പ്രതിഷേധം അലയടിച്ച് സിപിഎം റാലി

യുഡിഎഫ് പ്രതിഷേധ റാലിക്കിടെ നടന്ന ആക്രമണങ്ങൾക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി കൽപറ്റയിൽ നടത്തിയ പ്രകടനം.
SHARE

കൽപറ്റ ∙ യുഡിഎഫ് അക്രമങ്ങൾക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധറാലി ശക്തിപ്രകടനമായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഒട്ടേറെ സ്ത്രീകളടക്കമുള്ള പ്രവർത്തകർ പങ്കെടുത്ത പ്രകടനം വൈകിട്ടു നാലോടെയാണ് ആരംഭിച്ചത്. പ്രകടനം തുടങ്ങുന്നതിനു മുൻപു പൊലീസ് നഗരത്തിലെ ഗതാഗതം തിരിച്ചുവിട്ടു. അക്രമസംഭവങ്ങൾ തടയാനുള്ള മുന്നൊരുക്കമായി നഗരത്തിൽ കനത്ത പൊലീസ് കാവലുമുണ്ടായിരുന്നു.

പ്രതിപക്ഷ പാർട്ടികളുടെ ഓഫിസുകൾക്കും മാധ്യമസ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. എങ്ങും അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. നൂറുകണക്കിനു പ്രവർത്തകർ സംഘടിച്ചെത്തിയിട്ടും പ്രതിഷേധം സമാധാനപരമായിരുന്നു. രാഹുൽ ഗാന്ധി എംപിയുടെ പേരെഴുതിയ വാഴകളുമേന്തിയാണു ചില പ്രവർത്തകർ എത്തിയത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ടി. സിദ്ദീഖ് എംഎൽഎയ്ക്കും എതിരായ മുദ്രാവാക്യങ്ങൾ പ്രതിഷേധറാലിയിൽ ഉയർന്നു.

ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. 3 പെൺകുട്ടികളടക്കം 30 എസ്എഫ്ഐക്കാർ ജയിലിലാണ്. ഞങ്ങൾ അനുവദിച്ചില്ലെങ്കിൽ ഒരു എസ്എഫ്ഐ പെൺകുട്ടിയെയും ജയിലിൽ കയറ്റാൻ  പൊലീസ് വിചാരിച്ചാലും കഴിയില്ല. എസ്എഫ്ഐ പ്രവർത്തകർ രാഹുലിന്റെ ഓഫിസിലേക്കു കയറിയതു തെറ്റാണെന്നു ഞങ്ങൾ പറഞ്ഞതാണ്. ആരു വന്നാലും അതിനെയൊക്കെ കൂസാതെ സമരം ചെയ്യാനുള്ള ചങ്കൂറ്റമുള്ള പെൺകുട്ടികൾ ഞങ്ങളുടെ കൂടെയുണ്ട്. കെ.സുധാകരൻ സെമി കേഡർ ഉണ്ടാക്കാൻ നടക്കുകയാണ്.

എന്നിട്ട് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ വിട്ടു. പക്ഷേ, 70 വയസ്സുള്ള ഇ.പി. ജയരാജൻ ഒറ്റയടിയാ, രണ്ടെണ്ണവും നിലത്ത്. അതാണു സുധാകരന്റെ സെമി കേഡർ. മുഖ്യമന്ത്രിക്കു രാഹുൽ ഗാന്ധിയുടെ ഓഫിസിൽ കയറുന്ന കാര്യം ആലോചിക്കലല്ല പണി. ബഫർസോൺ, രാത്രിയാത്രാ നിരോധനം, നിലമ്പൂർ - നഞ്ചൻകോട് റെയിൽവേ പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ല – ഗഗാറിൻ പറഞ്ഞു. സിപിഎം സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.എൻ.പ്രഭാകരൻ, കൽപറ്റ ഏരിയ സെക്രട്ടറി വി.ഹാരിസ് എന്നിവർ പ്രസംഗിച്ചു. 

എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ച് ‌അറിവുണ്ടായിരുന്നു: സിപിഎം

കൽപറ്റ ∙ രാഹുൽ‌ ഗാന്ധി എംപിയുടെ ഓഫിസിലേക്കുള്ള എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. എന്നാൽ, അക്രമം നടന്നതു പാർട്ടിയോ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയോ അറിഞ്ഞുകൊണ്ടല്ല. സിപിഎം സംസ്ഥാന സമിതിയിൽ വയനാട് ജില്ലാ കമ്മിറ്റിയെ വിമർശിച്ചിട്ടില്ല. എസ്എഫ്ഐ ജില്ലാ മുൻ സെക്രട്ടറി കെ.ആർ. അവിഷിത്ത് പ്രതിഷേധമാർച്ചിൽ പങ്കെടുത്തിട്ടില്ല. വിദ്യാർഥികളെ പിരിച്ചുവിടാനാണ് അവിഷിത്ത് എത്തിയത്. അവിഷിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഫിസ് ആക്രമിച്ച സാഹചര്യം പരിശോധിക്കും. അക്രമമുണ്ടായതു സിപിഎമ്മിന്റെ കഴിവുകേടോ പിടിപ്പുകേടോ അല്ല. എല്ലാ സംഘടനകളും സമരം നടത്തുന്നുണ്ട്. ആ സന്ദർഭത്തിൽ വന്നുചേരുന്ന ചില പ്രശ്നങ്ങൾ മാത്രമാണുണ്ടായത്. എങ്ങനെയാണ് അത്തരമൊരു സാഹചര്യം വന്നതെന്നു ഞങ്ങൾ പരിശോധിക്കും. പാർട്ടി അംഗങ്ങൾ ഉത്തരവാദികളാണെങ്കിൽ നടപടി സ്വീകരിക്കും. യാദൃശ്ചികമായുണ്ടായ സംഭവത്തിൽ പൊലീസിന് അനാസ്ഥയുണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്നും ഗഗാറിൻ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS