ADVERTISEMENT

കൽപറ്റ ∙ കനത്ത പൊലീസ് വലയത്തിലായിരുന്നു ഇന്നലെ കൽപറ്റ നഗരം. വിവിധ ജില്ലകളിൽ നിന്നായി 650 പൊലീസുകാരെയാണു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചത്. ഇന്നലെ രാവിലെയോടെ തന്നെ നഗരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും പൊലീസ് സംഘം നിലയുറപ്പിച്ചു. തൃശൂർ റൂറൽ, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ, കാസർകോട്, എംഎസ്പി, കെഎപി 4 ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസുകാരെയാണ് അക്രമസംഭവങ്ങളെ നേരിടാൻ ജില്ലയിലെത്തിച്ചത്.

കണ്ണൂർ ഡിഐജി രാഹുൽ ആർ. നായർ കൽപറ്റയിൽ ക്യാംപ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി. 6 ഡിവൈഎസ്പിമാർ അടങ്ങുന്ന സംഘം മുഴുവൻ സമയവും നഗരത്തിലുണ്ടായിരുന്നു. യുഡിഎഫിന്റെ പ്രതിഷേധ റാലിക്കു മുന്നിൽ അൻപതോളം പൊലീസുകാർ നിരന്നു. മാർച്ചിനിടെ ഒട്ടേറെത്തവണ പ്രകോപനവുമായി പ്രവർത്തകർ പാഞ്ഞടുത്തെങ്കിലും പൊലീസ് സംയമനം പാലിച്ചു. കഴിഞ്ഞദിവസം രാഹുൽഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തകർത്ത സംഭവത്തിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന് വ്യാപക ആക്ഷേപമുയർന്നിരുന്നു.

ഇതേത്തുടർന്നാണു കൂടുതൽ പൊലീസിനെ ജില്ലയിലെത്തിച്ചത്. മാർച്ചിനിടെ പ്രവർത്തകരുടെ രോഷം മുഴുവനും പൊലീസിനു നേരെയായിരുന്നു. ഇന്നലെ രാവിലെ ഡിസിസി ഓഫിസിൽ വച്ചും  നേതാക്കളും പ്രവർത്തകരും പൊലീസിനു നേരെ തിരിഞ്ഞു. മാർച്ചിനു മുന്നോടിയായി പൊലീസ് നഗരത്തിൽ ഗതാഗതം വഴിതിരിച്ചുവിട്ടതോടെ വൻ കുരുക്കാണു രൂപപ്പെട്ടത്. കൽപറ്റ ബൈപാസിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ജനക്കൂട്ടത്തിനും വാഹനങ്ങൾക്കും ഇടയിലൂടെ കടന്നുപോകാൻ ആംബുലൻസുകൾ പോലും ഏറെ പണിപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com