ADVERTISEMENT

നഞ്ചൻകോട് – വയനാട് – നിലമ്പൂർ റെയിൽപാതയ്ക്ക് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലുടെ സർവേ നടത്താൻ കർണാടക സർക്കാർ എതിരുനിൽക്കില്ലെങ്കിലും സംസ്ഥാന സർക്കാർ സർവേ നടപടികൾക്കായി ഒന്നും ചെയ്തില്ല. മറുവശത്ത് കർണാടക അനുവാദം നൽകാത്ത മൈസൂരു– തലശ്ശേരി പാതയുടെ സർവേയ്ക്കു കോടികൾ അനുവദിക്കുകയും ചെയ്തു. ഇത് ആരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ്? 

ബത്തേരി ∙ നഞ്ചൻകോട് – വയനാട് – നിലമ്പൂർ റെയിൽപാതയ്ക്ക് ഏറ്റവും വലിയ തടസ്സമായി സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലുടെ സർവേ നടത്താൻ കർണാടക സർക്കാർ അനുവദിക്കുന്നില്ലെന്നാണ്. അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ആവർത്തിച്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ സർവേ നടത്താൻ അനുവദിക്കില്ലെന്ന് കർണാടക സർക്കാർ എവിടെയും രേഖാപരമായി പറഞ്ഞിട്ടില്ലെന്നു സമരരംഗത്തുള്ളവർ പറയുന്നു.

കൂടാതെ സർവേ നടത്തുന്നതിന് എതിർപ്പില്ലെന്നു കാണിച്ചു സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിനും ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കും 2017ൽ കർണാടക കത്തു നൽകിയിരുന്നു. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. മറുവശത്ത് കർണാടക അനുവാദം നൽകാത്ത മൈസൂരു– തലശ്ശേരി പാതയുടെ സർവേക്കു കോടികൾ അനുവദിക്കുകയും ചെയ്തു. എതിർപ്പില്ലെന്ന് അറിയിച്ചിട്ടും തുടർ നടപടികൾക്ക് അയിത്തം കൽപിക്കാൻ സർക്കാരിൽ പ്രേരണ നൽകിയത് ആരെന്നാണു ചോദ്യം.

പാതയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന്റെ ഭാഗമായി ഇ. ശ്രീധരൻ മുൻകൈയെടുത്ത് 2017 മാർച്ച് 3ന് ബെംഗളൂരുവിൽ കർണാടക അഡീഷനൽ പിസിസിഎഫ് അരുൺ റെഡ്ഡി അടക്കമുള്ള പങ്കെടുത്ത ഒരു ഉന്നത തല യോഗം നടന്നിരുന്നു. ഈ യോഗത്തിൽ അരുൺ റെഡ്ഡി, ഡോ. എസ്. സി. ജോഷി എന്നിവരടക്കമുള്ള കർണാടക ഉന്നത ഉദ്യോഗസ്ഥർ ബന്ദിപ്പൂർ സംരക്ഷിത വനമേഖലയിൽ കൂടി റെയിൽവേ ലൈൻ കടന്നു പോകുന്നതിന്റെ ആശങ്ക അറിയിച്ചു. വന്യജീവികൾക്കും പരിസ്ഥിതിക്കും ദോഷമാകില്ലേയെന്നും ചോദിച്ചു. എന്നാൽ വന്യജീവികൾക്കും വന്യജീവി സങ്കേതത്തിനും യാതൊരു പ്രശ്നവും സൃഷ്ടിക്കില്ലെന്ന് ഇ. ശ്രീധരൻ കാര്യ കാരണ സഹിതം യോഗത്തിൽ വ്യക്തമാക്കി.

വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് ടോപ്പോഗ്രാഫിക്കൽ (ഭൂപ്രകൃതി) സർവേയും പാരിസ്ഥിതിക പഠനവുമടക്കമുള്ള വിശദമായ സർവേ നടത്തണമെന്നും കർണാടക വനംവകുപ്പിന്റെ അനുമതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഭരണകാര്യങ്ങൾക്കുള്ള ഒരു ഫോറസ്റ്റ് ഭൂപടം മാത്രമാണ് ബന്ദിപ്പൂർ വന്യജീവി സങ്കേതം സംബന്ധിച്ച് കൈവശമുള്ളതെന്നും അത് ഉടൻ ഡിഎംആർസിക്കു കൈമാറാമെന്നും അതിൽ റെയിൽപാതയുടെ അലൈൻമെന്റ് അടക്കം സംയോജിപ്പിച്ച് സൂപ്പർ ഇംപോസ്ഡ് ഭൂപടം നൽകണമെന്നും കർണാടക ആവശ്യപ്പെട്ടു.

കൂടാതെ വനമേഖല ഇല്ലാത്ത ഭാഗങ്ങളുണ്ടെങ്കിൽ അതുവഴി പാത കടത്തി വിടുന്നത് സംബന്ധിച്ച് ആലോചിക്കണമെന്നും യോഗത്തിൽ തീരുമാനമുണ്ടായി. കർണാടക തങ്ങളുടെ ഫോറസ്റ്റ് മാപ് കൈമാറുകയും ഡിഎംആർസി പിന്നീട് സൂപ്പർ ഇംപോസ്ഡ് മാപ് തയാറാക്കുകയും ചെയ്തു. എന്നാൽ സർവേ നടപടികൾക്കായി 2017 ഫെബ്രുവരി 13ന് സർക്കാർ അനുവദിച്ച 2 കോടിരൂപ നൽകാതായതോടെ ഡിഎംആർസി എല്ലാം നിർത്തി. സംസ്ഥാന സർക്കാരും തുടർ നടപടികളെടുത്തില്ല.

പാത ടണൽ വഴിയെങ്കിൽ എതിർപ്പില്ലെന്ന് കർണാടകയുടെ കത്ത്

2017 നവംബർ 8ന് സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിനും ഐ. സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കും സർവേ നടപടികൾക്ക് തങ്ങൾക്ക് എതിർപ്പില്ലെന്ന് അറിയിച്ച് കർണാടക വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കത്തയച്ചു. ഡിഎംആർസി വ്യക്തമാക്കിയിട്ടുള്ളതു പോലെ പാരിസ്ഥിതിക ആഘാതമില്ലാതെ തുരങ്കം വഴിയെങ്കിൽ എതിർപ്പില്ലെന്നായിരുന്നു കത്തിലുള്ളത്.

അതിനായി 1980ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെയും അനുമതി വാങ്ങേണ്ടതുണ്ട്. അതിനായി യോജിച്ചു നീങ്ങാമെന്നുമാണു കത്തിലുള്ളത്. ഏറ്റവും വലിയ തടസ്സമായി നിന്ന കർണാടകയ്ക്ക് എതിർപ്പില്ലെന്ന് അറിയിച്ചപ്പോൾ കേന്ദ്ര അനുമതികൾക്കായുള്ള നീക്കം പിന്നീട് ഉണ്ടായില്ല എന്നതാണു പ്രധാന ആക്ഷേപം.

റെയിൽപാതകൾക്ക് തടസ്സമില്ലെന്ന് സുപ്രീം കോടതിയും

വന്യജീവി സങ്കേതങ്ങൾ വഴി റെയിൽപാതകൾക്ക് അനുമതി നൽകാമെന്ന് സുപ്രീം കോടതി വിധിയുണ്ട്. കൊങ്കൺ റെയിൽവേ കേസിലാണു സുപ്രധാന വിധി വന്നത്. വന്യജീവി സംരക്ഷണ നിയമം, വനസംരക്ഷണ നിയമനം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ ബാധകമല്ലെന്നായിരുന്നു വിധിയിൽ. ബംഗാളിൽ നിന്ന് സിക്കിമിലേക്കുള്ള റൂട്ടിൽ ഷിവോക്ക് റോങംപോ റെയിൽപാതയ്ക്കും ഇത്തരത്തിൽ സുപ്രീം കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു.

തുടർന്ന് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ വന്യജീവി ബോ‍ർഡും ഈ പാതയ്ക്ക് അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ കർണാടക എതിർപ്പില്ലെന്ന് അറിയിച്ച നഞ്ചൻകോട്– നിലമ്പൂർ പാതയുടെ കേസിൽ സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ചാൽ മറ്റ് അനുമതികളും ലഭ്യമാകും.

സർക്കാർ നിലപാടുകൾ ജില്ലയുടെ വികസനത്തെ എതിർക്കുന്നത്:ഐ.സി. ബാലകൃഷ്ണൻ എംഎൽഎ

നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികൾക്ക് പോലും തടയിട്ട് വയനാടിന്റെ പൊതുവികസനത്തെ എതിർക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി.2019ലെ മന്ത്രിസഭാ തീരുമാനത്തെ സാധൂകരിക്കുന്നതാണ് ബഫർസോൺ സംബന്ധിച്ചുള്ള ഇപ്പോഴത്തെ സുപ്രീം കോടതി വിധി. പല വന്യജീവി സങ്കേതങ്ങളുടെ അതിർത്തി നിർണയിച്ചു കൃത്യമായ വിജ്ഞാപനം സർക്കാർ ഇറക്കിയിട്ടില്ല.

നഞ്ചൻകോട് നിലമ്പൂർ റെയിൽവേ പാതയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് 8 കോടിരൂപ മതിയെന്നും 5 വർഷം കൊണ്ട് 6000 കോടി രൂപ മുതൽ മുടക്കിൽ പാത പൂർത്തിയാക്കാമെന്നും ഇ. ശ്രീധരൻ അന്ന് ഉറപ്പു നൽകിയതാണ്. എന്നാൽ ആദ്യഗഡുവായി അനുവദിച്ച 2 കോടി രൂപ പോലും അക്കൗണ്ടിലേക്ക് കൈമാറാതെ മരവിപ്പിച്ചു. 

എന്നിട്ടിപ്പോൾ 18 കോടി രൂപ മുടക്കി തലശ്ശേരി മൈസൂരു പാതയ്ക്കായി ഹെലികോപ്റ്റർ സർവേ നടത്തിയിരിക്കുകയാണ്. സർവേ ഫലം എന്താണെന്നു പോലും വ്യക്തമാക്കിയിട്ടില്ല. റെയിൽവേ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും താനും കർണാടകയിൽ പോയി റെയിൽവേയുടെ ചുമതലയുള്ള മന്ത്രിയെയും കർണാടക ചീഫ് സെക്രട്ടറിയെയും കണ്ടിരുന്നു. 

 കേരള സർക്കാരിന്റെ പിന്തുണയോടെ ഇ. ശ്രീധരൻ കത്തു നൽകുകയാണെങ്കിൽ അനുവദിക്കാം എന്ന് അവർ പറഞ്ഞു. പലതവണ ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മേലധികാരികളുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com