ADVERTISEMENT

പുൽപള്ളി ∙ വനം വികസന കോർപറേഷൻ ഉപേക്ഷിച്ചുപോയ മരിയനാട് കാപ്പിത്തോട്ടത്തില്‍ നിന്നു 18 വര്‍ഷം കൊണ്ട് കോടികളുടെ കാപ്പിയും കുരുമുളകും മോഷ്ടിക്കപ്പെട്ടതായി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍. നഷ്ടമെന്നു പറഞ്ഞാണ് കെഎഫ്‍ഡിസി തോട്ടം ഉപേക്ഷിച്ചത്. കൈവശക്കാരായ വനംവകുപ്പ് കൂട്ടുനിന്നാണ് വിളകള്‍ കടത്തിയതെന്നും ഗീതാനന്ദൻ ആരോപിച്ചു. ലോഡ് കണക്കിനു കാപ്പി വിളയുന്ന തോട്ടത്തിലെ ഈ കാലയളവിലെ ഉല്‍പന്നം എവിടെ പോയെന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണം.

ജോലി കുടിശികയുടെയും മറ്റും പേരില്‍ തോട്ടത്തിന്റെ ഒരുഭാഗത്ത് തൊഴിലാളികള്‍ കുടില്‍കെട്ടി താമസിക്കുന്നുണ്ട്.  എന്നാല്‍ 600 ഏക്കര്‍ തോട്ടത്തിലെ വിളകള്‍ പുറത്തുള്ള ചിലരാണ് മോഷ്ടിച്ചത്. ആദിവാസികളെ ഉപയോഗിച്ചാണ് പലരും കാപ്പിയും കുരുമുളകും കടത്തിയത്. മോഷ്ടിക്കുന്ന ഉല്‍പന്നങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി ധനികരായവരും പ്രദേശത്തുണ്ട്. ഇക്കാര്യത്തില്‍ ഉന്നതതലഅന്വേഷണം വേണമെന്നും ഗോത്രമഹാസഭ ആവശ്യപ്പെട്ടു. വാഹനത്തില്‍ ആളെയിറക്കി ഉല്‍പന്നം കൊള്ളയടിച്ചവരില്‍ രാഷ്ട്രീയ നേതാക്കളുമുണ്ടെന്ന് ഗീതാനന്ദന്‍ ആരോപിച്ചു. ഇപ്പോള്‍ തോട്ടത്തില്‍ കുടില്‍ കെട്ടി കഴിയുന്നവരെ ഇറക്കിവിടാനും ഇക്കൂട്ടര്‍ ശ്രമം നടത്തുന്നു.

സ്വന്തമായി ഭൂമിയും വീടുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം അര്‍ഹരായവര്‍ക്കു മാത്രം ഭൂമി നല്‍കിയാല്‍ മതിയെന്ന നിലപാടാണ് സമരസമിതിയുടേത്. ഇവിടെ താമസിക്കുന്ന ഓരോരുത്തരുടെയും കുടിലുകള്‍ പരിശോധിച്ച് അര്‍ഹത കണ്ടെത്തി പട്ടിക പ്രസിദ്ധീകരിക്കണം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നീതിപൂര്‍വമായി സര്‍വേ നടത്തി ഭൂരഹിതരെ കണ്ടെത്തണം. ജില്ലയില്‍ ഉടമസ്ഥരില്ലാത്ത തോട്ടങ്ങള്‍ പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യണം. ബീനാച്ചി എസ്റ്റേറ്റിന്റെ പകുതിയെങ്കിലും വിതരണം ചെയ്യണം. ബാക്കി പൊതു വികസനത്തിന് ഉപയോഗിക്കുന്നതിനു തങ്ങള്‍ എതിരല്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com