ADVERTISEMENT

പുൽപള്ളി ∙ തോരാമഴയും തണുപ്പും വകവയ്ക്കാതെ മരിയനാട് തോട്ടത്തിൽ ഗോത്രസമൂഹത്തിന്റെ സമരം ശക്തമാകുന്നു. വനംവകുപ്പ് ഉടമസ്ഥതയിലുണ്ടായിരുന്ന മരിയനാട് തോട്ടത്തില്‍ ഇതുവരെ 300 ല്‍പരം കുടുംബങ്ങള്‍ കുടില്‍ കെട്ടിയിട്ടുണ്ട്. ഭൂമി പതിച്ചുകിട്ടും വരെ സമരം തുടരുമെന്ന തീരുമാനത്തിലാണിവര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഗോത്രജനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ കുടില്‍കെട്ടി സമരം നടത്തുന്നു.

ഇരുളം ഭൂസമരസമിതിയുടെയും ഗോത്രമഹാസഭയുടെയും നേതൃത്വത്തില്‍ ഒരിടത്തും മറുഭാഗത്ത് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലുമാണു ഭൂസമരം. തോട്ടത്തില്‍ തൊഴിലാളികളായിരുന്നവര്‍ തങ്ങള്‍ക്കുള്ള ആനുകൂല്യത്തിനു വര്‍ഷങ്ങളായി കുടില്‍കെട്ടി സമരം നടത്തുന്നുമുണ്ട്. ഗോത്ര വിഭാഗക്കാര്‍ക്കു പതിച്ചുനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ മരിയനാട്ടെ 233 ഹെക്ടര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂമി അര്‍ഹതപ്പെട്ടവര്‍ക്കു പതിച്ചു നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം പുലര്‍ത്തുകയാണെന്നും സമരസമിതി ആരോപിച്ചു.

മരിയനാട്ടെ ഭൂമി അര്‍ഹരായവര്‍ക്കു നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയെങ്കിലും സമരക്കാരെ കബളിപ്പിക്കുന്ന സമീപനമാണ് ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കുന്നതെന്നും ആരോപിച്ചു. വനയോര മേഖലയിലും പുഴ പുറംമ്പോക്കിലും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ കഴിയുന്നവരാണു ഭൂമിക്കായി സമരം നടത്തുന്നത്. ഗോത്രജനതയ്ക്ക് ഒരേക്കര്‍ ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെടുന്നില്ല. ഇതിനായി വിവിധ പദ്ധതികള്‍ തയാറാക്കിയിരുന്നു.

പി.വി.രാജഗോപാല്‍ ഇന്ന് മരിയനാട്ട്

പുല്‍പള്ളി ∙ മരിയനാട്ടെ ഭൂസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ദേശീയ ഭൂപരിഷ്കരണ കമ്മിറ്റി അംഗവും ഏകതാ പരിഷത്ത് നേതാവുമായ പി.വി.രാജഗോപാല്‍ ഇന്ന് മരിയനാട് സമരകേന്ദ്രം സന്ദര്‍ശിക്കും. ഭൂസമരത്തില്‍ പങ്കെടുക്കുന്നവരുമായി അദ്ദേഹം ആശയവിനിമയം നടത്തി പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com