മക്കിയാട്ട് മദിച്ചാടി കാട്ടാനകൾ; മനം തകർന്ന് കർഷകർ‌

wayanad-elephant-destruction
മുള്ളൻകൊല്ലി പഞ്ചായത്തിലെ മാടലില്‍ തൈപ്പറമ്പില്‍ ബൈജുവിന്റെ കൃഷിയിടം കാട്ടാന നശിപ്പിച്ച നിലയിൽ.
SHARE

മക്കിയാട് ∙ പ്രദേശത്ത് അടിക്കടി വർധിക്കുന്ന കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ. കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച് ആനകൾ പ്രദേശത്തു വിലസുകയാണ്. മക്കിയാട് വനമേഖലയിൽ നിന്നു നാട്ടിലിറങ്ങുന്ന ആനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതു പതിവായതോടെ പ്രദേശവാസികൾ വൻ ഭീതിയിലായി. കഴി‍ഞ്ഞ ദിവസം ഗവ.എൽ‍പി സ്കൂളിനു സമീപത്തെത്തിയ ആന സമീപത്തെ വാഴക്കൃഷി വൻ തോതിൽ നശിപ്പിച്ചു. പുല്ലുവേലിക്കകത്ത് കുഞ്ഞപ്പന്റെ വീട്ടിലെ ജനൽ തകർക്കാൻ ശ്രമം നടത്തിയെങ്കിലും വീട്ടുകാർ ഒച്ച വച്ചതിനെ തുടർന്ന് ഇവിടം വിട്ടു പോയി. തുടർന്ന് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ തെങ്ങ്, കമുക്, കാപ്പി എന്നിവ വൻ തോതിൽ നശിപ്പിച്ചു. ആലി വാഴയിൽ, മമ്മൂട്ടി കളരി, കണ്ണോലൻ പോക്കർ, ജോൺ മാമല, ജോയി എടത്തറ എന്നിവരുടെ കാർഷിക വിളകളും‍ വൻ തോതിൽ നശിപ്പിച്ചിട്ടുണ്ട്. 

wayanad-crop-damaged
മക്കിയാട് പ്രദേശത്ത് കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങളിലൊന്ന്.

3 ആനകളാണ് ഇവിടെ പതിവായി എത്തുന്നതെന്നു നാട്ടുകാർ പറയുന്നത്. തുരത്താൻ ഏറെ ശ്രമിച്ചിട്ടും ഇവ ഉൾക്കാട്ടിലേക്കു പോകുന്നില്ല. പകൽ സമയങ്ങളിൽ കാടിനു സമീപത്ത് നിലയുറപ്പിക്കുകയും രാത്രിയോടെ നാട്ടിൽ ഇറങ്ങുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം എംഎസ്എഫ്എസ് സ്നേഹ ജ്യോതി ആശ്രമം, ബെനഡിക്ടൻ ആശ്രമം അടക്കം ഒട്ടേറെ കൃഷിയിടങ്ങൾ ഇവ നശിപ്പിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇവിടങ്ങളിൽ ഉണ്ടായത് എന്നു ബന്ധപ്പെട്ടവർ പറഞ്ഞു. തുടർന്ന് ആശ്രമം അധികൃതർ പരാതി നൽകുകയും ഉന്നത വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.

wayanad-protest
മക്കിയാട് പ്രദേശത്തെ കാട്ടാന ശല്യത്തിൽ പ്രതിഷേധിച്ച നാട്ടുകാരുമായി വനപാലകർ ചർച്ച നടത്തുന്നു.

റേഞ്ച് ഓഫിസിലേക്ക് മാർച്ചുമായി നാട്ടുകാർ 

പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ മക്കിയാട് വനം വകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തി. മക്കിയാട് ടൗണിനു സമീപം വരെ ആനകൾ എത്തിയിട്ടും ആവശ്യമായ നടപടികൾ അധികൃതർ കൈക്കൊള്ളുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വർധിച്ചു വരുന്ന കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം ഉടൻ കാണണമെന്നും ആവശ്യമുയർന്നു. തുടർന്ന് റേഞ്ച് ഓഫിസർ രമ്യ രാഘവനുമായി നാട്ടുകാർ ചർച്ച നടത്തി. 

ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഫെൻസിങ് പുനർ നിർമിക്കാമെന്നും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനും അനുവദിച്ചു വരുന്ന മുറയ്ക്ക് നൽകാമെന്നും അവർ അറിയിച്ചു. എന്നാൽ കുറച്ചു ഭാഗം മാത്രം ഫെൻസിങ് സ്ഥാപിച്ചത് കൊണ്ടു പ്രയോജനമില്ലെന്നു നാട്ടുകാർ പറയുന്നു. കൃഷി നാശത്തിന്റെ നഷ്ട പരിഹാരം വേഗത്തിലാക്കണമെന്നും പ്രദേശത്തെ കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കാനാണു നാട്ടുകാരുടെ‍ തീരുമാനം. ‍

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS