നിരീക്ഷണ ക്യാമറകൾക്കു നടുവിൽ മന്തൊണ്ടിക്കുന്നിലെ വീട്; ഷാബാ ഷരീഫ് കൊലക്കേസിൽ പ്രതികളുടെ എണ്ണം കൂടും

     ഷാബാ ഷരീഫ് കൊലക്കേസിലെ തെളിവെടുപ്പിനായി ഷൈബിൻ അഷ്റഫിനെ ബത്തേരി പുത്തൻകുന്നിലുള്ള വീട്ടിലേക്ക് എത്തിക്കുന്നു. നാട്ടുകാർ ഒട്ടേറെപ്പേർ കാത്തുനിന്നെങ്കിലും ഗേറ്റിന്  അകത്തേക്ക് ആരെയും കടത്തിവിട്ടില്ല.
ഷാബാ ഷരീഫ് കൊലക്കേസിലെ തെളിവെടുപ്പിനായി ഷൈബിൻ അഷ്റഫിനെ ബത്തേരി പുത്തൻകുന്നിലുള്ള വീട്ടിലേക്ക് എത്തിക്കുന്നു. നാട്ടുകാർ ഒട്ടേറെപ്പേർ കാത്തുനിന്നെങ്കിലും ഗേറ്റിന് അകത്തേക്ക് ആരെയും കടത്തിവിട്ടില്ല.
SHARE

ബത്തേരി∙ മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷരീഫ് നിലമ്പൂരിൽ കൊല്ലപ്പെട്ട കേസിൽ ഇതുവരെ അറസ്റ്റിലായ ഷൈബിൻ അഷ്റഫ്, ബത്തേരി തങ്ങളകത്ത് നൗഷാദ്, ഷൈബിന്റെ ഡ്രൈവർ നിഷാദ്, മാനേജർ ഷിഹാബുദ്ദീൻ എന്നിവർ മാത്രമല്ല പ്രതികളെന്നും എണ്ണം രണ്ടക്കം കടക്കുമെന്നും തെളിവെടുപ്പിനായി ബത്തേരിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ നിലമ്പൂ‍ർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു.

 ഷൈബിൻ അഷ്റഫിന്റെ മന്തൊണ്ടിക്കുന്നിലെ വീട്. ഷൈബിനെ തെളിവെടുപ്പിന് എത്തിച്ച പൊലീസ്  വാഹനം മുറ്റത്ത്. 							ചിത്രം: മനോരമ
ഷൈബിൻ അഷ്റഫിന്റെ മന്തൊണ്ടിക്കുന്നിലെ വീട്. ഷൈബിനെ തെളിവെടുപ്പിന് എത്തിച്ച പൊലീസ് വാഹനം മുറ്റത്ത്. ചിത്രം: മനോരമ

വൈദ്യൻ താമസിച്ചിരുന്ന മൈസൂരു വസന്തനഗർ ബോഗാഡിയിലുള്ള വീട്, വൈദ്യനെ താമസിപ്പിച്ചുവെന്നു പറയുന്ന മൈസൂരുവിലെ ലോഡ്ജ്, തമിഴ്നാട്ടിലെ ചില സ്ഥലങ്ങൾ എന്നിവിടങ്ങളിലും പ്രതികളെ തെളിവെടുപ്പിന് എത്തിക്കുമെന്നാണു വിവരം. ബത്തേരിയിൽ ഷൈബിൻ അഷ്റഫും കൂട്ടാളികളും താമസിച്ചിരുന്ന വീടുകളിലും ഷൈബിന്റ നി‍ർമാണത്തിലിരിക്കുന്ന വീട്ടിലും പരിശോധന നടത്താനാണ് ഇന്നലെ ഷൈബിനും ഷിഹാബുദ്ദീനുമായി നിലമ്പൂർ പൊലീസ് സംഘം ബത്തേരിയിലെത്തിയത്.

തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ ഇരുവരെയും മുഖംമൂടി അണിയിച്ചാണ് പൊലീസ് കൊണ്ടു വന്നത്. നിലമ്പൂരിൽ നിന്നു തമിഴ്നാട്ടിലെ നാടുകാണി, ദേവാല, താളൂർ വഴിയാണ് അന്വേഷണ സംഘം എത്തിയത്. രാവിലെ പത്തരയോടെ ഷൈബിന്റ ബത്തേരി മന്തൊണ്ടിക്കുന്നിലുള്ള വീട്ടിലെത്തി.

നിരീക്ഷണ ക്യാമറകൾക്കു നടുവിൽ മന്തൊണ്ടിക്കുന്നിലെ വീട്

10 വർഷം മുൻപ് ഷൈബിൻ വാങ്ങിയ വീടാണ് ഇത്. ഇവിടെയാണ് നൗഷാദ് അടക്കമുള്ള ഷൈബിന്റെ ഏറ്റവും വിശ്വസ്ഥരായ ജോലിക്കാർ ഒത്തുകൂടിയിരുന്നത്. ഷൈബിന് ബത്തേരി മാനിക്കുനിയിൽ മറ്റൊരു വീട് ഉണ്ടായിരുന്നെങ്കിലും കുടുംബത്തെ അവിടെയും ജോലിക്കാരെ ഇവിടെയുമാണ് താമസിപ്പിച്ചിരുന്നത്. 

ദേശീയപാതയോരത്ത് ടൗണിനോടു ചേർന്ന് 55 സെന്റിലാണു വീട്. കുറഞ്ഞത് 8 കോടിയിലധികം രൂപ മതിപ്പുവിലയുള്ള സ്ഥലമാണിത്. വീടിന് പുറത്തു മാത്രം 15 നിരീക്ഷണ ക്യാമറകളുണ്ട്. വീടിനകത്താണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഷൈബിന്റെ മാനേജരായ ഷിഹാബുദ്ദീന്റെ ബത്തേരിയിലെ വീട്ടിലുണ്ടായിരുന്ന താക്കോൽ എത്തിച്ചാണ് വീടും ഗേറ്റും തുറന്നത്. വീടിന്റെ ടെറസിൽ നിന്നു കത്തിയടക്കമുള്ള നിർണായക തെളിവുകൾ ലഭിച്ചെന്നാണു വിവരം. ഷൈബിനെ പരിചയമുള്ളവരും അല്ലാത്തവരുമായി ഒട്ടേറെപ്പേർ തെളിവെടുപ്പിനിടെ സ്ഥലത്തെത്തി.

രാവിലെ പത്തരയ്ക്കു തുടങ്ങിയ പരിശോധന ഒന്നരയായപ്പോഴേക്കും ഷൈബിനും ഷിഹാബുദ്ദീനും ഭക്ഷണമെത്തിച്ചു നൽകി. വിവിധ മരുന്നുകളും ഷൈബിന് കഴിക്കാനുണ്ടായിരുന്നു. അയൽ വീടുകളിലും പൊലീസുകാരെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഷാബാ ഷരീഫിനെ മൈസൂരുവിൽ നിന്നു കൊണ്ടുവരും വഴി ഈ വീട്ടിൽ എത്തിച്ചിരുന്നോ എന്നു താമസിപ്പിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉച്ചയ്ക്കു രണ്ടരയോടെയാണ് ഇവിടത്തെ തെളിവെടുപ്പ് കഴി‍ഞ്ഞത്.

പുത്തൻകുന്നിൽ രണ്ടിടത്ത് തെളിവെടുപ്പ്

പുത്തൻകുന്ന് കോടതിപ്പടിയിൽ ഷൈബിൻ വാങ്ങിയ കെട്ടിടത്തിലാണ് ഉച്ച കഴിഞ്ഞ് ആദ്യ പരിശോധന നടത്തിയത്. കോടതിപ്പടിയിൽ വാഹനം നിർത്തി ഷിഹാബുദ്ദീനെ മാത്രമാണു പുറത്തിറക്കിയത്. കോഴിക്കട പ്രവർത്തിച്ചിരുന്ന സ്ഥലത്തെത്തിച്ച് പൊലീസ് ചില കാര്യങ്ങൾ തിരക്കി. ഇറച്ചി വെട്ടുന്ന കത്തിയും മരത്തടിയും സംബന്ധിച്ചായിരുന്നു ചോദ്യം. മരത്തടിയും പൊലീസ് പരിശോധിച്ചു. 

 മൂന്നു മണിയോടെ ഷൈബിന്റെ നിർമാണത്തിലിരിക്കുന്ന ആഡംബര വസതിയിലെത്തി. അവിടെ നാട്ടുകാർ കൂട്ടത്തോടെയെത്തി. ഗേറ്റിനുള്ളിലേക്ക് ആരെയും കടത്തിവിട്ടില്ല. മുക്കാൽ മണിക്കൂറോളം അവിടെയും തെളിവെടുപ്പ് നീണ്ടു. കേസുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങൾ അവിടെ നിന്നു ലഭിച്ചതായി  ഉദ്യോഗസ്ഥർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA