കാവുംമന്ദം∙ എടത്തറക്കടവ് പുഴയിലെ തുരുത്ത് ദുരിതമാകുന്നു. പുഴയിൽ ഒലിച്ചു വന്ന മണ്ണു കുന്നുകൂടി തുരുത്തു രൂപപ്പെട്ടതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു പുഴ ഗതിമാറി ഒഴുകുകയാണ്. ഇതു വെള്ളപ്പൊക്കത്തിനു കാരണമായിട്ടുണ്ട്. നീരൊഴുക്കു വർധിക്കുന്നതോടെ സമീപത്തെ കൃഷിയിടങ്ങളിലേക്ക് അടക്കം വെള്ളം കയറുന്നതും പതിവായി. ജലസേചന വകുപ്പിന്റെ പുഴ ശുചീകരണ പ്രവൃത്തിയുടെ ഭാഗമായുള്ള മണ്ണ് നീക്കം ചെയ്യൽ ഈ പുഴയിലും നടത്തിയിരുന്നു.
തുരുത്തിന്റെ 500 മീറ്റർ അടുത്തു വരെ ശുചീകരിച്ചിരുന്നു. എന്നാൽ, വൻ തോതിൽ മണ്ണ് കുന്നുകൂടി പുഴ നശിക്കുന്ന അവസ്ഥയിലായ ഈ തുരുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം നന്നാക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്. 70 മീറ്ററോളം വീതിയിൽ ഒഴുകുന്ന പുഴ തുരുത്ത് രൂപപ്പെട്ട ഭാഗം 20മീറ്ററോളം ഭാഗം മാത്രമേ വെള്ളം ഒഴുകാൻ ഇടമുള്ളൂ. മഴ പെയ്യുമ്പോൾ പുഴ ഗതിമാറി ഒഴുകി കര കവിയുന്നു. പുഴ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.