ADVERTISEMENT

എംപി ഓഫിസിലെ ഗാന്ധിചിത്രം തകർത്തതിനെച്ചൊല്ലി ഏറുന്ന ആരോപണങ്ങൾ

കൽപറ്റ ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്തതാരെന്നതിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെ, അന്വേഷണസംഘം അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഓഫിസിനുള്ളിലെ ഒരു കാമറയിലെയും കെട്ടിടത്തിനു താഴെയുള്ള കടയിലെയും നിരീക്ഷണക്യാമറ ദൃശ്യങ്ങളാണു പരിശോധിച്ചത്. വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, ആക്രമസംഭവങ്ങളുടെ മൊബൈൽ ക്യാമറ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഓഫിസിലുണ്ടായ അക്രമത്തിന്റെ ദൃക്സാക്ഷികളെയും പലതവണയായി സംഭവ സ്ഥലത്തെത്തിയവരെയും ചോദ്യം ചെയ്യും. 

ഇന്നലെ കമ്പളക്കാട് സിഐ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംപി ഓഫിസിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ, അക്രമം നടന്ന് ഇത്രയും ദിവസമായതിനാൽ സംഭവസ്ഥലത്തുനിന്നു വേണ്ടത്ര തെളിവുകൾ ശേഖരിക്കാനാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ഓഫിസ് ഹാളിലെ നിരീക്ഷണകാമറയിലെ ദൃശ്യങ്ങളിൽ അക്രമങ്ങളുടെ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. 

സംഭവസ്ഥലത്തു നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇരുവിഭാഗവും സമൂഹമാധ്യമങ്ങളിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറി. ഓഫിസിൽ അതിക്രമിച്ചു കയറിയ എസ്എഫ്ഐ പ്രവർത്തകരാണു ഗാന്ധിയുടെ ചിത്രം താഴെയിട്ടു നശിപ്പിച്ചതെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുന്നു. എന്നാൽ, ഗാന്ധി നിന്ദ നടത്തിയിട്ടില്ലെന്നും എസ്എഫ്ഐയുടെ തലയിൽ കുറ്റം ചാർത്താൻ കോൺഗ്രസുകാർ തന്നെയാണു ഗാന്ധിജിയുടെ ചിത്രം തകർത്തതെന്നതിനു വിഡിയോകളും ഫോട്ടോകളും തെളിവാണെന്നും സിപിഎം പ്രവർത്തകർ പറയുന്നു. 

ആക്രമണം നടത്തിയവർ പുറത്തു പോയതിനു ശേഷമുള്ള ചില ഫോട്ടോകളിൽ ഓഫിസിലെ ചുമരിൽ ഗാന്ധിചിത്രം കാണാം. അതിനു ശേഷമാണു ഗാന്ധിചിത്രം തകർക്കപ്പെട്ടതെന്നും വാദമുയരുന്നു. ആക്രമണത്തെത്തുടർന്ന് എംപി ഓഫിസിനു താഴെ പൊലീസുമായി സംഘർഷം നടക്കുമ്പോഴാണു തകർക്കപ്പെട്ട ഗാന്ധി ചിത്രത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്. ഓഫിസ് ജീവനക്കാരെ മർദിക്കുകയും എംപിയുടെ കസേരയിൽ വാഴ വയ്ക്കുകയും ചെയ്തു പോയശേഷം ഓഫിസിൽ കയറിപ്പറ്റിയ എസ്എഫ്ഐ സംഘമാണു ഗാന്ധിചിത്രം വലിച്ചു താഴെയിട്ടതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. 

പലതവണയായി ഒന്നിലേറെ എസ്എഫ്ഐ സംഘങ്ങൾ ഓഫിസിലെത്തി. അക്രമം നടത്തിയ മിക്ക എസ്എഫ്ഐക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതിനു ശേഷവും ചില എസ്എഫ്ഐക്കാർ എംപി ഓഫിസ് പരിസരത്തു ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നുവെന്നു കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com