ADVERTISEMENT

കൽപറ്റ ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ അടിച്ചുതകർത്തതിനെതിരെ രണ്ടാം ദിനത്തിലും ജില്ലൽ പ്രതിഷേധം ആളിക്കത്തി. ഇന്നലെ രാവിലെ തന്നെ യുഡിഎഫിന്റെ ദേശീയ, സംസ്ഥാന നേതാക്കളുടെ പട തന്നെ കൽപറ്റയിലേക്കെത്തിയിരുന്നു. രാവിലെ പത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എംപി ഓഫിസിൽ സന്ദർശനം നടത്തി. തുടർന്ന് ഡിസിസി ഓഫിസിലെത്തി മാധ്യമങ്ങളെ കണ്ടു. പിന്നാലെ ഷാഫി പറമ്പിൽ എംഎൽഎയും ഡിസിസി ഓഫിസിലേക്കെത്തി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, എം.കെ.രാഘവൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാൻ, രമ്യ ഹരിദാസ്, മാത്യു കുഴൽനാടൻ എംഎൽഎ തുടങ്ങിയവർ ഉച്ചയോടെ എത്തി. 

wayanad-threatning
യുഡിഎഫ് കൽപറ്റയിൽ നടത്തിയ പ്രകടനത്തിനിടെ പൊലിസിനെ ഓടിച്ചുവിടുന്ന പ്രവർത്തകരിലൊരാൾ.

വൈകിട്ടു മൂന്നരയോടെയാണ് ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ പ്രകടനം എംപി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ചത്. മാർച്ച് ആരംഭിക്കുന്നതിനു മുൻപു തന്നെ പ്രവർത്തകരും പൊലീസും തമ്മിൽ പലതവണ ഉന്തും തള്ളുമുണ്ടായി. ഒന്നര മണിക്കൂറോളമെടുത്താണു 2.5 കിലോമീറ്റർ താണ്ടി പ്രതിഷേധ പ്രകടനം വിജയ പമ്പ് പരിസരത്തെ സമ്മേളന നഗരിയിലെത്തിയത്. മാർച്ചിനിടെ പ്രവർത്തകരുടെ രോഷം മുഴുവനും പൊലീസിനു നേരെയായിരുന്നു. പലയിടങ്ങളിലായി പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

wayanad-g-sudhakaran
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കൽപറ്റയിൽ നടന്ന യുഡിഎഫ് പ്രതിഷേധ സംഗമത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പ്രസംഗിക്കുന്നു.

പ്രകടനം മുന്നോട്ടു പോകുന്നതിനിടെ എസ്കെഎംജെ സ്കൂളിനു സമീപത്തെ എൻസിപി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ബോർഡ് അടിച്ചു തകർത്തു. റോഡരികിലെ സിപിഎം, എസ്എഫ്ഐ കൊടികളും നശിപ്പിക്കപ്പെട്ടു. ഇതിനിടയിൽ പ്രകടനത്തിലെ  ഒരു വിഭാഗം പ്രവർത്തകർ അനന്തവീര തിയറ്ററിന് സമീപത്തെ ഇടവഴിയിലൂടെ തിരിഞ്ഞ് പള്ളിത്താഴെ റോഡിലേക്ക് പ്രവേശിച്ച് ദേശാഭിമാനി ജില്ലാ ബ്യൂറോയിലേക്കു കല്ലെറിഞ്ഞു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ നീക്കിയത്. നഗരത്തിലെ പൊതുയോഗ വേദിക്കു സമീപവും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ഇതിനിടെ ഒരുവിഭാഗം പ്രവർത്തകർ മാധ്യമ പ്രവർത്തകർക്കു നേരെയും തിരിഞ്ഞു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ മാറ്റി അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയത്. കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, എം.കെ. രാഘവൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാൻ, രമ്യ ഹരിദാസ്, പി.എം.എ.സലാം, വി.ടി.ബൽറാം, ടി.സിദ്ദിഖ്, എം.കെ.മുനീ-ർ, ഷാഫി പറമ്പിൽ, ഐ.സി ബാലകൃഷ്ണൻ, മാത്യു കുഴൽനാടൻ, കെ.എം.ഷാജി, കെ.എം. അഭിജിത്ത് അടക്കമുള്ള നേതാക്കളാണ്  പ്രകടനത്തിന് നേതൃത്വം നൽകിയത്.

അറസ്റ്റിലായവർ റിമാൻഡിൽ

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന് അറസ്റ്റിലായ എസ്എഫ്ഐ ജില്ലാ നേതാക്കൾ അടക്കം 19 പ്രതികളെ കൽപറ്റ മുൻസിഫ് കോടതിയിൽ ഹാജരാക്കി. ഇതിൽ 10 പേരെ മാനന്തവാടി ജില്ലാ ജയിലിലേക്കും 9 പേരെ വൈത്തിരി സബ് ജയിലിലേക്കും മാറ്റി. പിന്നീട് 11 പേരെക്കൂടി പൊലീസ് പല സ്ഥലങ്ങളിൽനിന്നായി പിടികൂടുകയായിരുന്നു. ഇവരും പിന്നീട് റിമാൻഡിലായി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com