ADVERTISEMENT

പുൽപള്ളി ∙ സംസ്ഥാനത്തു പച്ചത്തേങ്ങ സംഭരണം ഇഴയുമ്പോൾ വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലയിലെ കേരകർഷകർ ഉൽപന്നം വിൽക്കാനാവാതെ കഷ്ടപ്പെടുന്നു. പച്ചത്തേങ്ങ വില ഒരുമാസമായി പിന്നോട്ടാണ്. കിലോയ്ക്ക് 23 രൂപയാണു കഴിഞ്ഞ ദിവസങ്ങളിലെ പരമാവധി വില. വിപണിയിൽ തേങ്ങ വാങ്ങാൻ വ്യാപാരികളും തയാറാവുന്നില്ല. കോഴിക്കോട് വിപണിയില്‍ 25 രൂപ വിലയുണ്ട്. എന്നാല്‍, വയനാട് തേങ്ങയ്ക്ക് അവിടെ ഒരു രൂപ കുറയുമെന്നു വ്യാപാരികള്‍ പറയുന്നു.

കോഴിക്കോട്, തമിഴ്നാട് മാര്‍ക്കറ്റുകളിലേക്കാണു വയനാട്ടിലെ തേങ്ങ കയറ്റി അയച്ചിരുന്നത്. ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ വ്യാപാര മാന്ദ്യവുമുണ്ട്. ആഴ്ചകള്‍ക്കു മുൻപിട്ട തേങ്ങ തോട്ടങ്ങളില്‍ കിടക്കുന്നു. വെയിലു കൊണ്ടാൽ ഇവയുടെ തൂക്കം കുറയും. തേങ്ങയിട്ടു പൊതിച്ചു വിപണയിലെത്തിക്കുന്ന ചെലവു, തേങ്ങ വിറ്റാല്‍ കിട്ടുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഒട്ടേറെ തോട്ടങ്ങളില്‍ ഇടേണ്ട സമയം കഴിഞ്ഞിട്ടും തേങ്ങ ഇടുന്നില്ല. വിലയിടിവു തന്നെ കാരണം.

മണ്ഡരി വ്യാപനം കുറഞ്ഞതോടെ വയനാട്ടില്‍ തേങ്ങ ഉൽപാദനം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. മെച്ചപ്പെട്ട വിപണിയില്ലാത്തതാണ് ഇപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നം. ഓണക്കാലത്ത് പച്ചത്തേങ്ങയ്ക്ക് 35 രൂപ വരെ ലഭിച്ചിരുന്നു. പിന്നീട്, ക്രമേണ കുറഞ്ഞു. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തേങ്ങ ഉൽപാദനം വര്‍ധിച്ചതോടെയാണു മലബാറില്‍ കേരവിപണിക്കു മാന്ദ്യമുണ്ടായത്. കേരഫെഡ് പച്ചത്തേങ്ങ സംഭരണം ആരംഭിച്ചെങ്കിലും വയനാട്ടില്‍ സംഭരണമില്ല.

മലബാറില്‍ 45 സംഭരണ കേന്ദ്രങ്ങൾ തുടങ്ങുമെന്നു കേരഫെഡ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 20 ല്‍ താഴെ കേന്ദ്രങ്ങള്‍ മാത്രമേ ഇതുവരെയുള്ളൂ. കിലോയ്ക്ക് 32 രൂപ നിരക്കിലാണു കേരഫെഡ് സംഭരണം. വിപണിയോ സംഭരണ കേന്ദ്രമോ ഇല്ലാതെ കര്‍ഷകര്‍ പാടുപെടുന്നു. കൂടുതല്‍ തേങ്ങ ഉൽപാദിപ്പിക്കുന്ന കുറ്റ്യാടി, വടകര, പുല്‍പള്ളി, മാനന്തവാടി മേഖലകളില്‍ ഉടനടി സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. വിളഞ്ഞ തേങ്ങ തെങ്ങിൽ നിന്നു പൊഴിഞ്ഞു കൊണ്ടിരിക്കുന്നു; ഒപ്പം കര്‍ഷകരുടെ പ്രതീക്ഷകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com