ADVERTISEMENT

സുപ്രീം കോടതിയുടെ പരിസ്ഥിതി ലോല മേഖലാ വിധി നടപ്പാക്കും മുൻപു തന്നെ അത് ജനങ്ങളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. പൊതു എതിർപ്പ് ഇനിയും സുപ്രീം കോടതിയെ അറിയിക്കാനും ഇളവുകൾ നേടാനും അവസരമുണ്ടെന്ന് പറയുമ്പോഴും വിധി കൊണ്ടു വന്ന ആഘാതം പതിയെ പരക്കുകയാണ് നാട്ടിൽ. ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കുന്നതിനുള്ള നടപടികൾ കൈക്കൊളളുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു പറയുമ്പോഴും ആളുകളുടെ ആശങ്ക കുറയുന്നില്ല.

ബത്തേരി ∙ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന സുപ്രീം കോടതി വിധി ഏതു വിധത്തിലാകും നടപ്പാക്കുക എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും സമൂഹത്തിൽ അതിന്റെ കരിനിഴലുകൾ വീണു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും കാർഷിക കടങ്ങളിലും മറ്റും ബാങ്കുകൾ നടപടികൾ ശക്തമാക്കിയിരിക്കുന്ന ഈ സമയത്ത്. ഭൂമി വിറ്റ് കടം വീട്ടണം എന്നു തീരുമാനിച്ചിരുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

സ്ഥലം വാങ്ങുന്നതിന് അഡ്വാൻസ് തുക നൽകിയവർ പിന്നോക്കം മാറുന്നു. ബാങ്കിലെ വായ്പാ കുടിശ്ശിക ഒറ്റത്തവണയായി തീർക്കുന്നതിന് സമ്മതമറിയിച്ച നായ്ക്കെട്ടി സ്വദേശിയായ കർഷകൻ, പറഞ്ഞുറപ്പിച്ചിരുന്ന സ്ഥലംവിൽപന ബഫർ സോണിന്റെ പേരിൽ നടക്കാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. ആധാരം റജിസ്റ്റർ ചെയ്യാനുള്ള നടപടികൾ തുടങ്ങിയ ശേഷമാണ് വാങ്ങാനെത്തിയ ആൾ പൊടുന്നനെ പിൻവാങ്ങിയത്.

ബഫർസോൺ ആശങ്കയിലൊഴിയുന്ന കച്ചവടങ്ങൾ

ബാങ്കിൽ 8 ലക്ഷം രൂപ കടമുള്ള ബത്തേരിയിലെ ഒരു വ്യാപാരിയുടെ വാക്കുകൾ: ടൗണിനോടു ചേർന്ന് ദൊട്ടപ്പൻകുളത്തുള്ള 10 സെന്റ് സ്ഥലം വിറ്റ് കടം വീട്ടാമെന്നാണ് കരുതിയത്. വാങ്ങാൻ ആളെത്തിയതോടെ ബാങ്കിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാൽ ബഫർസോൺ എന്ന ആശങ്ക എത്തിയതോടെ കച്ചവടം നടന്നില്ല. കടം ഇനി എങ്ങനെ വീട്ടുമെന്നും അറിയില്ല. വടക്കാനാട് ഉള്ള രണ്ടേക്കർ സ്ഥലം കച്ചവടം പറഞ്ഞുറപ്പിച്ചിരുന്നെങ്കിലും കോടതി വിധി വന്നതിന്റെ പിറ്റേന്ന് മാറിപ്പോയെന്ന് ബത്തേരി തിരുനെല്ലി കുത്തിവളച്ചേർ ജോർജ് പറയുന്നു.

ബത്തേരി കേന്ദ്രീകരിച്ച് സ്ഥലം വിൽപന കരാർ എഴുതാനെത്തുന്നവരുടെ എണ്ണം സമീപ ദിവസങ്ങളിൽ കുത്തനെ കുറഞ്ഞെന്ന് ആധാരമെഴുത്തുകാരും പറയുന്നു. എന്നാൽ ഡബ്ല്യുസിഎസ് പട്ടയങ്ങളിൽ നിർമാണ നിരോധനമില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി വിധി ഏറെപ്പേർക്ക് ആശ്വാസവുമായിട്ടുണ്ട്. സുപ്രീം കോടതി വിധിയെ സർക്കാർ എതു രീതിയിൽ കൈകാര്യം ചെയ്യും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മനസ്സുവച്ചാൽ പരിഹാരം

രാജ്യത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയാദ്യാനങ്ങൾക്കും മാത്രമാണ് പരിസ്ഥിതി ലോല മേഖല ബാധകം. എന്നാൽ സംസ്ഥാനത്തെ 24 സംരക്ഷിത വനമേഖലകളിൽ പലതും വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവി സങ്കേതത്തിന്റെയോ ദേശീയോദ്യാനത്തിന്റെയോ നടപടിക്രമങ്ങൾ തുടങ്ങുകയോ പൂർത്തീകരിക്കുകയോ ചെയ്ത് അന്തിമ വിജ്ഞാപനം ഇറക്കിയിട്ടില്ല.

വന്യജീവി സങ്കേതങ്ങൾ വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 18 മുതൽ 26 എ വരെയും ദേശീയോദ്യാനങ്ങൾ സെക്‌ഷൻ 35(4) പ്രകാരവും നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് 1991 ലെ ഭേദഗതിയിൽ വ്യക്തമായി പറയുന്നുണ്ട്. കൊട്ടിയൂർ, കരിമ്പുഴ വന്യജീവി സങ്കേതങ്ങൾ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുള്ളൂ.

ആറളം, ചിമ്മിണി, പേപ്പാറ, ശെന്തുരുണി, തട്ടേക്കാട്, ഇടുക്കി എന്നിവയ്ക്കു കൽപിത പദവിയുണ്ട്. അന്തിമവിജ്ഞാപനം ഇറക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ , അതിർ്ത്തികൾ പുനർനിർണയിച്ച് ബഫർസോൺ പ്രതിസന്ധിക്കു ശാശ്വത പരിഹാരം കാണാമെന്ന അഭിപ്രായം ഉയരുന്നുണ്ട്.

വനങ്ങളുടെ സ്ഥിതി ഇങ്ങനെ

നിയമഭേദഗതി വന്ന 1991 ന് ശേഷം രൂപീകരിക്കപ്പെട്ടവയെല്ലാം സെക്‌ഷൻ 18 മുതലുളള നടപടി ക്രമങ്ങൾ തുടങ്ങി വച്ചവയാണ്. എന്നാൽ ഇവ പൂർത്തിയാക്കിയിട്ടുമില്ല. ഇവയെ നിലവിൽ വന്യജീവി സങ്കേതങ്ങളായി നിയമപരമായി പറയാൻ കഴിയില്ല. എന്നാൽ സർക്കാരിന് ഇവയെ എപ്പോൾ വേണമെങ്കിലും 26 എ വരെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വിജ്ഞാപനമിറക്കാം.

ചോളന്നൂർ പീ ഫൗൾ, കുറിഞ്ഞിമല, മംഗളവനം, മലബാർ എന്നിവ എന്നീ വനമേഖലകൾ ഈ ഗണത്തിൽപെടുന്നു. ദേശീയോദ്യാനങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ നിയമം 35(4) പ്രകാരമുള്ള നടപടി ക്രമങ്ങളാണ് പൂർത്തിയാക്കേണ്ടത്. ഇത്തരത്തിൽ പൂർത്തിയാക്കിയത് ഇരവികുളം സൈലന്റ് വാലി എന്നിവയാണ്.

നടപടിക്രമങ്ങൾ തുടങ്ങി വച്ചവ ആനമുടി, മതികെട്ടാൻ ചോല, പാമ്പാടും ചോല എന്നിവയാണ്. സംസ്ഥാനത്തെ രണ്ടു കടുവാ സങ്കേതങ്ങളിൽ പെരിയാർ നടപടിക്രമങ്ങൾ തുടങ്ങി വച്ചിട്ടുണ്ടെങ്കിലും പറമ്പിക്കുളത്തിന്റെ കാര്യം വ്യക്തമല്ല. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ കാര്യവും വ്യക്തമല്ല. നെയ്യാർ,വയനാട് വന്യജീവി സങ്കേതം, പീച്ചി എന്നിവ സംസ്ഥാന വന നിയമപ്രകാരം മാത്രം വന്യജീവി സങ്കേതങ്ങളാക്കിയതാണ്.

എന്നാൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം വന്യജീവി സങ്കേതമാകുന്നതിന് സെക്‌ഷ‍ൻ 18 പ്രകാരമുള്ള നടപടി ക്രമങ്ങൾ തുടങ്ങി വയ്ക്കുക പോലും ചെയ്തിട്ടില്ല. ഇനി ഇവയെ പുതുതായി നോട്ടിഫൈ ചെയ്ത് സെക് ഷൻ 26 എ വരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ വന്യജീവി സങ്കേതം എന്നു പറയാൻ കഴിയൂ. വന്യജീവി സംരക്ഷണ നിയമപ്രകാരം വയനാട് വന്യജീവി സങ്കേതത്തിന്റെ അതിർത്തികളും നിർണയിച്ചിട്ടില്ല.

ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നു
പോൾ മാത്യൂസ് പിആർഒ, കിഫപുതുശേരിൽ വീട്, ബത്തേരി

ബത്തേരിയിലെ ജനങ്ങളുടെ അവകാശങ്ങൾ വനംവകുപ്പ് തുടർച്ചയായി ലംഘിക്കുകയാണ്. വനം വന്യജീവി മന്ത്രാലയത്തിന്റെ 2011 ലെ മാർഗനിർദേശങ്ങൾ പ്രകാരം പരിസ്ഥിതി ലോല മേഖലയുടെ അതിരുകൾ നിശ്ചയിക്കുന്നതിനും നിരോധിതവും നിയന്ത്രിതവുമായ പ്രവർത്തനങ്ങളുടെ പട്ടിക തയാറാക്കുന്നതിനും നഗരസഭയുടെ പങ്കാളിത്തം ആവശ്യമാണ്. പൊതു അഭിപ്രായവും പരിഗണിക്കേണ്ടതാണ്.. ഇതൊന്നും പാലിക്കാതെയാണ് ബത്തേരി പട്ടണത്തിന്റെ പകുതിയിലധികം ഉൾപ്പെടുത്തി 2019 ൽ ബഫർ സോൺ അതിർത്തി നിർണയിക്കുകയും കരട് പ്രസിദ്ധീകരിക്കുകയും ചെയ്തത്.

2011 ലെ മാർഗനിർദേശങ്ങൾക്കു വിഭിന്നമായി 2016-ലെ മലിനീകരണ നിയന്ത്രണ മാർഗനിർദേശങ്ങൾ കൂടി വയനാട് വന്യജീവി സങ്കേതത്തിന്റെ കരടു വിജ്ഞാപനത്തിൽ അനാവശ്യമായി ഉൾപ്പെടുത്തി. ഇതിൽ ആശുപത്രി, ഹോട്ടലുകൾ, ബേക്കറി, പശുത്തൊഴുത്ത്, ഓട്ടോമൊബീൽ റിപ്പയർ ഷോപ്പ് തുടങ്ങിയവയെല്ലാം പെടുത്തി.. പ്രോത്സാഹിപ്പിക്കേണ്ട വിഭാഗത്തിൽ ഉണ്ടായിരുന്ന കൃഷി, തദ്ദേശീയരായ ജനങ്ങൾക്ക് അവരുടെ ആവശ്യത്തിന് മാത്രമാക്കി ചുരുക്കി. ഇത് കാപ്പി, അടക്ക, കുരുമുളക് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ വരുത്തുന്നതിന് കാരണമാകും.

ഇപ്പോൾ നടക്കാൻ പോകുന്ന സർവേയും കോടതിയെ ബോധിപ്പിക്കേണ്ട വസ്തുതകളും ജനപങ്കാളിത്തം ഇല്ലാതെയാണ് നടക്കുന്നത്. ജില്ലയിലെയും പ്രത്യേകിച്ച് ബത്തേരിയിലെയും ജനപ്പെരുപ്പവും മറ്റും കൃത്യമായി കോടതിയെ ബോധിപ്പിക്കേണ്ടതുണ്ട്. കോടതിയുടെ മുൻപിൽ വയ്ക്കാൻ പോകുന്ന രേഖകൾ പ്രസിദ്ധീകരിച്ച് ജനങ്ങളുടെ അഭിപ്രായം ആരായുക എന്ന സാമാന്യ മര്യാദയും വനം വകുപ്പ് പാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com