ADVERTISEMENT

പുൽപള്ളി ∙ ഒരു ഭാഗത്ത് ആനശല്യത്താൽ വലയുന്ന കർഷകർ മറുഭാഗത്ത് മാൻ ശല്യത്തിലും പൊറുതിമുട്ടുന്നു. വനത്തില്‍ പെരുകിയ മാനുകള്‍ തീറ്റതേടി കൂട്ടത്തോടെ കാടിറങ്ങുകയാണ്. വന്യജീവി സങ്കേതം, ചെതലയം റേഞ്ച് വനപ്രദേശങ്ങള്‍, ബന്ദിപ്പൂര്‍, നാഗര്‍ഹൊള കടുവ സങ്കേതങ്ങള്‍ എന്നിവയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളിലാണു മാനുകള്‍ നാശമുണ്ടാക്കുന്നത്. പച്ചക്കറികള്‍, തീറ്റപ്പുല്ല് എന്നിവ തിന്നുതീര്‍ക്കുന്നു. ആടിനെ പറമ്പില്‍ അഴിച്ചു വിട്ടാലുണ്ടാകുന്നതിന്റെ പലയിരട്ടി നഷ്ടമാണു മാനുകളുണ്ടാക്കുന്നത്.

കഴിഞ്ഞ ദിവസം ചാമപ്പാറയിലെ കൃഷിയിടങ്ങളിലെത്തിയ മാന്‍കൂട്ടം ജാതി മരങ്ങളടക്കം നശിപ്പിച്ചു. ജാതി മരത്തിന്റെ ഇലയും തോലും ഭക്ഷിക്കാന്‍ മരങ്ങളുടെ കൊമ്പുകളൊടിച്ചും തോല്‍കരണ്ടും നശിപ്പിച്ചു. നെടുന്താനത്ത് ആന്റോയുടെ തോട്ടത്തില്‍ ആദായമുള്ള 4 ജാതിമരങ്ങള്‍ മാനുകള്‍ നശിപ്പിച്ചു. അരലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് ആന്റോ പറയുന്നു. 

തൂക്കുവേലിയിലെ വൈദ്യുതി പ്രവാഹം കുറഞ്ഞതാണു കാരണമായി പറയുന്നത്. എന്നാല്‍ പകല്‍ സമയത്തും മാനുകള്‍ കൃഷിയിടങ്ങളിലിറങ്ങുന്നു. കാട്ടുപന്നി ശല്യവും വേണ്ടുവോളമുണ്ട്.

ചെറുവള്ളിയിലും മരകാവിലുംഭീഷണിയായി കാട്ടാനകള്‍

പഞ്ചായത്തിലെ മരകാവ്, ചെറുവള്ളി, വേലിയമ്പം പ്രദേശങ്ങളില്‍ സ്ഥിരമായെത്തുന്ന കാട്ടാനകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. വേലിയമ്പം വനത്തില്‍ നിന്നിറങ്ങുന്ന ആനകള്‍ രാത്രിയോടെ കിലോമീറ്ററുകള്‍ പിന്നിട്ട് കൃഷിയിടങ്ങളിലെത്തും. നേരം പുലര്‍ന്നാണു മടക്കം. കഴിഞ്ഞ ദിവസങ്ങളില്‍ ചെറുവള്ളി മറ്റത്തില്‍ സിബി, വി.എം.ജയചന്ദ്രന്‍, ചെറുവള്ളി ജഗനിവാസന്‍ എന്നിവരുടെ തെങ്ങ്, വാഴ കൃഷികള്‍ ആനക്കൂട്ടം നശിപ്പിച്ചു.

ഒരുമാസമായി തുടരുന്ന ആനശല്യം പരിഹരിക്കാന്‍ വനംവകുപ്പ് തയാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എല്ലാദിവസവും കര്‍ഷകര്‍ ഉറക്കമൊഴിച്ച് കാവലിരിക്കുകയാണ്.

കല്ലുമുക്കിൽ വന്യമൃഗശല്യം രൂക്ഷം

നൂൽപുഴ പഞ്ചായത്തിലെ കല്ലുമുക്ക് പ്രദേശത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നു കൃപ അയൽക്കൂട്ടം ആവശ്യപ്പെട്ടു. ആന, പന്നി, കുരങ്ങ്, പുള്ളിമാൻ എന്നിവ നിത്യേനയെത്തി കൃഷി നശിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാനകൾ കൃഷിയിടത്തിൽ തന്നെയാണ്. തെങ്ങ്, വാഴ, കമുക്, ഇഞ്ചി, നെല്ല് എന്നിവയെല്ലാം വ്യാപകമായി നശിപ്പിക്കുന്നു. 

പരിഹാരമാവശ്യപ്പെട്ട് ക്ലബ് പ്രസി‍ഡന്റ് ഇ. ഉദയകുമാർ, സെക്രട്ടറി വി.ജെ. സ്റ്റനിസ്‌ലാവോസ് എന്നിവർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന് പരാതി നൽകി.ചാമപ്പാറയിൽ മാൻകൂട്ടം നെടുന്താനത്ത് ആന്റോയുടെ ജാതിമരങ്ങളിലൊന്ന് നശിപ്പിച്ച നിലയിൽ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com