ADVERTISEMENT

മേപ്പാടി ∙ ചെമ്പ്ര പീക്കിലേക്കുള്ള വിനോദ സഞ്ചാരികൾക്ക് ഇരുട്ടടിയായി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. വനംവകുപ്പിനു കീഴിൽ ജില്ലയിലെ പ്രധാനപ്പെട്ട ട്രക്കിങ് കേന്ദ്രമായ ചെമ്പ്ര പീക്കിലേക്കുള്ള ടിക്കറ്റ് നിരക്കാണ് ഇരട്ടിയായി വർധിപ്പിച്ചത്. 5 പേരുള്ള സംഘത്തിനുണ്ടായിരുന്ന 750 രൂപ നേരെ ഇരട്ടിയാക്കി. 1500 രൂപയാണ് ഇനി ടിക്കറ്റ് നിരക്ക്. വിദേശികളുടെ 5 പേരുടെ സംഘത്തിന് 1500 രൂപയായിരുന്നത്, 3000 രൂപയായും വർധിപ്പിച്ചു.

കൂടാതെ 18% ജിഎസ്ടിയും കൂടെയാകുമ്പോൾ സ്വദേശികള്‍ക്ക് 1770 രൂപ വരും ടിക്കറ്റിന്. വിദേശ സഞ്ചാരികൾക്ക് 3540 രൂപയാകും ജിഎസ്ടിയടക്കം ടിക്കറ്റ് നിരക്ക്. ഇതോടെ ട്രക്കിങ് ആസ്വദിക്കാനെത്തുന്നവരുടെ കീശ കാലിയാകുന്ന അവസ്ഥയായി. നിലവിൽ 200 സഞ്ചാരികളെ മാത്രമാണു ദിവസവും കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കുന്നത്. ക്യാമറ ഉപയോഗിക്കുന്നതിന് സ്വദേശികളായ വിനോദ സഞ്ചാരികൾക്ക് 40 രൂപയും വിദേശികൾക്ക് 80 രൂപയും ടിക്കറ്റിന് ഇതിന്റെ പുറമേ നൽകണം. ക്യാമറകളുടെ എണ്ണം കൂടിയാൽ തുക പിന്നെയും കൂടും.

രാവിലെ മുതൽ ടിക്കറ്റിന് കാത്തിരിപ്പ്

ചെമ്പ്രയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയെങ്കിലും ടിക്കറ്റ് കിട്ടാൻ പുലർച്ചെ തന്നെ ടിക്കറ്റ് കൗണ്ടറിൽ എത്തേണ്ട അവസ്ഥയ്ക്കും ഇനിയും പരിഹാരമില്ല. പുലർച്ചെയെത്തി വരി നിന്നാൽ മാത്രമാണ് ആദ്യമെത്തുന്ന 200 പേർക്ക് ടിക്കറ്റ് ലഭിക്കുന്നത്. ചെമ്പ്രയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത് 8 മണിക്കാണ്. ഇതുവരെയുള്ള സമയം വന്യമൃഗ ശല്യമടക്കമുള്ള പ്രദേശത്ത് വിനോദ സഞ്ചാരികൾ ഒരു സുരക്ഷയുമില്ലാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

ഓൺലൈൻ ടിക്കറ്റ് സംവിധാനമൊരുക്കിയാൽ ട്രക്കിങ്ങിന് എത്തുന്നവര്‍ മണിക്കൂറുകൾ മുൻപ് ഇവിടേക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും. കൃത്യമായ വിവരങ്ങളും ലഭിക്കും, നിലവില്‍ ടിക്കറ്റ് കൗണ്ടറിൽ എത്തിയ ശേഷമാണ് ടിക്കറ്റ് തീർ‌ന്നെന്ന വിവരം പലരും അറിയുന്നത്. ട്രക്കിങ്ങിനായി എത്തുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനോ ഇരിക്കാനോ ഉള്ള അടിസ്ഥാന സൗകര്യങ്ങളെന്നും ഒരുക്കാതെയാണ് ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ വർധിപ്പിച്ചത്. നിലവില്‍ റോഡരികിലടക്കം മഴയത്ത് നിന്നു കൂടുതൽ പണം നൽകി ടിക്കറ്റെടുത്താണ് ചെമ്പ്രയിലേക്ക് സഞ്ചാരികൾ പോകുന്നത്.

മേപ്പാടിയെ കയ്യൊഴിഞ്ഞ് വിനോദ സഞ്ചാരികൾ

പ്രകൃതി സുന്ദരമായ പ്രദേശങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമുള്ള പ്രദേശമാണെങ്കിലും മേപ്പാടിയെ വിനോദ സഞ്ചാരികൾ കയ്യൊഴിരുന്നതായി ഇൗ മേഖലയലുള്ളവർ പറയുന്നു. ഒൗദ്യോഗിക ടൂറിസം കേന്ദ്രങ്ങളില്ലാത്തതും ഉള്ളതിൽ പ്രവേശിക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങളുമാണു വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയാകുന്നത്.  ചെമ്പ്ര പീക്കിൽ 200 പേർക്കു മാത്രമായി പ്രവേശനം നിജപ്പെടുത്തിയതിനാൽ ഒട്ടേറെ വിനോദ സഞ്ചാരികൾ ദിവസവും ട്രക്കിങ്ങിന് അവസരം ലഭിക്കാതെ മടങ്ങുകയാണ്. മേപ്പാടിയിൽ തന്നെയുള്ള സൂചിപ്പാറ വെള്ളച്ചാട്ടം നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

കേന്ദ്രത്തിലേക്കുള്ള റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണു കഴിഞ്ഞ 6 മുതൽ പ്രവേശനം തടഞ്ഞിരിക്കുന്നത്. നിലവില്‍ ചെമ്പ്രപീക്ക് മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതോടെ പ്രദേശത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. രാവിലെ ചെമ്പ്ര പീക്കിൽ ട്രക്കിങ് നടത്തി ഇറങ്ങുന്നവർക്കു പോകാനുള്ള ടൂറിസം കേന്ദ്രങ്ങളെന്നും സമീപത്ത് ഇല്ലാത്തതും ഒന്നോ രണ്ടോ ദിവസത്തേക്ക് ജില്ലയിലെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാന്‍ ലക്ഷ്യം വച്ച് എത്തുന്നവര്‍ മേപ്പാടിയെ കയ്യൊഴിയുകയാണെന്ന് വ്യാപാരികളടക്കം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com