ADVERTISEMENT

മാനന്തവാടി ∙ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 16 വിദ്യാർഥികൾ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യ വിഷബാധയെന്നാണു പ്രാഥമിക നിഗമനം. കുട്ടികൾ കഴിച്ച ഭക്ഷണ സാധനങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 10.30 ഓടെയാണു കുട്ടികളെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 6, 7, 10 ക്ലാസുകളിൽ പഠിക്കുന്നവർക്കാണു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.  

എന്നാൽ, ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഹോസ്റ്റലും ആശുപത്രിയും സന്ദർശിച്ച ഡിഎംഒ  ഡോ. കെ. സക്കീന പറഞ്ഞു. വിദ്യാർഥികൾക്ക് ഇഡലിയും ബിസ്ക്കറ്റുമാണു രാവിലെ നൽകിയത്. ഇതു കഴിച്ച ജീവനക്കാർക്കും മറ്റു വിദ്യാർഥികൾക്കും പ്രശ്നങ്ങളില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കൽ കോളജിൽ എത്തി അന്വേഷണം നടത്തി.

അവധി ദിവസം കുട്ടികളെ കാണാൻ എത്തിയ രക്ഷിതാക്കൾ കൊണ്ടുവന്ന ഭക്ഷണ സാധനങ്ങളാണോ കുട്ടികൾ‌ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകാൻ കാരണമായതെന്ന സംശയവും ഉയർന്നിട്ടുണ്ട്. കുട്ടികൾ കഴിച്ച കപ്പ ചിപ്സ് പോലുള്ള ഭക്ഷണസാധനങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

അന്വേഷണം വേണം: കോൺഗ്രസ് 

നല്ലൂർനാട് അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലുണ്ടായ ഭക്ഷ്യ വിഷബാധയെ കുറിച്ചു വിശദമായ അന്വേഷണം വേണമെന്ന് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. 400ഓളം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ വളരെ ശോച്യാവസ്ഥയിലാണ്.  അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് വിദ്യാർഥികളുടെ ജീവിതം സുരക്ഷിതമാക്കാൻ നടപടി ഉണ്ടാകണം. അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. 

തോട്ടത്തിൽ വിനോദ് അധ്യക്ഷത വഹിച്ചു. കമ്മന മോഹനൻ, കെ.ജെ. പൈലി, ജിൽസൻ തൂപ്പുംകര, ഷിൽസൺ മാത്യു, സി.പി. ശശിധരൻ, രാജൻ കൊല്ലിയിൽ, ജെൻസി ബിനോയ്, നാസർ തുറക്ക, ഷിനു വടകര, നിധിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com