തേയിലക്കൊളുന്തിന് വൻ വിലത്തകർച്ച; വിളവ് വഴിയിലുപേക്ഷിച്ച് കർഷകർ

തേയില വില തകര്‍ച്ചയെ തുടര്‍ന്നു ഫാക്ടറികൾ തേയിലക്കൊളുന്ത് സംഭരിക്കുന്നത് കുറച്ചതിനാല്‍ കര്‍ഷകര്‍ തേയില ചപ്പ് വഴിയോരങ്ങളില്‍ ഉപേക്ഷിക്കുന്നു.
തേയില വില തകര്‍ച്ചയെ തുടര്‍ന്നു ഫാക്ടറികൾ തേയിലക്കൊളുന്ത് സംഭരിക്കുന്നത് കുറച്ചതിനാല്‍ കര്‍ഷകര്‍ തേയില ചപ്പ് വഴിയോരങ്ങളില്‍ ഉപേക്ഷിക്കുന്നു.
SHARE

ഗൂഡല്ലൂർ ∙ തേയില മേഖലയെ പ്രതിസന്ധിയിലാക്കി കനത്ത വിലത്തകർച്ച. മഴ ആരംഭിച്ചതോടെ ഉൽപാദനവും വർധിച്ചു. ഫാക്ടറികളിൽ തേയില സംഭരണവും കുറച്ചതോടെ കർഷകർ തേയിലക്കൊളുന്ത് വഴിയിൽ ഉപേക്ഷിക്കുകയാണ്. തൊഴിലാളികളുടെ കൂലിയും കൃഷി അനുബന്ധ വസ്തുക്കളുടെ വിലയും വർധിച്ചതോടെ നഷ്ടം സഹിച്ചാണ് കർഷകർ ഈ കൃഷിയെ കൊണ്ടു പോകുന്നത്.15 ദിവസത്തിലൊരിക്കൽ തേയില ചെടിയിൽ നിന്നു കൊളുന്ത് എടുത്ത് ഫാക്ടറിയിലെത്തിക്കണം. ഈ ദിവസങ്ങളിൽ തൊഴിലാളികളെ ലഭിക്കാതാകുന്നതോടെ കൊളുന്ത് മൂത്തു പോകും.

പിന്നീട് തൊഴിലാളികളെ ഉപയോഗിച്ച് ചെടിയിൽ നിന്നു മൂത്ത ഇലകൾ വെട്ടിമാറ്റണം. തോട്ടങ്ങളിലെ കളകൾ വെട്ടി നീക്കണം, മഴക്കാലത്ത് ഉണ്ടാകുന്ന പൂപ്പൽ രോഗങ്ങളെ ചെറുക്കുന്നതിനായി മരുന്ന് തളിക്കണം. വളപ്രയോഗം നടത്തണം. തോട്ടങ്ങളിലെ നിഴൽ മരങ്ങളിൽ നിന്നു ശിഖരങ്ങൾ വെട്ടി നീക്കണം. എന്നാൽ നിലവിലെ പ്രതിസന്ധിയിൽ തോട്ടങ്ങളുടെ സംരക്ഷണം പോലും നടത്താൻ കഴിയാതെ കർഷകർ ദുരിതത്തിലാണ്.

കഴിഞ്ഞ മാസം സഹകരണ ഫാക്ടറികൾ തേയിലക്കൊളുന്തിന് കിലോഗ്രാമിന് 11 രൂപയാണു വില നിശ്ചയിച്ചത്. സ്വകാര്യ ഏജന്റുമാർ ഇതിലും താഴ്ന്ന വിലയാണു കർഷകർക്ക് നൽകുന്നത്. രണ്ടു മാസം കഴിഞ്ഞിട്ടും വിൽപന നടത്തിയ തേയിലക്കൊളുന്തിന്റെ വില കർഷകർക്ക് ലഭിക്കുന്നില്ല. തേയില ഫാക്ടറികൾ ഇപ്പോൾ ആഴ്ചയിൽ 3 ദിവസം മാത്രമാണു തേയില സംഭരിക്കുന്നത്. സംഭരണം കുറച്ചതും കർഷകർക്ക് ദുരിതമായി. ചായപ്പൊടിയുടെ കയറ്റുമതി കുറഞ്ഞതും അഭ്യന്തര വിപണിയിൽ ആവശ്യം കുറഞ്ഞതും വില തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തുന്നത്.

തേയില ഫാക്ടറികൾ നഷ്ടത്തിലായതോടെ പലതും അടച്ചു പൂട്ടിയതു കാരണം പച്ച തേയില സംഭരിക്കാനും സംവിധാനങ്ങളില്ല. ലേല കേന്ദ്രങ്ങളിൽ ചായപ്പൊടി കെട്ടിക്കിടക്കുകയാണ്. ലേല കേന്ദ്രങ്ങളിൽ വില നിർണയത്തിലും വ്യാപകമായ അഴിമതി നടക്കുന്നതായും കർഷകർ ആരോപിച്ചു. മറ്റു കാർഷിക ഉൽപന്നങ്ങളെ അപേക്ഷിച്ച് ചായപ്പൊടി വിപണനത്തിന് രാജ്യാന്തര തലത്തിൽ മികച്ച സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ സംവിധാനങ്ങൾ കൃത്യമായി ഉപയോഗിച്ചാൽ തേയില വിപണി മികവുറ്റതാക്കി മാറ്റാന്‍ കഴിയും.

നല്ല ചായ ഉപഭോക്താവിന് ലഭിക്കുന്നതിന് ഇടപെടലുകൾ ആവശ്യമാണ്. വിപണിയിൽ ചായപ്പൊടിയുടെ വില ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഉപഭോക്താവ് വർധിച്ച വില നൽകിയാണ് ചായപ്പൊടി വാങ്ങുന്നത്. തേയിലക്കൊളുന്ത് സംഭരിച്ച് ഫാക്ടറികളിൽ എത്തിക്കുന്ന ഇടനിലക്കാരനും ലേല കേന്ദ്രങ്ങളിലെ ഇടനിലക്കാരനും പ്രതിസന്ധികൾ ഉണ്ടാകുന്നില്ല. വില തകരുമ്പോൾ ‍കർഷകനും ഫാക്ടറി ഉടമകളുമാണ് ദുരിതത്തിലാകുന്നത്. ജില്ലയിൽ 65,000 ചെറുകിട തേയില കർഷകരാണ് ഉള്ളത്. മിക്ക തേയിലത്തോട്ടങ്ങളും ‍ഉപേക്ഷിച്ച നിലയിലാണ്. പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS