ADVERTISEMENT

മീനങ്ങാടി ∙ കാൽപ്പാടും കടുവയെയും കണ്ടിട്ടും പുല്ലുമലയിലെ കടുവയെ പിടികൂടാൻ നടപടിയില്ല. മീനങ്ങാടി പുറക്കാട് എസ്റ്റേറ്റിന് സമീപ പ്രദേശങ്ങളിലാണു കടുവയുടെ സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നത്. വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും കടുവയെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പാകാത്തതിൽ പ്രതിഷേധവും ശക്തമാവുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ട്. പലയിടങ്ങളിലും കാൽപാടുകൾ കാണുകയും ഞായറാഴ്ച സെ‍ാസൈറ്റിയിലേക്കു പാലുമായി പോയവർ കടുവയെ നേരിട്ടു കാണുകയും ചെയ്തിരുന്നു. കടുവയുടെ സാന്നിധ്യം വനംവകുപ്പും സ്ഥീരികരിച്ചിരുന്നു. എന്നാൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പുല്ലുമലയുടെ സമീപ പ്രദേശങ്ങളായ യൂക്കാലിക്കവല, മൂന്നാനക്കുഴി, മൈലമ്പാടി, അപ്പാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും കടുവ ഭീതിയിലാണ് ജീവിക്കുന്നത്. എസ്റ്റേറ്റിലും സ്ഥിരമായി കടുവയുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്നു വനംവകുപ്പ് സ്ഥീരികരിച്ചിരുന്നു. ഇവിടെ നിന്നാണ് ജനവാസ മേഖലകളിലേക്കു കടുവയെത്തുന്നത്.

കടുവയുടെ സാന്നിധ്യം മനസിലാക്കിയാൽ വനംവകുപ്പിനെ വിവരം അറിയിക്കണമെന്നു പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധനകൾ ശക്തമാണെങ്കിലും കൂട് സ്ഥാപിക്കാൻ വൈകുന്നതു പ്രദേശവാസികളുടെ എതിർപ്പ് ശക്തമാക്കുന്നുണ്ട്. പിടികൂടാതെ ഇരിക്കുകയും കടുവയുടെ സാന്നിധ്യം നിലനിൽക്കുകയും ചെയ്യുന്നതിനാൽ അതിരാവിലെയും രാത്രി വൈകിയും യാത്ര ചെയ്യുന്നവരെല്ലാം വലിയ ഭീതിയിലായി. പാൽ കെ‍ാണ്ടു പോകുന്നതിനും മറ്റുമായി പ്രദേശത്തു രാവിലെ ഇറങ്ങുന്നവരും ഏറെയാണ്. എസ്റ്റേറ്റ് സമീപമായതിനാൽ കടുവ സാന്നിധ്യം പെ‍ട്ടെന്ന് ഒഴിവാകാൻ സാധ്യതയില്ല.

വനംവകുപ്പിനോട് കൂട് സ്ഥാപിക്കണമെന്ന് ഒട്ടേറെ തവണ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ കൂട് സ്ഥാപിച്ചിട്ടില്ല, സ്ഥാപിച്ചു കടുവയെ പിടികൂടിയാൽ മാത്രമേ ആശങ്ക മാറ്റാൻ സാധിക്കൂ. കെ.ഇ. വിനയൻ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com