രാഹുൽ ഗാന്ധി നയിച്ചു വയനാട് പ്രഖ്യാപിച്ചു; ബഫർസോൺ വേണ്ട

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി യുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടത്തിയ ബഹുജന റാലിയോടനുബന്ധിച്ചുള്ള പ്രതിഷേധ സമ്മേളനത്തിനെത്തിയവർ.                                                      ചിത്രം: മനോരമ
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി യുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടത്തിയ ബഹുജന റാലിയോടനുബന്ധിച്ചുള്ള പ്രതിഷേധ സമ്മേളനത്തിനെത്തിയവർ. ചിത്രം: മനോരമ
SHARE

ബത്തേരി∙ തണുത്ത അന്തരീക്ഷത്തിലെ ചാറ്റൽ മഴയിൽ അക്ഷമരായി കാത്തു നിന്ന ജനസഞ്ചയത്തിന് നടുവിലേക്ക് രാഹുൽ ഗാന്ധി എത്തിയപ്പോൾ പ്രതിഷേധം തിളച്ചു. ബഫർസോണിനെതിരെ ആർത്തു വിളിച്ച ആയിരങ്ങൾ രാഹുലിന് പിന്നിൽ പ്രതിഷേധക്കടലായി ഒഴുകി. ബഫർ സോൺ ഒഴിവാകുന്നതുവരെ ജനങ്ങൾക്കൊപ്പം പോരാടുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അക്രമങ്ങളിലൂടെ പ്രകോപിതനാകുന്ന ആളല്ല താനെന്നും മുഖ്യമന്ത്രിയുടെ ഇടപടലാണ് വിഷയത്തിൽ അത്യാവശ്യമെന്നും രാഹുൽ പറഞ്ഞു.

ബത്തേരി കോട്ടക്കുന്നിൽ നിന്ന് ആരംഭിച്ച റാലിയിൽ ചുങ്കം മുതൽ പൊതുസമ്മേളനം നടന്ന ഗാന്ധി ജംക്ഷൻ വരെ രാഹുലും നടന്നു നീങ്ങി.വൈകിട്ട് നാലിന് ആരംഭിക്കുമെന്ന് പറഞ്ഞ റാലി തുടങ്ങിയത് അഞ്ചേമുക്കാലോടെയാണ്. രാഹുലിന് അകമ്പടി സേവിച്ചെത്തിയ വാഹനങ്ങൾ റോഡിൽ നിരന്നതിനാൽ തുടക്കത്തിൽ അൽപ സമയം റാലിക്ക് അടുക്കും ചിട്ടയും നഷ്ടപ്പെട്ടു. എന്നാൽ പിന്നീട് ബഫർ സോണിനെതിരെയുള്ള മുദ്രാവാക്യം വിളികളുമായി തെരുവു നിറഞ്ഞ് ജനമൊഴുകി. റാലിയിൽ പങ്കെടുത്തവരെക്കൂടാതെ നൂറുകണക്കിനാളുകൾ റോഡിനിരുവശവും തടിച്ചു കൂടിയിരുന്നു.

രാഹുലിനൊപ്പം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ള ദേശീയ, സംസ്ഥാന നേതാക്കളും റാലിയിൽ കൈകോർത്തു നീങ്ങി പൊതു സമ്മേളനത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പിപിഎ കരിം അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.കെ. മുനീർ, കെ.സി.വേണുഗോപാൽ, എൻ. ഡി.അപ്പച്ചൻ, ബെന്നി ബഹനാൻ, ഐ.സി.ബാലകൃഷ്ണൻ, ടി. സിദ്ദീഖ്, കെ.കെ ഏബ്രഹാം, എ.പി.അനിൽകുമാർ, എഐസിസി സെക്രട്ടറി വിശ്വനാഥ കൈമൾ, ഡി.പി.രാജശേഖരൻ,ഡി.ദേവരാജൻ, പി.എം.നിയാസ്, കെ.ജെ.അഭിജിത്ത്, ടി.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. 

തെറ്റുകൾ ആവർത്തിക്കുന്നു: വി.ഡി. സതീശൻ

ബത്തേരി∙ സംസ്ഥാന സർക്കാർ ബഫർ സോ‍ൺ വിഷയത്തിലും കസ്തൂരിരംഗൻ വിഷയത്തിലും തെറ്റുകൾ ആവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇപ്പോൾ വലിയ മൂന്നു തെറ്റുകൾ ചെയ്തു കഴിഞ്ഞു. 2013 ൽ ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിക്കൊണ്ടു നൽകിയ റിപ്പോർട്ടിൽ കേന്ദ്രം ആവശ്യപ്പെട്ട വിശദാംശങ്ങൾ 2018 വരെ നൽകാതിരുന്നതാണ് ഒന്നാമത്തെ തെറ്റ്.

2019 ഒക്ടോബർ 23 ന് വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന തീരുമാനമെടുത്തതാണ് രണ്ടാമത്തെ തെറ്റ്. കസ്തൂരി രംഗൻ വിഷയത്തിൽ ഉമ്മൻ വി.ഉമ്മൻ കമ്മിഷൻ 123 വില്ലേജുകൾ ഒഴിവാക്കിയതിലെ വിശദാംശങ്ങൾ കേന്ദ്രം തേടിയിട്ടുണ്ട്. അതിനും ഇതുവരെ സംസ്ഥാന സർക്കാർ മറുപടി നൽകിയിട്ടില്ലെന്നും അത് അടുത്ത വാൾ ആയി തൂങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS