കൽപറ്റ ∙ കൈനാട്ടി ജനറൽ ആശുപത്രിയിൽ സായാഹ്ന ഒപി തുടങ്ങാൻ നഗരസഭാ തീരുമാനം. ജൂലൈ ഒന്നു മുതൽ പ്രവർത്തനം തുടങ്ങും. ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, അസിസ്റ്റന്റ് ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചു. മറ്റ് അടിസ്ഥാന സൗകര്യങ്ങളും ക്രമീകരിക്കും. രോഗികൾ കൂടുതൽ എത്തുന്നതിനു പുറമേ അത്യാഹിത വിഭാഗത്തിലെ തിരക്കും പരിഗണിച്ചാണ് ഒപി സൗകര്യം വിപുലീകരിക്കുന്നത്. രാവിലെ 8 മണി മുതൽ ഒന്നു വരെയാണു നിലവിൽ ജനറൽ ഒപി പ്രവർത്തനം.
അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ സേവനം പൂർണസമയവും ലഭിക്കുന്നുണ്ട്. ശരാശരി 1,300 പേരാണ് ഒരു ദിവസം കൈനാട്ടി ആശുത്രിയിൽ ചികിത്സ തേടുന്നത്. ഡോക്ടറുടെ സേവനം ഉച്ചവരെ മാത്രമേയുള്ളൂവെന്നതിനാൽ ജനറൽ ഒപിയിൽ വലിയ തിരക്കാണ്. ഉച്ചയ്ക്ക് ശേഷം ഒപി ഇല്ലാത്തതിനാൽ നിസ്സാര രോഗമുള്ളവർക്കു പോലും ഡോക്ടറെ കാണാനായി അത്യാഹിത വിഭാഗത്തിൽ എത്തേണ്ടിവരുന്നു. അതിനിടെ, അത്യാസന്ന നിലയിലുള്ള രോഗികൾ എത്തിയാൽ ഈ സേവനവും തടസ്സപ്പെടും.
സായാഹ്ന ഒപി ഇതിനെല്ലാം പരിഹാരമാകും. തോട്ടം തൊഴിലാളികൾ, കർഷകർ, കൂലിപ്പണിക്കാർ എന്നിവർക്കും വിവിധ മേഖലയിലെ ജീവനക്കാർക്കും ജോലിക്ക് ശേഷം വൈകിട്ട് ജനറൽ ഒപിയിൽനിന്ന് ഡോക്ടറെ കാണാനാവും. കൂടാതെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്കു മെച്ചപ്പെട്ട ചികിൽസയും പരിചരണവും ശ്രദ്ധയും വേഗത്തിൽ നൽകാനും നിലവിലെ തിരക്കൊഴിവാക്കാനും സായാഹ്ന ഒപി തുടങ്ങുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"10 ലക്ഷം രൂപയാണ് പദ്ധതി വിഹിതത്തിൽ നിന്ന് സായാഹ്‌ന ഒപിക്കായി ചെലവഴിക്കുന്നത്. രോഗികൾക്കു വേഗത്തിൽ ചികിത്സയും മറ്റു സൗകര്യങ്ങളും ഉറപ്പാക്കുകയും വൈകുന്നേരങ്ങളിലും ആശുപത്രിയിലെത്തി ഡോക്ടറെ കാണാനുള്ള സൗകര്യം ഒരുക്കുകയുമാണു ലക്ഷ്യം. അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതൽ തുക ഇനിയും അനുവദിക്കും." -കേയംതൊടി മുജീബ്, നഗരസഭാ ചെയർമാൻ