ADVERTISEMENT

പുൽപള്ളി ∙ കർണാടകയിലെ കാട്ടുപന്നി ഇറച്ചിയെന്ന വ്യാജേന നാട്ടുപന്നിയിറച്ചി വിൽക്കുന്നതായി പരാതി. മരക്കടവ് ഡിപ്പോ, കബനിഗിരി എന്നിവിടങ്ങളിലാണ് ചില വിരുതന്‍മാര്‍ ആളുകളെ കബളിപ്പിക്കുന്നത്. കര്‍ണാടകയില്‍ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ പിടിക്കാനും കൊല്ലാനും അനുമതിയുണ്ട്. കൃഷിയിടങ്ങളിലും കരിമ്പുതോട്ടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷവുമാണ്. ഈ സ്ഥലങ്ങളില്‍ ഗ്രാമീണര്‍ കാട്ടുപന്നികളെ വേട്ടയാടി വില്‍ക്കുന്ന പതിവുണ്ട്. 

കിലോയ്ക്കു വെറും 50 രൂപയ്ക്കു ലഭിച്ചിരുന്ന കാട്ടുപന്നിയിറച്ചിക്ക് ആവശ്യക്കാരേറിയപ്പോള്‍ 150 രൂപവരെയെത്തി. കർണാടകയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ചന്തകളിലും കാട്ടുപന്നിയിറച്ചി പരസ്യമായി വില്‍ക്കുന്നുമുണ്ട്. അത്തരം മാര്‍ക്കറ്റുകളില്‍ നിന്നെത്തിക്കുന്ന ഇറച്ചിയാണെന്ന പേരിലാണു ഇവിടെ പലയിരട്ടി വിലയ്ക്ക് വില്‍ക്കുന്നത്. ടൗണുകളില്‍ മേഞ്ഞു നടക്കുന്ന നാട്ടുപന്നികളെ ശല്യം വര്‍ധിക്കുമ്പോള്‍ നാട്ടുകാര്‍ തല്ലിക്കൊല്ലാറുണ്ട്. ഇവയുടെ മാംസം അവിടെ ആരും കഴിക്കാറില്ല. 

തുച്ഛമായ വിലയ്ക്ക് ഇതുവാങ്ങി ചാക്കിലാക്കി ബൈക്കുകളിലാണ് കബനിക്കരയിലെത്തിക്കുന്നത്. വീടുകളിലെത്തിച്ച ശേഷം രഹസ്യമായിട്ടാണു വില്‍പന. കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കും അമളി സംഭവിച്ചു. തെരുവിലെ പന്നിയിറച്ചിക്കു കിലോയ്ക്ക് 400 രൂപവരെ നല്‍കിയാണ് പലരും വാങ്ങിയത്. ആഴ്ചയില്‍ പലദിവസങ്ങളിലും കബനി കടത്തി ഇറച്ചിയെത്തിക്കുന്നു. ഇടനിലക്കാര്‍ കൈമാറിയാണ് ഈ തട്ടിപ്പുവ്യാപാരം നടക്കുന്നത്. കര്‍ണാടക വനംവകുപ്പ് ചെക്ക് പോസ്റ്റുകളില്‍ ഇറച്ചി പരിശോധിച്ചാല്‍ നാട്ടുപന്നിയെന്നു പറഞ്ഞാണു സംഘം മുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com