ADVERTISEMENT

കൽപറ്റ ∙ വയനാടൻ കർഷകരുടെ സ്വപ്നങ്ങളെ ബാധിക്കുന്ന ബഫർസോൺ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പോരാട്ടങ്ങളിൽ മു‌സ്‌ലിം ലീഗ് ഒപ്പമുണ്ടെന്നു സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിമിതികൾ വിദ്യാർഥികളുടെ ഭാവിയെ ഇരുട്ടിലാക്കുന്ന സാഹചര്യമുയർത്തുകയാണ്. ഉത്തരവാദിത്വ ബോധത്തോടെ കാര്യങ്ങൾ ചെയ്യേണ്ട സർക്കാർ വിഷയത്തിൽ പുലർത്തുന്ന നിസംഗത പ്രതിഷേധാർഹമാണ്. 

മനുഷ്യനെ ദോഷകരമായി ബാധിക്കുന്ന ഏത് വിഷയത്തിലും മുസ്‌ലിം ലീഗ് മാനുഷിക പക്ഷത്താണ്. ജനങ്ങളെ മറന്നുള്ള വികസനങ്ങൾക്ക് മറ്റ് ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത സൗഹാർദം, സഹിഷ്ണുത തുടങ്ങിയ സാമൂഹ്യ നന്മകൾ കൂടുതൽ ശക്തമായി ഉൾച്ചേർക്കേണ്ട കാലമാണിത്. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപിക്കണം.

അസഹിഷ്ണുതയുടെയും മതവെറിയുടെയും കാലത്ത് രാജ്യത്തിന്റെ മതേതര പാരമ്പര്യം കൂടുതൽ ജാഗ്രതയോടെ കാക്കാൻ മുസ്‌ലിം ലീഗ് മുന്നിൽ തന്നെയുണ്ടാവുമെന്നും തങ്ങൾ പറഞ്ഞു.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, നവാസ് ഗനി എംപി, കെ.പി.എ മജീദ്, പി.എം.എ സലാം, എം.സി. മായിൻ ഹാജി, അബ്ദുറഹ്മാൻ കല്ലായി, അബ്ദുറഹ്മാൻ രണ്ടത്താണി, എംഎൽഎമാരായ പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, നേതാക്കളായ സി. മമ്മൂട്ടി, കെ.എം. ഷാജി, സി.പി ചെറിയമുഹമ്മദ്, കെ.എസ്. ഹംസ, പി. ഇസ്മായിൽ, മുജീബ് കാടേരി തുടങ്ങിയവർ പ്രസംഗിച്ചു. 

വ്യാഖ്യാതാക്കളുടെ തീരുമാനം പാർട്ടിയുടേതല്ല: തങ്ങൾ

ലീഗ് അച്ചടക്കമുള്ള പ്രവർത്തകരുടെ പാർട്ടിയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയുടെ തീരുമാനം യോഗം ചേർന്നു തീരുമാനിക്കുന്നതാണ്. അതല്ലാതെ പറയുന്ന ചില വ്യാഖ്യാതാക്കളുണ്ട്. അവരുടെ തീരുമാനം പാർട്ടിയുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങളുടെ പ്രസംഗത്തിനു ശേഷം കെ.എം. ഷാജിയെ പ്രസംഗിക്കാൻ വിളിച്ചെങ്കിലും അദ്ദേഹം പ്രസംഗിക്കാതെ മൈക്ക് മുജീബ് കാടേരിക്കു കൈമാറി. 

വയനാട് എന്റെ നാടാണെന്നും ഇവിടെ അടിയും തടയും കഴിഞ്ഞയാളായതിനാൽ എനിക്കു പ്രസംഗിക്കാനൊന്നുമില്ലെന്നും പറഞ്ഞാണ് അദ്ദേഹം മുജീബ് കാടേരിയെ പ്രസംഗിക്കാൻ വിളിച്ചത്. ഏറെ നേരെ കാത്തിരുന്നിട്ടും ഷാജിയുടെ പ്രസംഗം കേൾക്കാനായില്ലെന്ന നിരാശയോടെയാണു ചില പ്രവർത്തകരെങ്കിലും വേദി വിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com