിന് നല്‍കിയ മൊറട്ടോറിയം കാലാവധിയും കഴിഞ്ഞു. രണ്ടുവര്‍ഷത്തെ മൊറട്ടോറിയം വായ്പക്കാരെ കൂടുതല്‍ കടക്കെണിയിലാക്കി. ഈ കാലയളവില്‍ അവരുടെ പലിശ പലയിരട്ടിയായി കുന്നുകൂടി.കോവിഡ് മാന്ദ്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വ മേഖലയ്ക്കും ഇളവുകളും സഹായവും നല്‍കിയെങ്കിലും കൃഷിമേഖലയ്ക്ക് ഒരു സഹായവും നല്‍കിയില്ല. കടക്കെണിയിലായ കര്‍ഷകര്‍ക്ക് സ്ഥലം വിറ്റ് കടം വീട്ടാനും കഴിയുന്നില്ല. സാമ്പത്തിക മാന്ദ്യം മൂലം കൃഷിഭൂമി വാങ്ങാനാളില്ല. കര്‍ഷകരില്‍ പലരും കൃഷിയെ കൈവിട്ടു. തോട്ടങ്ങള്‍ കാടുമൂടി വന്യമൃഗങ്ങളുടെ താവളമായി. കാര്‍ഷിക തകര്‍ച്ചയും കടക്കെണിയും ചെറുകിട കര്‍ഷകരെ വേട്ടയാടുന്നു. ഇതിനു പുറമേയാണിപ്പോള്‍ ജപ്തിയും വലക്കുരുക്കുന്നത്.

സർഫാസിയും ജപ്തിയും പ്രതിരോധിക്കും:ഐക്യ കർഷക സമരസമിതി

കാർഷിക തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന വയനാട്ടിൽ വർധിച്ചുവരുന്ന ജപ്തിയും സർഫാസി പ്രകാരമുള്ള കൈവശപ്പെടുത്തലും ജനകീയമായി നേരിടാന്‍ ഇടതു കര്‍ഷക സംഘടനകള്‍ രൂപം നല്‍കിയ ഐക്യ കർഷക സമര സമിതി തീരുമാനിച്ചു. ധനകാര്യ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്ന സർഫാസി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം. കർഷക വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ബാങ്കുകളുടെ ജപ്തി അവസാനിപ്പിക്കണം.

ജപ്തിയുടെ പേരിൽ ഉദ്യോഗസ്ഥർ ഒരു കർഷകന്റെ വീട്ടിലുമെത്താൻ പാടില്ലെന്നും സമിതി ആവശ്യപ്പെട്ടു. കടക്കെണിയിലായ ചെറുകിട–നാമമാത്ര കർഷകരിൽ ആത്മവിശ്വാസമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സമിതി വില്ലേജ് തലത്തിൽ സമിതിയുണ്ടാക്കുന്നുണ്ട്. ജപ്തിക്കെത്തുന്നവരെ ഈ സമിതികൾ പ്രാദേശികമായി പ്രതിരോധിക്കും.

കർഷക ആത്മഹത്യകളെ പ്രതിരോധിക്കാനും കൃഷിക്കാർക്കു കരുത്ത് നൽകാനുമാണ് എല്ലായിടത്തും കൂട്ടായ്മകളുണ്ടാക്കുന്നത്. കർഷക ആത്മഹത്യ വ്യാപകമായുണ്ടായ പുൽപള്ളി മേഖലയിലാണ് ആദ്യഘട്ടത്തിൽ വില്ലേജ് തല സമിതികളുണ്ടാക്കുന്നത്. ഇരുളത്തെ അഭിഭാഷകൻ ടോമിയുടെ കുടിശിക വായ്പ വസൂലാക്കാൻ കൊച്ചിയിലെ ഡെബിറ്റ് ട്രൈബ്യൂണലില്‍ ബാങ്ക് തന്നെ കേസ് ഫയല്‍ ചെയ്തിരുന്നു. വരുന്ന ജൂലൈ 22നാണു വിധി പറയുന്നത്. ഇതെല്ലാം മറച്ചുവച്ചാണ് പിന്നീട് ജില്ലാ കോടതില്‍ നിന്ന് ബാങ്ക് അനുകൂല വിധി നേടി ജപ്തിക്കിറങ്ങിയത്. റിക്കവറി കമ്മിഷന്‍ തട്ടാനാണ് ചില ഉദ്യോഗസ്ഥര്‍ ഇതിലൂടെ ശ്രമിച്ചതെന്നും സമിതി ആരോപിച്ചു.

ടോമിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും കടാശ്വാസവും നല്‍കും വരെ പുല്‍പള്ളിയിലെ സമരം തുടരാനും തീരുമാനിച്ചു. ബന്ധപ്പെട്ടവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് വേഗത്തില്‍ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു. ടി.ബി.സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.ജി.സുകുമാരന്‍, എ.വി.ജയന്‍, ബെന്നി കുറുമ്പാലക്കാട്ട്, പ്രകാശ് ഗഗാറിന്‍ എന്നിവര്‍ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA