ADVERTISEMENT

വയനാട് വഴിയുള്ള നഞ്ചൻകോട്–നിലമ്പൂർ റെയിൽപാതയ്ക്കു തടസ്സം നിൽക്കുന്നതാര്?  കേന്ദ്രാനുമതി കിട്ടിക്കഴിഞ്ഞ നഞ്ചൻകോട് പാതയെയും, അനുമതിയില്ലാത്ത തലശ്ശേരി–മൈസുരു പാതയെയും ഒന്നിച്ചു കൂട്ടിക്കെട്ടി രണ്ടും ഇല്ലാതാക്കാൻ ശ്രമിക്കുന്നതാര്? മനോരമ പരമ്പര തുടരുന്നു

ബത്തേരി∙ 2016 ഫെബ്രുവരി 25നു ബത്തേരിയിൽ വലിയൊരു ആഹ്ലാദ പ്രകടനം നടന്നു. വയനാ‍ടൻ മലഞ്ചെരുവുകളിലൂടെ കൂകിപ്പായുന്ന തീവണ്ടി കാണാൻ കൊതിച്ചിരുന്നവർക്കുള്ള സന്തോഷവാർത്തയുമായിട്ടായിരുന്നു മധുരം പങ്കുവച്ചുള്ള ആ പ്രകടനം. വയനാട് വഴിയുള്ള നഞ്ചൻകോട്– നിലമ്പൂർ പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചു എന്നതായിരുന്നു വാർത്ത. അന്നത്തെ ബജറ്റിലായിരുന്നു പ്രഖ്യാപനം. അനുമതിക്കൊപ്പം പിങ്ക് ബുക്കിലും പാത ഇടം നേടി.

എന്നിട്ടും ആ സ്വപ്നപാതയ്ക്ക് എന്തു പറ്റി? നടപ്പാക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട്? ആരാണ് തുരങ്കം വയ്ക്കുന്നത്? ഈ പാത വരരുതെന്ന് ആഗ്രഹിക്കുന്നത് ആര്? പരിസ്ഥിതിയുടെ പേരിൽ കർണാടകയോ കേന്ദ്രമോ വലിയ തടസ്സവാദങ്ങൾ ഉന്നയിക്കാതിരുന്നിട്ടും വേണ്ടെന്ന് വയ്ക്കുന്നത് ആരാണ്? ഗെയിൽ പൈപ്പ് ലൈനും അതിവേഗ റെയിലും മേപ്പാടി–കള്ളാടി തുരങ്കപ്പാതയുമൊക്കെ നടപ്പാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രിയും സർക്കാരുമുള്ളപ്പോൾ, പാർശ്വവൽക്കരിക്കപ്പെട്ടു പോയൊരു നാടിന്റെ ആവശ്യങ്ങൾ കേൾക്കാത്തതെന്തു കൊണ്ട്? പരിസ്ഥിതി അനുമതിയാണ് പ്രശ്നമെങ്കിൽ അതിന് ശ്രമിക്കാത്തതെന്ത്? കേന്ദ്രാനുമതിയും ഫണ്ടും ലഭ്യമായിട്ടും അതൊന്നുമില്ലാത്ത മറ്റൊരു പാതയ്ക്കായി കോടികൾ മുടക്കി സർവേ നടത്തുന്നത് എന്തു ലക്ഷ്യമിട്ടാണ്? ചോദ്യങ്ങൾ ഇങ്ങനെ പലതും ഉയരുന്നുണ്ട് ഈ മലനാട്ടിൽ.

ഒസിയും വിഎസും ഒന്നിച്ചു നിന്നിട്ടും...

പതിറ്റാണ്ടുകളായുള്ള മുറവിളികൾക്കൊടുവിൽ കേന്ദ്രാനുമതി ലഭിച്ചപ്പോൾ പാത യാഥാർഥ്യമായെന്ന തോന്നലായിരുന്നു നാട്ടിലെങ്ങും. 2014 ലെ കേരള ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയതോടെയാണ് പാത യാഥാർഥ്യമാകുമെന്ന തോന്നലുണ്ടായത്. 2015 ജനുവരി 13 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഡൽഹിയിലെത്തി കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനെ കണ്ടു. നഞ്ചൻകോട് നിലമ്പൂ‍ർ പാത യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നൽകി. 

പാതയുടെ പകുതി ചെലവ് കേരളം വഹിക്കാമെന്ന് ഉറപ്പും കൊടുത്തു. സംയുക്ത സംരംഭമായി നിർമാണ കമ്പനി രൂപീകരിക്കാമെന്ന് 2016 ജനുവരി 6ന് കേരള മന്ത്രിസഭ തീരുമാനമെടുത്തു. നഞ്ചൻകോട്– നിലമ്പൂർ പാതയ്ക്ക് പ്രാധാന്യം നൽകി സംയുക്ത സംരംഭ കമ്പനി രൂപീകരിക്കുമെന്ന് അതേ വർഷം ഫെബ്രുവരി 12 ലെ കേരള ബജറ്റിൽ അറിയിപ്പുമുണ്ടായി. പ്രാരംഭപ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയും അനുവദിച്ചു. ഈ ഹെഡ് ഓഫ് അക്കൗണ്ട് വഴി ആവശ്യമുള്ള കൂടുതൽ തുക വീണ്ടും അനുവദിക്കാമെന്ന വിധത്തിലായിരുന്നു അത്. തുടർന്നാണ് അതേ മാസം അവതരിപ്പിച്ച കേന്ദ്രബജറ്റിൽ പാതയ്ക്ക് അനുമതി ലഭിച്ചത്.

ഫണ്ട് വഴി മുട്ടി; ഡിഎംആർസി കട പൂട്ടി

തുടർന്നു വന്ന ഒന്നാം പിണറായി സർക്കാരും ആദ്യഘട്ടത്തിൽ കാര്യങ്ങൾ വേഗത്തിൽ ചെയ്തു. 2016 ജൂൺ 24 ന് വിശദമായ പദ്ധതി രേഖ തയാറാക്കാൻ ഡിഎംആർസിയെ ഏൽപിച്ചു. അതേ വർഷം ഓഗസ്റ്റ് 10ന് ഡിപിആർ തയാറാക്കുന്നതിന് ഡിഎംആർസിക്ക് റെയിൽവേ ബോർഡിന്റെ അനുമതിയും ലഭിച്ചു. ഡിപിആർ തയാറാക്കാനുള്ള നടപടിക്രമങ്ങൾ ഡിഎംആർസി വേഗത്തിലാക്കി. കോഴിക്കോട് ഓഫിസും തുറന്നു. ഏറെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയി. ഇതിനിടെ സംസ്ഥാന സർക്കാർ സംയുക്ത സംരംഭമായി കമ്പനി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രവുമായി കരാർ ഒപ്പിട്ടു.

ഡിപിആർ തയാറാക്കുന്നതിനായി 8 കോടി രൂപ അനുവദിക്കുന്നതായും സംസ്ഥാന സർക്കാർ അറിയിച്ചു. അതിന്റെ ആദ്യഗഡുവായി 2 കോടി രൂപ കൈമാറുന്നതായി 2017 ഫെബ്രുവരി 13ന് ഉത്തരവുമിറക്കി. ഡിഎംആർസിയുടെ പേരിൽ എറണാകുളം എസ്ബിഐയിലെ 032200554147 എന്ന അക്കൗണ്ടിലേക്ക് പണം നൽകുന്നു എന്നായിരുന്നു അറിയിപ്പ്. എന്നാൽ അക്കൗണ്ടിലേക്ക് പണമെത്തിയില്ല. പണം കിട്ടാതിരുന്നിട്ടും ഡിപിആർ നടപടികളുമായി മുന്നോട്ടു പോയ ഡിഎംആർസി പല തവണ പണം ചോദിച്ചു. എന്നാൽ തുക കൈമാറിയില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ ജോലികൾ നിർത്തിവച്ച് ഓഫിസുകൾ പൂട്ടി ഡിഎംആർസി സ്ഥലം വിട്ടു.

തലശ്ശേരി–മൈസൂരു പാത വന്നോട്ടെ; പക്ഷേ...

പിന്നീട് നാളിതുവരെ നഞ്ചൻകോട്– നിലമ്പൂർ പാതയുടെ സർവേ നടപടികൾ നടത്തുന്ന കാര്യത്തിൽ സർക്കാർ മൗനം വെടിഞ്ഞിട്ടില്ല. എന്നാൽ തലശ്ശേരി– മൈസൂരു പാതയുടെ സർവേ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് പിന്നീട് കണ്ടത്. തലശ്ശേരി– മൈസൂരു പാത വരുന്നതിലല്ല, മറിച്ച് നിലമ്പൂർ– നഞ്ചൻകോട് പാത ഇല്ലാതാക്കുന്നതിലായിരുന്നു ജനരോഷം. തലശ്ശേരി പാതയ്ക്കായി ആദ്യവട്ടം നടത്തിയ സർവേയിൽ, പാത ലാഭകരമാവില്ല എന്നതായിരുന്നു കണ്ടെത്തൽ. വീണ്ടും ഇപ്പോൾ സർവേ നടക്കുകയാണ്. അതിനിടെ തലശ്ശേരി– മൈസൂരു പാതയും നിലമ്പൂർ– നഞ്ചൻകോട് പാതയും വയനാട്ടിൽ യോജിപ്പിച്ച് രണ്ടായി തിരിച്ചു വിടുന്ന പദ്ധതിയും പറഞ്ഞു കേട്ടിരുന്നു. ഒടുവിൽ രണ്ടു പാതകളുടെയും ഡിപിആർ നടപടികൾ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങുന്നതായി പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ല.

wayanad-rasheed
ടി.എം.റഷീദ്

മുഖ്യമന്ത്രിയെ കണ്ടാൽ പ്രശ്നം തീരും; കാണാൻ പറ്റണ്ടേ? 

ടി.എം.റഷീദ് (കൺവീനർ, നീലഗിരി– വയനാട് നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി)

സമീപകാലത്ത് വയനാട്ടിൽ ജനരോഷമുയർന്ന പ്രശ്നങ്ങളെല്ലാം പരിസ്ഥിതിയും നിയമവുമായി ബന്ധപ്പെട്ടതാണ്. പരിസ്ഥിതി രാഷ്ട്രീയത്തിന് ജില്ലയിൽ പ്രസക്തി വർധിക്കുമ്പോഴൂം അവ പരിഹരിക്കുന്നതിൽ നേതൃത്വങ്ങൾക്ക് വലിയ പരിചയക്കുറവുണ്ട്. എന്നും സമരങ്ങളും സംഘർഷ വാർത്തകളുമാണ്. ഇത് ജില്ലയെ നിക്ഷേപ സൗഹൃദമല്ലാതാക്കി മാറ്റും. രാത്രിയാത്രാ നിരോധനവും റെയിൽവേ തടസ്സവും നീക്കിയാൽ സുസ്ഥിര വികസനത്തിലേക്ക് ജില്ല കുതിക്കും.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചില മുൻ തീരുമാനങ്ങളാണ്് വന്യജീവിസങ്കേതത്തിലൂടെയുള്ള റോഡിന് ബദൽപാത മാത്രമേ പരിഗണിക്കൂ എന്നതിലേക്ക് സുപ്രീംകോടതിയെ എത്തിച്ചത്. എന്നാൽ 3 വർഷത്തിനിടെ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. പെൻച് നാഷനൽ പാർക്കിലെ മേൽപാലപദ്ധതി വിജയകരമായിരിക്കുന്നു. ബദൽ മാത്രമാണ് പരിഹാരമെങ്കിൽ വള്ളുവാടി– ചിക്കബർഗി റൂട്ടിൽ മേൽപാല– ടണൽ പദ്ധതി നടപ്പാക്കാനാകും.സ്ഥാപിത താൽപര്യക്കാരെ മാറ്റിനിർത്തി ആത്മാർത്ഥ ശ്രമങ്ങൾ ഉണ്ടായാൽ പരിഹാരമുണ്ടാകും

സംസ്ഥാന സർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേ നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയ്ക്കുള്ളൂ. കേന്ദ്രാനുമതി ലഭിച്ച നഞ്ചൻകോട് പാതയും കേന്ദ്രാനുമതിയില്ലാത്ത തലശ്ശേരി പാതയും ഒരുമിച്ചാക്കി സർവേ നടത്താനുള്ള ശ്രമമാണ് രണ്ടു പാതകളെയും ഇല്ലാതാക്കുന്നത്. പകുതി പൂർത്തിയാക്കിയ നിലമ്പൂർ –നഞ്ചൻകോട് പാതയുടെ ഡിപിആർ ഡിഎംആർസിയുമായി ചർച്ച നടത്തി പൂർത്തിയാക്കണം. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന് സ്വന്തമായി ഡിപിആറും സർവേയും നടത്താനുള്ള സംവിധാനങ്ങളില്ല.

അതിനാൽ ഡിഎംആർസിയെ ഏൽപിക്കുന്നതാണ് ഉചിതം. പാതയുടെ അനുമതി വാങ്ങിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തൊട്ട് ഡിപിആറിന് ഡിഎംആർസിയെ ഏൽപിക്കുന്നത് വരെ വർഷങ്ങളായി നടത്തിയ ചെറുതല്ലാത്ത പ്രയത്നം ആക്‌ഷൻ കമ്മിറ്റിയുടേതായുണ്ട്. രാഷ്ട്രീയ നേതൃത്വങ്ങളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയാൽ തടസ്സങ്ങൾ നീക്കാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. എന്നാൽ അതിന് അവസരം ലഭിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com