ADVERTISEMENT

കൽപറ്റ ∙ പാവങ്ങളുടെ ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിൽ (പിഎംഎവൈ) അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി എംപി ആവശ്യപ്പെട്ടു. ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ‘ദിശ’യിൽ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.  പിന്നാക്ക ജില്ലയായ വയനാട്ടിന് കഴിഞ്ഞ 3 മാസമായി 1.66 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മതിയായ ഫണ്ട് അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ  പിഎംജിഎസ് പദ്ധതിയിൽ കൂടുതൽ റോഡുകൾ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിനു കത്ത് അയച്ചിട്ടുണ്ട്.    സിആർഎഫ് പദ്ധതിയിൽ ജില്ലയിൽ പുതിയ 10 റോഡുകൾക്കായി കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. 

ദേശീയപാതയിൽ അവശേഷിക്കുന്ന റോഡ് നവീകരണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30നു മുൻപ് പണി പൂർത്തീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ആദിവാസി വിഭാഗങ്ങളുടെ തൊഴിലവസരം എങ്ങനെ മെച്ചപ്പെടുത്താം എന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് അദ്ദേഹം നിർദേശിച്ചു. പട്ടികവർഗ, ന്യൂനപക്ഷ വിദ്യാർഥികൾക്കായി കുടുംബശ്രീ നോഡൽ ഏജൻസിയായി  നടത്തുന്ന നൈപുണ്യ വികസന കോഴ്‌സുകളിൽ കൂടുതൽ നൂതന വിഷയങ്ങളും സെന്ററുകളും ആരംഭിക്കേണ്ടതുണ്ട്. കോഴ്‌സ് പൂർത്തീകരിക്കുന്നവർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനുളള നടപടികളുമുണ്ടാകണം. പട്ടിക വർഗ വിദ്യാർഥികൾക്ക് ജില്ലയ്ക്ക് അകത്ത് തന്നെ പരമാവധി തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് അനുയോജ്യമായ  കോഴ്‌സുകൾ ആരംഭിക്കണമെന്നും എംപി നിർദേശിച്ചു. 

ജില്ലയിലെ കർഷകർ നേരിടുന്ന വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൃഷി വകുപ്പ് ശേഖരിച്ച് അറിയിക്കണമെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ നിർദേശിച്ചു. കലക്ടർ എ. ഗീത ദിശ പദ്ധതി നിർവഹണത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു. കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവർ പ്രസംഗിച്ചു. എഡിഎം എൻ.ഐ. ഷാജു, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിൻ ബേബി, സി. അസൈനാർ, നഗരസഭ അധ്യക്ഷന്മാരായ കേയംതൊടി മുജീബ്, ടി.കെ. രമേശ്, സി.കെ. രത്‌നവല്ലി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.സി. മജീദ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com