ADVERTISEMENT

കൽപറ്റ ∙ വയനാട്ടിൽ രൂപപ്പെടുന്ന കാലാവസ്ഥ പ്രവണതകളിലേക്കു വിരൽചൂണ്ടുന്ന ജനകീയ കാലാവസ്ഥ വിശകലന സംവിധാനവുമായി ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽ‌ഡ് ലൈഫ് ബയോളജി. 2018ൽ ജില്ലയെ നടുക്കിയ പ്രളയവും ഉരുൾപൊട്ടലും മാപ് ചെയ്താണ് ജനകീയ കാലാവസ്ഥ വിശകലന സംവിധാനത്തിനു തുടക്കമിട്ടത്. ഉരുൾപൊട്ടലിന്റെ തീവ്രതയ്ക്കനുസരിച്ച് ജില്ലയെ 3 ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളായി തരംതിരിച്ച് ഭൂപടം നിർമിച്ചു. തീവ്ര മഴയാണു വലിയ ദുരന്തങ്ങൾ വിതച്ച മണ്ണിടിച്ചിലുകളുടെ കാരണമെന്നു കണ്ടെത്തി. 

ഇതിന്റെ അടിസ്ഥാനത്തിൽ മഴയുടെ തീവ്രത മനസ്സിലാക്കുന്നതിനു കർഷകരെയും പ്ലാന്റർമാരെയും ഉൾപ്പെടുത്തി ജനകീയ ശാസ്ത്ര പരിപാടി സംഘടിപ്പിച്ചു. തുടർന്നാണു കാലാവസ്ഥാ പഠനത്തിനു തുടക്കമിട്ടത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്) എന്നിവയുടെ സഹകരണവും ഹ്യൂം സെന്ററിനുണ്ട്. 

ഗ്രിഡുകളായി തിരിച്ചു പഠനം

ജില്ലയെ 25 ചതുരശ്ര കിലോമീറ്റർ വീതമുള്ള 108 ഗ്രിഡുകളായി തിരിക്കുകയും ഓരോ ഗ്രിഡിലെയും മഴയുടെ അളവ് കണ്ടെത്തുകയും ചെയ്യുന്ന രീതിയാണു കാലാവസ്ഥ പഠനത്തിനു അവലംബിച്ചത്. എല്ലാ ഗ്രിഡുകളിലും സ്ഥാപിച്ച മഴമാപിനിയിലെ വിവരങ്ങൾ കർഷകർ ദിവസവും രാവിലെ 8നു ശേഖരിക്കുകയും സെന്ററിന്റെ വാട്സാപ് ഗ്രൂപ്പിൽ പങ്കുവയ്ക്കും.കുസാറ്റിൽ നിന്നു ലഭിക്കുന്ന കാലാവസ്ഥാ പ്രവചനത്തെ ഓരോ ഗ്രിഡിലും സ്ഥാപിച്ച മഴമാപിനിയിൽ നിന്നു ശേഖരിക്കുന്ന മഴയുടെ അളവുമായി താരതമ്യം ചെയ്യുകയും ദിനംപ്രതിയുള്ള കാലാവസ്ഥ വിവരങ്ങൾ സംപ്രേഷണം ചെയ്യുകയുമാണ് ജനകീയ സംവിധാനത്തിലൂടെ നിലവിൽ ചെയ്യുന്നത്.  

ജില്ലാ തലത്തിൽ ശേഖരിക്കുന്ന കാലാവസ്ഥ വിവരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്കുള്ള മുന്നറിയിപ്പിനായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. കാലാവസ്ഥയെ സംബന്ധിച്ച സൂക്ഷ്മമായ വിവരം മഴയുടെ ഘടന മാറുന്നതിനനുസരിച്ച് കൃഷിരീതികൾ ആസൂത്രണം ചെയ്യുന്നതിൽ കർഷകർക്കും സഹായകമാകുന്നുണ്ട്. 

കൂടുതൽ മഴ ചെമ്പ്ര മേഖലയിൽ

120 ഗ്രിഡുകളിൽ നിന്നായി ശേഖരിച്ച വിവരങ്ങൾ പ്രകാരം ജില്ലയിൽ പടിഞ്ഞാറു നിന്നു കിഴക്കൻ പ്രദേശങ്ങളിലേക്കാണു മഴ പെയ്യുന്നതെന്നാണു സൂചിപ്പിക്കുന്നത്. ചെമ്പ്ര, വെള്ളരിമല, എളമ്പിലേരി, കുറിച്യർമല, ബാണാസുര മല, തൊണ്ടർനാട്, നിരവിൽപുഴ തുടങ്ങിയ മേഖലകളിലാണു കൂടുതൽ മഴ ലഭിക്കുന്നത്. ജില്ലയുടെ തെക്കുഭാഗത്തുള്ള ചെമ്പ്ര മലയിൽ 2021 ജൂൺ മുതൽ 2022 മേയ് വരെ 4,612 മില്ലി മീറ്റർ മഴ ലഭിച്ചു. എന്നാൽ, കിഴക്കുഭാഗത്തെ കല്ലൂരിൽ 1234 മില്ലിമീറ്റർ മഴയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. 

ഇത്തരത്തിൽ ലഭ്യമായ മഴയളവുകൾ അടിസ്ഥാനപ്പെടുത്തി വയനാടിനെ 4 വ്യത്യസ്ത മഴമേഖലകളായി തിരിച്ചിട്ടുണ്ട്. ഈ വർഷം മെച്ചപ്പെട്ട വേനൽമഴ ജില്ലയിൽ ലഭിച്ചുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ മഴ മടക്കിമലയിലാണു ലഭിച്ചത്. മാർച്ച് മുതൽ മേയ് വരെ 600 മില്ലിമീറ്റർ മഴ ഇവിടെ പെയ്തു. ഏറ്റവും കുറവ് ബത്തേരി പഴേരിയിലാണ്–134 മില്ലിമീറ്റർ. ശരാശരി 405 മില്ലിമീറ്റർ വേനൽ മഴയാണ് ജില്ലയിൽ പെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com