ADVERTISEMENT

കൽപറ്റ ∙ ബഫർ സോൺ പ്രതിസന്ധിയിൽ വയനാട്ടിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ഉയർന്നുവന്ന പ്രതിഷേധത്തിനു തുരങ്കം വച്ച് എസ്എഫ്ഐ അക്രമസമരം. ബത്തേരിയിൽ ഇന്നു നടക്കാനിരിക്കുന്ന സർവകക്ഷി പ്രതിഷേധസംഗമത്തിൽനിന്നു വിട്ടുനിൽക്കാൻ യുഡിഎഫ് തീരുമാനിച്ചു. ജില്ലയിൽ എല്ലായിടത്തും നടക്കാനിരിക്കുന്ന പ്രതിഷേധങ്ങളിൽ ഈ തീരുമാനം നടപ്പിലാകും. വരുംദിവസങ്ങളിൽ ബഫർസോൺ പ്രതിഷേധത്തിന്റെ ദിശ നിർണയിക്കുന്നതിൽ നിർണായകമാകുകയാണ് എംപി ഓഫിസിനു നേരെ നടന്ന അതിക്രമം. ബഫർസോൺ വിഷയത്തിൽ ആത്മാർഥത കാണിച്ചില്ലെന്ന ആരോപണം ഇരുകക്ഷികളും പരസ്പരം ഉന്നയിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ. 

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഐക്യമുണ്ടാക്കാൻ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ ദേശീയതലത്തിൽ നടക്കുന്ന ശ്രമങ്ങളുടെ പോലും മാറ്റു കുറയ്ക്കുന്നതായി എസ്എഫ്ഐ അക്രമമെന്ന വിലയിരുത്തലാണ് എൽഡിഎഫിലെ ഘടകകക്ഷികൾക്കും. ദേശീയതലത്തിൽ വരെ ചർച്ചയായ എംപി ഓഫിസ് ആക്രമണം വയനാട് ജില്ലാ സിപിഎം നേതൃത്വത്തിനും നാണക്കേടായി. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് എസ്എഫ്ഐ എംപി ഓഫിസിലേക്കു മാർച്ച് നടത്തിയത്. അക്രമം നടക്കുമെന്ന വിവരമുണ്ടായിട്ടും സിപിഎം നേതൃത്വം കണ്ണടച്ചുവെന്നാണ് ആരോപണം. എസ്എഫ്ഐ സംസ്ഥാന നേതൃത്വം ജില്ലയിലെ പ്രവർത്തകരെ അതൃപ്തി അറിയിച്ചിട്ടുണ്ട്. അക്രമത്തിനു നേതൃത്വം നൽകിയവർക്കെതിരെ, സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയതിൽ നടപടിയെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സിപിഎമ്മിന്റെ പുൽപള്ളി ഏരിയ കമ്മിറ്റിയംഗമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി. സംഭവത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുണ്ട്. 

എസ്എഫ്ഐ മാർച്ചിൽ അക്രമം നടക്കുമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിട്ടും പൊലീസ് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല. എസ്പി ഓഫിസിനു തൊട്ടുതാഴെ മണിക്കൂറുകളോളം നടന്ന അക്രമം തടയാൻ കഴിയാതിരുന്നതു പൊലീസ് സേനയ്ക്കും നാണക്കേടായി. ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു തലയ്ക്കേറ്റ പരുക്കും ഗുരുതരമാണ്. അതിനിടെ, രാത്രി വൈകിയും കൽപറ്റ നഗരത്തിൽ കോൺഗ്രസ്-യുഡിഎഫ് പ്രതിഷേധം തുടരുകയാണ്. പലയിടത്തും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർക്കു മർദനമേറ്റു. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ. നാഥ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. 

കൽപറ്റ ∙ രാഹുൽ ഗാന്ധി എംപിയുടെ  ഓഫിസ് അടിച്ചു തകർത്തതും ജീവനക്കാരെ മർദിച്ച സംഭവവും തികച്ചും പ്രാകൃതവും, അങ്ങേയറ്റം അപലപനീയവുമാണെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ബഫർ സോൺ നിർണയത്തിൽ ദൂരപരിധി സമർപ്പിക്കാനുള്ള അവസരം കേരള സർക്കാരിന് ലഭിച്ചിട്ടും അത് വേണ്ട വിധം വിനിയോഗിക്കാതെ, തെറ്റായ നിർദേശങ്ങൾ സമർപ്പിച്ച സംസ്ഥാന സർക്കാറിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്നും കമ്മിറ്റി അറിയിച്ചു.  ജില്ലാ പ്രസിഡന്റ്  ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി.എസ്.  ഗിരീഷ് കുമാർ, എം.എം.  ഉലഹന്നാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി. ജോൺസൻ, ആൽഫ്രഡ് ഫ്രെഡി, ജില്ലാ സെക്രട്ടറി ടി.എൻ.  സജിൻ, എം.  പ്രദീപ് കുമാർ, ഷേർളി സെബാസ്റ്റ്യൻ, കെ.കെ. പ്രേമചന്ദ്രൻ, ടി.എം.  അനൂപ് എന്നിവർ പ്രസംഗിച്ചു .

കൽപറ്റ ∙ ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിച്ച് വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ച സംഭവം തികഞ്ഞ കാടത്തവും, പ്രാകൃതവും, അപലപനീയവുമാണെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.  ജനാധിപത്യ സമരങ്ങളെ വെല്ലുവിളിക്കുന്ന  എസ്എഫ്ഐ സാമൂഹ്യ വിരുദ്ധരുടെ കൂട്ടമായി അധപതിച്ചു.   ജില്ലാ പ്രസിഡന്റ്  മോബിഷ് പി തോമസ്,  കെ.ടി. ഷാജി, എൻ.ജെ. ഷിബു, ഇ.എസ്.   ബെന്നി, സജി ജോൺ, വി.ആർ ജയപ്രകാശ്, സി.കെ ജിതേഷ്, സി.ജി.ഷിബു, എം.ജി. അനിൽകുമാർ, ഗ്ലോറിൻ സെക്വീര, എം. നസീമ, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. 

കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ച നടപടിയിലൂടെ സിപിഎം തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി ആരോപിച്ചു.  എസ്എഫ്ഐ തെരുവു ഗുണ്ടകളെ ഉപയോഗിച്ച് ആസൂത്രിതമായി നടത്തിയ അക്രമത്തിൽ കേരളത്തിലെ സാംസ്ക്കാരിക നായകർ പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്  സുരേഷ് ബാബു വാളൽ അധ്യക്ഷത  വഹിച്ചു. ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, ഒ.ജെ മാത്യു, ആയിഷ പള്ളിയാൽ, സലീം താഴത്തൂർ, വിനോദ് തോട്ടത്തിൽ, ബിനുമാങ്കൂട്ടം,  കെ.കെ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 

കൽപറ്റ ∙ ബഫർസോൺ വിഷയത്തിൽ നടക്കുന്ന സമരങ്ങളുടെ മറവിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിക്കുക വഴി, ജില്ലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്  ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. എംപി ഓഫിസിലേക്ക് മാർച്ച് നടത്തവെ എസ്കെഎംജെ സ്‌കൂൾ പരിസരത്തു സ്ഥാപിച്ചിരുന്ന ഫ്രറ്റേണിറ്റിയുടെ പതാക നശിപ്പിച്ച എസ്എഫ്ഐ പ്രവർത്തകരുടെ നടപടി അപലപനീയമാണ്. ജില്ലാ സെക്രട്ടറി ടി.  മുഹമ്മദ് ഷഫീഖ് പ്രസംഗിച്ചു.    ജില്ലാ വൈസ് പ്രസിഡന്റ് ഹിഷാമുദ്ധീൻ പുലിക്കോടൻ, ജില്ലാ സെക്രട്ടറിമാരായ മുസ്‌ഫിറ ഖാനിത, മുഹ്‌സിൻ മുഷ്താഖ് എന്നിവർ പങ്കെടുത്തു.

ഓഫിസ് അക്രമം അപലപനീയം: സിപിഎം

കൽപറ്റ ∙ ജനാധിപത്യപരമായ സമരങ്ങൾ അക്രമസക്തമാവുന്നത് ശരിയായ പ്രവണതയല്ലെന്ന് സിപിഎം  ജില്ലാ സെക്രട്ടറിയേറ്റ്. എസ്എഫ്ഐ മാർച്ചിനെ തുടർന്ന് രാഹുൽ ഗാന്ധി എംപി യുടെ ഓഫിസിൽ നടന്ന ആക്രമ സംഭവങ്ങൾ അപലപനീയമാണ്. കേരളത്തെ കലാപഭുമിയാക്കാൻ ശ്രമിക്കുന്ന ബിജെപി, യുഡിഎഫ് ശ്രമത്തെ  ജനങ്ങളെ അണിനിരത്തി നേരിടുക എന്നതാണ് സിപിഎം നിലപാട്.  മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി അക്രമിക്കാനും, സിപിഎം പതാക കത്തിക്കാനും കോൺഗ്രസ് നേതൃത്വം നൽകിയത്. ഇതിനെയെല്ലാം കോൺഗ്രസ് നേതൃത്വം ആശീർവദിക്കുകയാണ് ചെയ്തത്.

ഇത്തരം സംഭവങ്ങളെ ചെറുക്കുന്നതിൽ പോലും അക്രമത്തിന്റെ പാതയല്ല സിപിഎം  സ്വീകരിച്ചത്. ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന് ഭൂഷണമല്ല ഇത്തരം പ്രവർത്തനങ്ങൾ തീർത്തും നിരാകരിക്കേണ്ടതാണ്. രാഹുൽ ഗാന്ധി എംപിയുടെ പ്രവർത്തനങ്ങളിലെ പോരായ്മക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനം ഇത്തരത്തിൽ അക്രമത്തിൽ കലാശിച്ചത് ശരിയായ രീതിയല്ല.  സംഭവം പാർട്ടി പരിശോധിക്കും. ഉത്തരവാദിയായവരെ  സംരക്ഷിക്കുന്ന നിലപാട്  സ്വീകരിക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

രാഹുൽ ഗാന്ധി എംപിയുടെ ഒ‍ാഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കൽപറ്റയിൽ രാത്രി റോഡ് ഉപരോധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
രാഹുൽ ഗാന്ധി എംപിയുടെ ഒ‍ാഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കൽപറ്റയിൽ രാത്രി റോഡ് ഉപരോധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

മാനന്തവാടിയിൽ റോഡ് ഉപരോധം

മാനന്തവാടി ∙  രാഹുൽ ഗാന്ധി എംപിയുടെ  കൽപറ്റയിലെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച്  മാനന്തവാടി സിറ്റി ജംഗ്ഷനിൽ  യുഡിഎഫ്  റോഡ് ഉപരോധിച്ചു. എഐസിസി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.  യുഡിഎഫ് ചെയർമാൻ എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.  യുഡിഎഫ് കൺവീനർ പടയൻ മുഹമ്മദ്, എ.എം. നിശാന്ത്, എച്ച്.ബി. പ്രദീപ്, കമ്മന മോഹനൻ, ടി.എ. റെജി, പടയൻ റഷീദ്, ചിന്നമ്മ ജോസ്, പി.എം. ബെന്നി, മുജീബ് കൊടിയോടൻ, ബൈജു പുത്തൻപുരയ്ക്കൽ, അസീസ് വാളാട്, സുശോഭ് ചെറുകുമ്പം, കബീർ മാനന്തവാടി എന്നിവർ പ്രസംഗിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

ബത്തേരി∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിൽ കോൺഗ്രസ് ബത്തേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എസ്എഫ്ഐക്കാർ മാർച്ച് നടത്തേണ്ടത് മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണെന്നും ബഫർ സോ‍ൺ വിഷയത്തിൽ ഇന്ന് ബത്തേരിയിൽ നടത്തുന്ന ഉപവാസത്തിൽ നിന്ന് വിട്ടു നിൽക്കുമെന്നും മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സതീഷ് പൂതിക്കാട് അറിയിച്ചു.

കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ച മറച്ച് വെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കേരളാ കോൺഗ്രസ് ആരോപിച്ചു. ജില്ലാ പ്രസിഡന്റ് പി. അബ്ദുൾ സലാം പ്രസംഗിച്ചു.

ഉപവാസ സമരത്തിൽ പങ്കെടുക്കില്ല: യുഡിഎഫ്

ബത്തേരി∙ ബഫർസോൺ വിഷയത്തിൽ ഇന്ന് സർവകക്ഷി ബത്തേരിയിൽ നടത്തുന്ന ഉപവാസ സമരത്തിൽ നിന്ന് യുഡിഎഫ് വിട്ടുനിൽക്കുമെന്ന് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.കെ. ഏബ്രഹാം, കൺവീനർ് ടി. മുഹമ്മദ് എന്നിവർ അറിയിച്ചു.രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം

ആക്രമണം ഗൂഡാലോചന:ടി.സിദ്ദീഖ് എംഎൽഎ

കൽപറ്റ ∙  രാഹുൽഗാന്ധി എംപിയുടെ ഓഫിസിന് നേരെയുണ്ടായ ആക്രമണം ഗൂഡാലോചനയുടെ ഭാഗമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.  സിദ്ദീഖ് എംഎൽഎ. പിണറായി വിജയൻ സംസ്ഥാനത്തിന്റെ ക്രമസമാധാനം ക്രിമിനലുകൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. നിയമത്തെ സംരക്ഷിക്കാനുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബഫർസോൺ വിഷയത്തിൽ എസ്എഫ്ഐയുടെ ഒരു പ്രസ്താവന പോലും ഇതുവരെ വന്നിട്ടില്ല. ആദ്യമായി സമരം നടത്തിയത് എംപിയുടെ ഓഫിസിലേക്കാണ്. ഇത് ആസൂത്രിതമാണ്. സുപ്രീംകോടതിയുടെ വിധിയിൽ രാഹുൽഗാന്ധിക്ക് എന്ത് പങ്കാണുള്ളതെന്നും ടി. സിദ്ദീഖ് ചോദിച്ചു. എംപി ഓഫിസിന് നേരെയുണ്ടായ ആക്രമണം ബിജെപിയെ സഹായിക്കാനും അവരെ തൃപ്തിപ്പെടുത്താനുമാണ്. മഹാത്മാഗാന്ധിയുടെ ഛായാചിത്രവും, ചികിത്സാസഹായവുമായി ബന്ധപ്പെട്ട ഫയലുകളുമാണ് നശിപ്പിക്കപ്പെട്ടത്. 

എംപി ഓഫിസ് അക്രമിച്ചത് തെറ്റ്: സിപിഐ

കൽപറ്റ ∙  രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ അക്രമിച്ചത് ശരിയല്ലെന്ന് സിപിഐ ജില്ലാ കൗൺസിൽ അറിയിച്ചു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാത്ത എംപിക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പരിസ്ഥിതി ലോല മേഖല ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ  മുൻപിൽ അവതരിപ്പിക്കുന്നതിൽ എംപി പരാജയപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്നത് അക്രമത്തിലേക്ക് മാറുന്നത് എൽഡിഎഫ് നയങ്ങൾക്ക് വിരുദ്ധമാണെന്നും ജില്ലാ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തണം

കൽപറ്റ ∙ സുപ്രീം കോടതി വിധി വരും മുൻപേ, ബഫർ സോണിന്റെ ദൂരപരിധി ഒരു കിലോമീറ്ററായി നിശ്ചയിച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനുള്ള ഇച്ഛാശക്തിയാണ് എസ്എഫ്ഐക്കാർ പ്രകടിപ്പിക്കേണ്ടതെന്ന് യൂത്ത് ലീഗ്.  പഠിക്കാൻ നൂറ് കണക്കിന് കുട്ടികൾ സീറ്റില്ലാതെ നട്ടം തിരിയുന്ന വയനാട്ടിലെ വിദ്യാർഥി പ്രശ്നങ്ങളിൽ നിന്ന് മുഖം തിരിച്ച് എസ്എഫ്ഐ നടത്തിയ കാടത്തം അപലപനീയമാണ്.  എംപി ഓഫിസിലേക്ക് മാർച്ച് നടത്തിയവരെ തടയുന്നതിലും ഓഫിസിന് സംരക്ഷണം ഒരുക്കുന്നതിലും വീഴ്ച വരുത്തിയ പെ‍ാലീസുകാരുടെ പേരിൽ നടപടി കൈകൊള്ളണം. രാഹുൽ ഗാന്ധിയെ വേട്ടയാടി മോദി ഭക്തരാകാനുളള സിപിഎമ്മിന്റെ ശ്രമം ആപൽക്കരമാണ്. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ  പ്രസംഗിച്ചു.

കൽപറ്റയിൽ ഇന്ന് യുഡിഎഫ് റാലി 

കൽപറ്റ ∙ രാഹുൽഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്കു രണ്ടിന് കൽപറ്റയിൽ യുഡിഎഫ് റാലിയും യോഗവും. എംപി ഓഫിസിനു മുൻപിൽനിന്ന് ആരംഭിക്കുന്ന റാലിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ടി. സിദ്ദീഖ് തുടങ്ങിയവർ പങ്കെടുക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com