ADVERTISEMENT

ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ 30.69 കോടി രൂപയുടെ പദ്ധതികൾക്ക് രൂപരേഖയായി

കൽപറ്റ ∙ കാൻസർ ചികിത്സയ്ക്ക് ആധുനിക സൗകര്യമൊരുക്കി കാൻസർ കെയർ വയനാട്, കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന കാർബൺ ന്യൂട്രൽ വയനാട് തുടങ്ങിയ പദ്ധതികൾ അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്  2022 -23 വർഷം വിവിധ മേഖലകളിലായി 30.69 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി രൂപരേഖയായി. കാൻസർ കെയർ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു സർവേ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. 

മലബാർ കാൻസർ സെന്റർ പദ്ധതിയുടെ നോഡൽ ഏജൻസിയായിരിക്കും. വയനാടിനെ കാർബൺ ന്യൂട്രൽ ജില്ലയാക്കാൻ വിശദമായ പഠനം നടത്തും. വയനാടിന്റെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്  കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

ആകെ 137 വാർഷിക പദ്ധതികൾ 

വിവിധ വർക്കിങ് ഗ്രൂപ്പുകളിൽ നിന്നു വിശദമായ ചർച്ചയ്ക്ക് ശേഷം രൂപപ്പെടുത്തിയ 137 പദ്ധതികളാണു രണ്ടാം ഘട്ടം വാർഷിക പദ്ധതികളായി സെമിനാറിൽ അവതരിപ്പിച്ചത്. ഒന്നാം ഘട്ടത്തിൽ സ്പിൽ ഓവർ ഉൾപ്പെടെ 28.57 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഉൽപാദന, വിദ്യാഭ്യാസ മേഖലയ്ക്കാണു രണ്ടാം ഘട്ട കരടുപദ്ധതി രേഖയിൽ പ്രാധാന്യം നൽകിയത്.

ജനറൽ വികസന ഫണ്ടിൽ നിന്നു 12.94 കോടി രൂപയും പട്ടികജാതി വികസന ഫണ്ടിൽ നിന്ന് 2.04 കോടി രൂപയും പട്ടിക വർഗ വികസന ഫണ്ടിൽ നിന്ന് 8.16 കോടി രൂപയും തനത് ഫണ്ടിൽ നിന്ന് 2.38 കോടി രൂപയും വിവിധ പദ്ധതി അടങ്കലായി വകയിരുത്തിയിട്ടുണ്ട്. മെയ്ന്റനൻസ് ഗ്രാന്റിൽ റോഡ്, റോഡിതര പദ്ധതികൾക്കായി യഥാക്രമം 4.18 കോടി, 40 ലക്ഷം രൂപയുടെ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.  

കൊഴിഞ്ഞുപോക്ക് തടയാൻ വൺ ഗെയിം വൺ സ്കൂൾ 

പട്ടിക വർഗ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക് തടയാനായി വൺ ഗെയിം വൺ സ്‌കൂൾ എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. കലാ കായിക മേഖലയിലെ കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിന് ട്രൈബൽ യൂത്ത് എന്ന പേരിൽ ധനസഹായ പദ്ധതി രൂപീകരിക്കും. സ്‌കൂൾ, കോളജ്, ജില്ലാ, സംസ്ഥാന ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ വിജയികളാകുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിഭ പിന്തുണ ധനസഹായ പദ്ധതി ആരംഭിക്കും.

ഈ വർഷത്തോടു കൂടി ജില്ലയിലെ മുഴുവൻ സ്‌കൂളുകളും ആസ്ബസ്റ്റോസ്‌ രഹിതമാക്കാനുള്ള പദ്ധതിയും വയോജനങ്ങളുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടികളും, യോഗാ പരിശീലനവും ആരംഭിക്കാനുളള പദ്ധതികളും സെമിനാറിൽ അവതരിപ്പിച്ചു.

ചടങ്ങിൽ കരട് വികസന രേഖ സ്ഥിരം സമിതിയധ്യക്ഷൻ ജുനൈദ് കൈപ്പാണി,  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് നൽകി പ്രകാശനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനം സ്ഥിരം സമിതി അധ്യക്ഷ ബീനാജോസ്  പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എച്ച്.ബി. പ്രദീപിനു നൽകി പ്രകാശനം ചെയ്തു. കരട് വികസന രേഖ, കരട് പദ്ധതി രേഖ എന്നിവ സ്ഥിരം സമിതി അധ്യക്ഷ ഉഷാ തമ്പി അവതരിപ്പിച്ചു. 

ജോസഫ് ചക്കാലക്കലിന്റെ വയനാടൻ ഗ്രാമങ്ങളുടെ ചരിത്ര പശ്ചാത്തലം എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. മംഗലശ്ശേരി നാരായണൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുൻ വാർഷിക പദ്ധതി നിർവഹണ പുരോഗതി ജില്ലാ പഞ്ചായത്ത് എഒ  വി. അലി അവതരിപ്പിച്ചു. എം. മുഹമ്മദ് ബഷീർ, സുരേഷ് താളൂർ, ആർ. മണിലാൽ എന്നിവർ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ,  ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത്, പ്ലാനിങ് ഓഫിസ് ഉദ്യോഗസ്ഥർ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അക്കാദമിക രംഗത്തു വൻ മാറ്റം 

 

ർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി നെൽക്കൃഷിക്ക് സബ്സിഡി നൽകാനും ക്ഷീര കർഷകർക്ക് പാൽ  സബ്സിഡി നൽകാനും നിർദേശമുണ്ട്. ജില്ലയിൽ വെറ്ററിനറി മേഖലയിൽ പരിശോധനകൾ വർധിപ്പിക്കുന്നതിന് ഹൈടെക് ലബോറട്ടറി സൗകര്യം സ്ഥാപിക്കാനും മണ്ണറിഞ്ഞ് കൃഷിയിറക്കുന്നതിനായി കൂടുതൽ മണ്ണ് പരിശോധന ഉപകരണങ്ങൾ വാങ്ങാനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഏകോപന പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കാൻ സെമിനാർ നിർദേശിച്ചു.

എല്ലാ വിദ്യാലയങ്ങളിലും ഇന്ററാക്ടീവ് പാനൽ ബോർഡ് ഉൾപ്പെടെയുളള മാതൃക സ്മാർട്ട് റൂം ഒരുക്കും. പെൺകുട്ടികൾക്കായി എല്ലാ സ്‌കൂളുകളിലും റെസ്റ്റ് റൂം ഒരുക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും വായന സൗകര്യത്തോടെയുള്ള ലൈബ്രററികളും ഓൺലൈൻ വായനയും സാധ്യമാക്കും. വിജയശതമാനം ഉയർത്തുന്നതിന് അക്കാദമിക് തലത്തിൽ വരുത്താൻ പറ്റുന്ന മാറ്റങ്ങൾ ആസൂത്രണം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com