കാടിനു നടുവിൽ മണൽവയൽ; വീടും കൃഷിയിടങ്ങളും തകർത്ത് ഉറക്കം കെടുത്തി കാട്ടാനകൾ

മണൽവയൽ കോളനിയിലെ മീനാക്ഷിയുടെ വീടിന്റെ ഇളം തിണ്ണയും പ്ലാസ്റ്റിക് ഷീറ്റും കാട്ടാന തകർത്ത നിലയിൽ.
മണൽവയൽ കോളനിയിലെ മീനാക്ഷിയുടെ വീടിന്റെ ഇളം തിണ്ണയും പ്ലാസ്റ്റിക് ഷീറ്റും കാട്ടാന തകർത്ത നിലയിൽ.
SHARE

പനമരം ∙ പൂതാടി പഞ്ചായത്തിലെ വനഗ്രാമമായ മണൽവയലിൽ വീടും കൃഷിയിടങ്ങളും തകർത്ത് കാട്ടാന കോളനിവാസികളുടെ ഉറക്കം കെടുത്തുന്നു. നേരം ഇരുട്ടിക്കഴിഞ്ഞാൽ കാട്ടാന ശല്യം മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് മണൽവയൽ പ്രദേശവാസികൾക്കുള്ളത്.വനത്തിനുള്ളിലെ വന്യമൃഗ സംഘർഷഭൂമിയിൽ നിന്നു തങ്ങളെക്കൂടി കുടിയിറക്കണമെന്ന ആവശ്യവുമായി രംഗത്തുള്ള മണൽവയൽ വനഗ്രാമത്തിലെ പട്ടികവർഗ വിഭാഗമാണു കാട്ടാനയുടെ താണ്ഡവത്തിൽ പകച്ചു നിൽക്കുന്നത്.

കഴിഞ്ഞ ദിവസം കോളനിയിലിറങ്ങിയ ഒറ്റയാൻ, ഒറ്റപ്പെട്ടു കഴിയുന്ന മീനാക്ഷിയുടെ വീടിന്റെ ഇളംതിണ്ണയും വീടിനോട് ചേർത്ത് കെട്ടിയ ഷീറ്റുകളും തകർത്തു. കൂടാതെ മുറ്റത്ത് ഉണക്കാനിട്ടിരുന്ന തുണികൾ മുഴുവൻ നശിപ്പിക്കുകയും ചെയ്തു. ഇതിനു പുറമേ കോളനിയിലെ 7 കുടുംബങ്ങളുടെ കമുക് അടക്കമുള്ള കൃഷികൾ നശിപ്പിക്കുകയും നടവഴികളും നടപ്പാലവും തകർക്കുകയും ചെയ്തു.

4 വശവും വനത്താൽ ചുറ്റപ്പെട്ട ഇവിടെയുള്ള ജനറൽ വിഭാഗത്തിനെ സംസ്ഥാനാവിഷ്‌കൃത സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവാസത്തിനായുള്ള നടപടി സ്വീകരിച്ച പോലെ തങ്ങളെക്കൂടി വനത്തിനുള്ളിൽ നിന്നും പുറത്തിറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണു വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ മണൽവയലിലെ പട്ടികവർഗ വിഭാഗം ആവശ്യപ്പെടുന്നത്.സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയത്ത് റേഞ്ചിൽ നെയ്ക്കുപ്പ സെക്‌ഷൻ പരിധിയിൽ പൂതാടി പഞ്ചായത്ത് ഒന്നാം വാർഡിലാണ് വനത്താൽ ചുറ്റപ്പെട്ട മണൽവയൽ ഗ്രാമമുള്ളത്. 

വനത്തിലൂടെ 2 കിലോമീറ്ററോളം സഞ്ചരിച്ചാലേ പുറംലോകത്തെത്തു. കാട്ടാനയും പന്നിയും അടക്കമുള്ള വന്യജീവികൾ മേച്ചിൽ പുറങ്ങളാക്കിയതോടെ മണൽവയലിൽ ജീവിക്കാൻ കഴിയില്ലെന്നായി. പൊതുവിഭാഗത്തിൽ പെട്ട മുഴുവൻ കുടുംബങ്ങളും പ്രാണഭയത്തിൽ മുൻപ് തന്നെ താമസം മണൽവയലിനു പുറത്തേക്കു മാറ്റിയിരുന്നു. സ്ഥലം ഒഴിഞ്ഞു പോയ പലരുടെയും വീടുകൾ കാട്ടാന തകർത്തതിനു പുറമേയാണ് ഇപ്പോൾ ആൾത്താമസമുള്ള വീടുകളും കാട്ടാന തകർക്കുന്നത്.കാട്ടുനായ്ക്ക, പണിയ വിഭാഗത്തിൽപെട്ട മുപ്പതോളം കുടുംബങ്ങളാണ് ഇപ്പോൾ ഇവിടെയുള്ളത്. മണൽവയൽ വനഗ്രാമത്തെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു പറയാൻ തുടങ്ങിയിട്ടു പതിറ്റാണ്ടുകളായെങ്കിലും ഇതുവരെ നടപടിയില്ലെന്നു മാത്രം. 

വന്യമൃഗശല്യം കൂടിവന്നതോടെ ഗ്രാമത്തിൽ തുടർന്നു ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വനത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്ന വഴിയിൽ പകലും കാട്ടാനക്കൂട്ടം തമ്പടിക്കുന്നതിനാൽ പലർക്കും തൊഴിലന്വേഷിച്ച് എല്ലാ ദിവസവും കാടുകടന്ന് ഗ്രാമത്തിനു പുറത്തു പോകാനോ കുട്ടികളെ സ്കൂളിൽ എത്തിക്കാനോ കഴിയുന്നില്ല. മാസങ്ങൾക്ക് മുൻപ് ഇവർ സഞ്ചരിക്കുന്ന പാതയോരത്തിനു സമീപം വച്ചാണ് വിറകു ശേഖരിക്കാൻ പോയ വീട്ടമ്മയെ കാട്ടാന കൊന്നത്.നേരം പുലർന്നു പലരും കണികാണുന്നതു വീട്ടുമുറ്റത്തു നിൽക്കുന്ന കാട്ടാനകളെയാണ്. 

ഇത്രയും കാലം വീട്ടുപരിസരത്ത് കാട്ടാനകൾ എത്താറില്ലായിരുന്നു. എന്നാൽ ഇപ്പോൾ വീടിനടുത്തെത്തി വീട് തകർക്കുന്ന അവസ്ഥയാണുള്ളത്. വന്യമൃഗശല്യം മൂലം ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ തങ്ങളെ എത്രയും പെട്ടെന്ന് കാടിനു പുറത്തെത്തിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് മണൽവയൽ വനഗ്രാമത്തിലുള്ളവരുടെ ആവശ്യം. കാട്ടാന വീട് തകർത്തതറിഞ്ഞ് എത്തിയ വനപാലകർ എത്രയും പെട്ടെന്ന് സ്ഥലത്ത് വൈദ്യുതവേലി സ്ഥാപിക്കുമെന്നും കോളനിയിലുള്ളവരെ വനത്തിനു പുറത്ത് എത്തിക്കാനുള്ള നടപടി ഊർജിതമാക്കുമെന്നും ഉറപ്പ് നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA