ADVERTISEMENT

ബത്തേരി ∙ ഗോത്ര ജനവിഭാഗം ഏറെയുള്ള വയനാടിന്റെ ആരോഗ്യ രംഗത്ത് സർക്കാർ സവിശേഷ ശ്രദ്ധ ചെലുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എല്ലാ ടെസ്റ്റുകളും നടത്താൻ പാകത്തിലുള്ള ലാബ് ആയി ബത്തേരി താലൂക്ക് ആശുപത്രിയെ മാറ്റും. സംസ്ഥാനത്തൊട്ടാകെ ഇതു നടപ്പാക്കും. ആവശ്യമായ തസ്തികകൾ സൃഷ്ടിച്ചു നിയമനം നടത്തും. മാറ്റം വരുത്തിയ രൂപരേഖകളോടെ വയനാട് മെഡിക്കൽ കോളജ് വേഗത്തിൽ പൂർത്തിയാക്കും.

എല്ലാ ആശുപത്രികളിലും നേരിട്ടെത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും താലൂക്ക്, ജനറൽ. ജില്ലാ ആശുപത്രികളെ സ്പെഷ്യൽറ്റി ആശുപത്രികളായും മെഡിക്കൽ കോളജുകളെ സൂപ്പർ സ്പെഷ്യൽറ്റി കേന്ദ്രങ്ങളാക്കിയും മാറ്റുകയാണ് ലക്ഷ്യം. 45 ലക്ഷം രൂപ ചെലവും വരുന്ന കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ മെഡിക്കൽ കോളജുകളിൽ സൗജന്യമായി ചെയ്തു തുടങ്ങിയിട്ടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ കാത്‌ലാബ് സ്ഥാപിച്ചു വിദഗ്ധ ഹൃദ്രോഗ ചികിത്സ ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് 1 കോടി രൂപ ചെലവിൽ നിർമിച്ച ട്രീറ്റ്മെന്റ് പ്ലാന്റിൽ 1,45,000 ലീറ്റർ മലിനവെള്ളം ശുദ്ധീകരിക്കാനാകും. 

ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട നിവേദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ മന്ത്രിക്ക് കൈമാറി. നഗരസഭ അധ്യക്ഷൻ ടി.കെ. രമേഷ്, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, സ്ഥിരം സമിതി അധ്യക്ഷരായ അനീഷ്. ബി. നായർ, ലത ശശി, എടക്കൽ മോഹനൻ, ഡിഎംഒ ഡോ. കെ. സക്കീന, ഡിപിഎം ഡോ. സമീഹ സെയ്തലവി, ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ബി.െക.ശ്രീലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് എസ്. സേതുലക്ഷ്മി, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു. 

അരിവാൾ രോഗപരിശോധനവ്യാപകമാക്കും

ബത്തേരി ∙ അരിവാൾ രോഗം കണ്ടെത്തുന്നതിനു ചികിത്സ നൽകുന്നതിനുമായി പരിശോധനാ ടെസ്റ്റുകൾ നടത്തുമെന്നു മന്ത്രി വീണ പറഞ്ഞു. ഇതുവരെ ഒരാളിൽ മാത്രമാണ് രോഗം പുതുതായി കണ്ടെത്തിയത്.18  പേരിൽ സാധ്യതയുണ്ടെന്നും കണ്ടിട്ടുണ്ട്. 3 മുതൽ 18 വയസ്സു വരെയുള്ളവരിൽ അതത് പ്രദേശങ്ങളിലെ അങ്കണവാടികൾ കേന്ദ്രീകരിച്ച് സ്ക്രീനിങ് ടെസ്റ്റുകൾ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com