ADVERTISEMENT

കൽപറ്റ ∙ തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങി രണ്ടാഴ്ചയാകുമ്പോൾ വയനാട്ടിൽ 83% മഴക്കുറവ്. ഇക്കാലയളവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴക്കുറവുള്ള ജില്ലയും വയനാടാണ്. കാലവർഷം എത്തിയ ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കാണിത്. കാസർകോട് ജില്ലയിലും 83% മഴക്കുറവുണ്ടെന്നാണു കണക്കെങ്കിലും അവിടെ ഈ കാലയളവിൽ 53.3 മില്ലിമീറ്റർ മഴ ലഭിച്ചു. വയനാട്ടിൽ രണ്ടാഴ്ചയ്ക്കിടെ പെയ്തത് 29.3 മില്ലിമീറ്റർ മഴ മാത്രം. 174.7 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്താണിത്.

പൊതുവേ വരണ്ട കാലാവസ്ഥയുള്ള പാലക്കാട് ജില്ലയിൽ പോലും വയനാടിനെക്കാൾ മഴ കിട്ടി (82% മഴക്കുറവ്). കേരളത്തിൽ അതിഗുരുതരമായ മഴക്കുറവുള്ള 6 ജില്ലകളുടെ പട്ടികയിലാണു വയനാടിന്റെയും സ്ഥാനം. കാലവർഷമെത്തി ആദ്യ ഒരാഴ്ചക്കാലം മഴക്കുറവിൽ പാലക്കാടിനു (79%) പിന്നിൽ രണ്ടാമതായിരുന്നു വയനാടിന്റെ (76%) സ്ഥാനം.

ആശങ്കയിൽ കൃഷിമേഖല

മഴയില്ലെന്നതു മാത്രമല്ല, അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നു വരുന്നതും ജില്ലയുടെ കാലാവസ്ഥയിലുണ്ടായ മാറ്റത്തിന്റെ തെളിവാണ്. വരും ദിവസങ്ങളിലെങ്കിലും നല്ല മഴ ലഭിച്ചില്ലെങ്കിൽ കൃഷി മേഖലയെയും പ്രതികൂലമായി ബാധിക്കും. കാറ്റിലും പേമാരിയിലും കെടുതികൾ ഏറെയുണ്ടായെങ്കിലും വേനൽമഴ നന്നായി പെയ്തതു ജലസേചനത്തെ ബാധിച്ചിരുന്നില്ല. എന്നാൽ, മഴ ഇനിയും വിട്ടു നിന്നാൽ ജലദൗർലഭ്യം ഉണ്ടാകും. അതിനിടെ, ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കുറ‍യുകയാണെങ്കിൽ ഓഗസ്റ്റിൽ പ്രളയമെത്തുമോ എന്ന ആശങ്കയുമുണ്ട്. വയനാട്ടിൽ മഹാപ്രളയമുണ്ടായ 2018ലും 2019ലും തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ആദ്യപകുതി വളരെ ദുർബലമായിരുന്നു.

2018ൽ തെക്കുപടിഞ്ഞാറൻ കാലവർഷം ഒരാഴ്ച പിന്നിട്ടപ്പോൾ വയനാട്ടിൽ 67 ശതമാനമായിരുന്നു മഴക്കുറവ്. 2019 ജൂണിൽ ശരാശരി 311 മില്ലിമീറ്റർ മഴ കിട്ടേണ്ട മാസമായിട്ടും 188 മില്ലിമീറ്റർ മഴ മാത്രമാണു കിട്ടിയത്. സംസ്ഥാനത്തുടനീളം 2018 ജൂണിൽ 45 ശതമാനത്തിന്റെയും ജൂലൈയിൽ 25 ശതമാനവും മഴക്കുറവുണ്ടായി. 

2019 ജൂണിൽ 16% ജൂലൈയിൽ 18 ശതമാനവും കുറഞ്ഞു. അതിന്റെ തുടർച്ചയെന്നോണം 2018 ഓഗസ്റ്റിൽ 96 ശതമാനവും 2019 ഓഗസ്റ്റിൽ 126 ശതമാനവും മഴ കൂടുതലായി പെയ്തു. എന്നാൽ, മഴക്കുറവിന്റെ അടിസ്ഥാനത്തിൽ‌, പ്രളയം വരാനുള്ള സാധ്യത ഇപ്പോഴേ വിലയിരുത്തുന്നത് അശാസ്ത്രീയമാണെന്നാണു കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

വരൾച്ചയോ പ്രളയമോ?

കഴിഞ്ഞവർഷം സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഏറ്റവും കുറ‍ഞ്ഞ അളവിൽ ലഭിച്ചതു വയനാട്ടിലായിരുന്നു. 37% മഴക്കുറവാണ് ഉണ്ടായത്. 2020ൽ ശരാശരി 311 മില്ലീമീറ്റർ മഴ കിട്ടേണ്ട ജൂൺ മാസത്തിൽ 188 മില്ലിമീറ്റർ മാത്രമാണു പെയ്തത്. 2016ലും 2017ലും വയനാട്ടിൽ 59 ശതമാനമായിരുന്നു മഴക്കുറവ്. 24 ശതമാനത്തിൽ കൂടുതൽ മഴ കുറഞ്ഞാൽ ആ പ്രദേശങ്ങൾ പതിയെ വരൾച്ചയിലേക്കു നീങ്ങുമെന്നാണു സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുഡിആർഎം) ലെ വിദഗ്ധരുടെ അഭിപ്രായം.

മഴ കാത്ത് വയനാട്

പ്രളയകാലം മാറ്റിനിർത്തിയാൽ 2017 വരെ തുടർച്ചയായ 20 വർഷത്തോളം വയനാട്ടിൽ മഴ കുറഞ്ഞുവരികയാണ്. വർഷത്തിൽ ശരാശരി 3502 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്, 2016ൽ വയനാട്ടിൽ പെയ്തത് വെറും 1073.8 മില്ലീമിറ്റർ മാത്രമാണ്. വയനാടിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ പെയ്യുന്ന മഴയുടെ അളവിലും വ്യത്യാസമുണ്ട്. 

ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യർമല, മേപ്പാടി, ചെമ്പ്രമല ഭാഗങ്ങളിൽ വർഷത്തിൽ 4000 മില്ലീമീറ്റർ മഴ വരെ ലഭിക്കുമ്പോൾ പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ പെയ്യുന്നതു ശരാശരി 1500 മില്ലീമീറ്റർ മഴ മാത്രമാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ റഡാർ കേന്ദ്രവുമായി ചേർന്ന് വയനാട്ടിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മഴക്കുറവും മഴവിതരണത്തിലുണ്ടാകുന്ന അന്തരവുമുണ്ടാക്കുന്ന കാലാവസ്ഥാവ്യതിയാനം അതിവേഗമുള്ള മരുവൽക്കരണത്തിന്റെ പ്രകടമായ സൂചനയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com