ADVERTISEMENT

ഒരു ഉത്തരവിനെയോ നിയമപ്രശ്നത്തെയോ എങ്ങിനെ മറികടക്കണമെന്നതിലുള്ള അജ്ഞതയും വിഷയങ്ങൾ ആഴത്തിൽ പഠിക്കാത്തതും വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ വിഷയത്തിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ നേതൃത്വങ്ങൾ ഇതു കൃത്യമായി മനസ്സിലാക്കാതെ വിഷയങ്ങളിലിടപെടുമ്പോൾ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ തക്കം പാർത്തിരിക്കുന്നവർ അതു മുതലെടുക്കുകയാണ് ചെയ്യുന്നത്. മലയാള മനോരമ പരമ്പര അവസാനഭാഗം 

wayanad-hasthanipur-wildlife-santuary
ഉത്തർപ്രദേശിലെ ഹസ്തിനപൂർ വന്യജീവി സങ്കേതം

ബത്തേരി ∙ വന്യജീവി സങ്കേതങ്ങളുടെ രൂപീകരണത്തിലും അവയുടെ വിസ്തീർണവും പദവിയും സംബന്ധിച്ച തീരുമാനങ്ങളിലും സംസ്ഥാന സർക്കാരുകൾക്ക് വലിയ അധികാരമുണ്ട്. ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കുമാണ് ബഫർസോൺ ഉത്തരവ് ബാധകമാവുക. വന്യജീവി സങ്കേതം എന്ന പദവി ലഭിക്കാത്ത വനമേഖലകൾക്ക് ബഫർ സോൺ ബാധകമാകില്ല. ഒരു വനമേഖലയെ വന്യജീവി സങ്കേതം എന്നു വിളിക്കണമെങ്കിൽ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം സെക്‌ഷൻ 18 മുതൽ 26 (എ) വരെയുള്ള വിവിധ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

എന്നാൽ, വയനാട് വന്യജീവി സങ്കേതം ഇതുപ്രകാരമുള്ള ഒരു നടപടിക്രമവും നടത്തി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടില്ല. നിയമപ്രകാരം വന്യജീവി സങ്കേതമായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടില്ലെന്നു സർക്കാർ വ്യക്തത വരുത്തിയാൽ ഇവിടെ ബഹളങ്ങളുടെയോ പ്രക്ഷോഭങ്ങളുടെയോ ആവശ്യമില്ല. പിന്നെ ബഫർ സോൺ ബാധകമാകില്ല എന്നതാണു കാരണം. വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 26 (എ) 1 (ബി) പ്രകാരം വിജ്ഞാപനം ചെയ്യുക, 66 (3) പ്രകാരം കൽപിത പദവി നൽകുക, ഇതു രണ്ടുമല്ലെങ്കിൽ നിയമഭേദഗതി വന്ന 1991നു മുൻപ് വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 18 പ്രകാരം വിജ്ഞാപനം ചെയ്യുക എന്നിങ്ങനെയാണു നടപടിക്രമങ്ങൾ.

wayanad-government-notice
കേരള ഫോറസ്റ്റ് ആക്ട് പ്രകാരം 1973 മേയ് 30ന് വയനാട് വന്യജീവി സങ്കേതം പ്രഖ്യാപിക്കപ്പെട്ടതിന്റെ സർക്കാർ ഉത്തരവ്. എന്നാൽ സങ്കേതമെന്ന പദവി ലഭിക്കുന്നതിന് വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള വിജ്ഞാപനം ഇതുവരെ വയനാടിന്റെ കാര്യത്തിൽ വന്നിട്ടില്ല.

എന്നാൽ, വയനാടിന്റെ കാര്യത്തിൽ ഇവ മൂന്നും നടന്നിട്ടില്ലെന്നു മാത്രമല്ല ഒന്നും തുടങ്ങിവയ്ക്കുക പോലും ചെയ്തിട്ടില്ല. കേരള വനനിയമം സെക്‌ഷൻ 27, 76 എന്നിവ പ്രകാരം 1973 മേയ് 30ന് വന്യജീവി സങ്കേതം എന്ന പേരു നൽകുക മാത്രമാണ് ചെയ്തത്. അതേ കേരള വനനിയമം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. കേരള വനനിയമം ഇപ്പോൾ ഇല്ലായിരുന്നെങ്കിൽ കൽപിത പദവിയെങ്കിലും ലഭിക്കുമായിരുന്നു. അതിനാൽ തന്നെ രേഖാപരമായി വയനാട് സങ്കേതം വന്യജീവി സങ്കേതമല്ലെന്നു തന്നെ പറയാം. ഇതിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണ്.

ഹസ്തിനപൂർ വന്യജീവി സങ്കേതം പകുതിയാക്കി 

കർഷകരുടെ വലിയ സമ്മർദത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഹസ്തിനപൂർ വന്യജീവി സങ്കേതത്തിന്റെ 978.1 ചതുരശ്ര കിലോമീറ്ററാണ് വന്യജീവി സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കിയത്. 2073 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഹസ്തിനപൂർ വന്യജീവി സങ്കേതത്തിൽ ഗംഗാനദിയുടെ ഇരുവശങ്ങളിലുമായി (ഇടതു തീരം– 712.8 ച.കി.മി., വലതു തീരം–265.3 ച.കി.മി.) 978.1 ചതുരശ്ര കിലോമീറ്റർ വന്യജീവി സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2019 നവംബർ 4നാണ് ഉത്തർപ്രദേശ് സംസ്ഥാന വന്യജീവി ബോർഡ് കേന്ദ്രത്തിന് ശുപാർശ നൽകിയത്.

തുടർന്ന് 978.1 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കി. പകുതിയോളം ഭാഗമാണ് ഇവിടെ വന്യജീവി സങ്കേതത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. 1094.9 ചതുരശ്ര കിലോമീറ്ററാണ് ഹസ്തിനപൂർ സങ്കേതത്തിന്റെ ഇപ്പോഴത്തെ വിസ്തീർണം. ഇതിന് 187.62 ചതുരശ്ര കിലോമീറ്റർ ബഫർ സോണും പ്രഖ്യാപിച്ചിട്ടുണ്ട്.

ചിരയ്യ വന്യജീവി സങ്കേതത്തിൽ 25 ഗ്രാമങ്ങളെ ഒഴിവാക്കി

മധ്യപ്രദേശിലെ ചിരയ്യ പക്ഷി സങ്കേതത്തിൽ നിന്ന് ഒഴിവാക്കിയത് 25 ഗ്രാമങ്ങൾ ഉൾപ്പെട്ട 86 ചതുരശ്ര കിലോമീറ്ററാണ്. 1981ലാണ് 512 ചതുരശ്ര കിലോമീറ്റർ വലുപ്പത്തിൽ മധ്യപ്രദേശിലെ ചിരയ്യ വനമേഖലയെ പക്ഷി സങ്കേതമാക്കി വിജ്ഞാപനമിറക്കിയത്. വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 18 ഉപയോഗിച്ചായിരുന്നു പ്രഖ്യാപനം.

എന്നാൽ സെക്‌ഷൻ 19 മുതൽ 26 വരെയുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കാണിച്ച് സംസ്ഥാനം നൽകിയ പരാതിയിൽ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 25 വില്ലേജുകൾ ഒഴിവാക്കി 2018 ൽ ഉത്തരവായി. മധ്യപ്രദേശ് എംപിമാരായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും യശോദര രാജയും ലോക്സ‌ഭയിൽ ഗ്രാമങ്ങൾ ഒഴിവാക്കിക്കിട്ടാൻ ശക്തമായി വാദിച്ചിരുന്നു. വയനാട് വന്യജീവി സങ്കേതവും ഇത്തരത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ഒരു നടപടിക്രമങ്ങളും ഇതുവരെ പാലിച്ചിട്ടില്ലെന്നത് ഇവിടെ ശ്രദ്ധേയമാണ്.

നാരായണ സരോവരത്തിൽ 321 ചതുരശ്ര കിലോമീറ്റർ കുറച്ചു

ഗുജറാത്തിലെ നാരായണ സരോവര (ചിങ്കാര) വന്യജീവി സങ്കേതത്തിൽ നിന്ന് ഒഴിവാക്കിയത് 321 ചതുരശ്ര കിലോമീറ്റർ വനമാണ്. സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം ആയുധമാക്കിയാണു സംസ്ഥാന സർക്കാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് ഈ ഇളവ് വാങ്ങിയെടുത്തത് (നിയമസഭയ്ക്കുള്ള ഈ അധികാരം പിന്നീട് നിയമഭേദഗതിയിലൂടെ മാറ്റിയെന്നാണ് അറിയുന്നത്) 765 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന വന്യജീവി സങ്കേതം 444 ചതുരശ്ര കിലോമീറ്ററാക്കിയാണ് കുറച്ചത്. ലൈം സ്റ്റോൺ, ലിഗ്‌നൈറ്റ്, ബെന്റോനൈറ്റ് എന്നിവയുടെ വൻ‍ശേഖരമുള്ളതിനാൽ ഖനനം നടത്തുന്നതിന് വേണ്ടിയാണ് ഈ ഇളവു നേടിയത്.

വയനാട് വന്യജീവി സങ്കേതത്തിൽ ഖനനം പോയിട്ട് പാരിസ്ഥിതിക ആഘാതമുള്ള പ്രവർത്തനങ്ങളൊന്നും നിലവിൽ നടത്തുന്നില്ലെന്നോർക്കണം. 1981 വന്യജീവി സങ്കേതമായ നാരായണ സരോവരം 1995 ലാണ് ഡീനോട്ടിഫൈ ചെയ്തത്. സുനാമിയടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ തുടർന്ന് ആൻ‍ഡമാൻ നിക്കോബാർ ദ്വീപുകളിലെ മെഗാപ്പോഡെ വന്യജീവി സങ്കേതത്തിന്റെ പദവിയും എടുത്തു കളഞ്ഞിട്ടുണ്ട്. കേരളത്തിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ദേശീയ വന്യജീവി ബോർഡിനെയും വിവരങ്ങൾ കൃത്യമായി ധരിപ്പിക്കാനുള്ള കാര്യശേഷി മന്ത്രിതല ഓഫിസുകൾ മുതൽ ഉണ്ടാകണം. വലിയൊരു ജനസമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്നു മനസ്സിലാക്കിയുള്ള ശാശ്വത പരിഹാരമാണു വേണ്ടത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com