ADVERTISEMENT

ബത്തേരി∙ ഓടപ്പള്ളത്തു ഗേറ്റ് തകർത്തു വീട്ടുമുറ്റത്തെത്തിയ കാട്ടാനകൾ കൃഷി നശിപ്പിച്ച ശേഷം വേലികൾ തകർത്തു മടങ്ങി. ഓടപ്പള്ളം ഗൗരീശങ്കരം കെ. ഗിരീഷ്കുമാർ, ഉഴുത്തേൽ മധു നടേഷ് എന്നിവരുടെ വീട്ടുമുറ്റത്താണ് ഇന്നലെ പുലർച്ചെ കാട്ടാനയെത്തിയത്. സമീപവാസികളായ മറ്റു പലരുടെയും കൃഷിയിടങ്ങളിലും നാശം വരുത്തി. പ്ലാവും മാവും കുലുക്കി പഴങ്ങൾ അകത്താക്കിയ ശേഷമായിരുന്നു പരാക്രമം.

ഓടപ്പള്ളത്ത് കൃഷിയിടത്തിന് ചുറ്റുമുള്ള വേലി കാട്ടാന തകർത്ത നിലയിൽ
ഓടപ്പള്ളത്ത് കൃഷിയിടത്തിന് ചുറ്റുമുള്ള വേലി കാട്ടാന തകർത്ത നിലയിൽ

സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.എ. കുഞ്ഞുമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോസഫ് നിക്സൻ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. ഓടപ്പള്ളം ഇല്ലിച്ചോടിനു താഴെയുള്ള കൊല്ലിയിൽനിന്നു കൽമതിൽ തകർന്ന ഭാഗത്തു കൂടിയാണ് ആന കൃഷിയിടങ്ങളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും എത്തിയതെന്നു വനപാലകർ പറഞ്ഞു. കൽമതിൽ തകർന്ന ഭാഗത്തു വൈദ്യുത വേലി സ്ഥാപിച്ച് സുരക്ഷയൊരുക്കിയതായും പട്രോളിങ് ശക്തമാക്കുമെന്നും അവർ പറഞ്ഞു.

കാട്ടാനയ്ക്ക് മാമ്പഴക്കാലം 

ഗിരീഷ്കുമാറിന്റെ ഗേറ്റ് തകർത്ത് കാട്ടാന നേരെയെത്തിയത് വീടിനോടു ചേർന്നു നിറയെ കായ്ച്ചു നിൽക്കുന്ന വലിയ മാവിനടുത്തേക്കാണ്. ചുറ്റും കെട്ടിയുയർത്തിയ മാവിൻ തറയിലേക്ക് കയറിയ ആന ഗിരീഷിന്റെയും അയൽക്കാരൻ ബാബുവിന്റെയും മുള്ളുവേലികൾ ആദ്യം തകർത്തു. തുടർന്നു മാവ് ഒട്ടേറെത്തവണ കുലുക്കി.

നിലത്തുവീണ നൂറു കണക്കിനു പഴുത്ത മാങ്ങകൾ അകത്താക്കി. രാവിലെ നോക്കുമ്പോൾ ചാക്കു കണക്കിനു പച്ചമാങ്ങ മാവിൻചുവട്ടിലുണ്ടയിരുന്നു. വീട്ടമുറ്റത്തു നിന്ന് പുറത്തിറങ്ങിയ ശേഷം മറ്റൊരു വേലി തകർത്ത് ഗിരീഷിന്റെ കൃഷിയിടത്തിൽ കയറി. വാഴയും തെങ്ങും നശിപ്പിച്ചു.

ചക്കയും തീർത്തു 

മധുവിന്റെ വീട്ടുമുറ്റത്തെത്തി പ്ലാവുകൾ കുലുക്കി ചക്കകൾ താഴെയിട്ടു. പഴുത്തവ തിന്നു. ഒടുവിൽ വേലികൾ തകർത്തു പുറത്തേക്ക് പോയി. പലയിടത്തും നിറയെ പിണ്ടവും ഇട്ടു. ഒന്നിൽ കൂടുതൽ ആനകളുണ്ടെന്ന തോന്നലുളവാക്കുമെങ്കിലും വന്നത് ഒരാനയാണെന്നാണ് വനപാലകർ പറയുന്നത്. ഇവിടങ്ങളിൽ വല്ലപ്പോഴും കൃഷിയിടങ്ങളുടെ അതിർത്തികളിൽ എത്തിയിരുന്ന കാട്ടാനകളാണ് ഇപ്പോൾ വീട്ടുമുറ്റങ്ങളിലേക്കും വന്നു തുടങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com