ADVERTISEMENT

കൽപറ്റ ∙ സംസ്ഥാനത്തു കോവിഡ് കേസുകൾ ചെറുതായി ഉയരുന്നുണ്ടെങ്കിലും ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന. കോവിഡ് കേസുകൾ വർധിക്കാതിരിക്കാൻ എല്ലാവരുടെയും സഹകരണവും ശ്രദ്ധയും ഉണ്ടാകണം. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങൾ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. മുഴുവൻ കീഴ്സ്ഥാപനങ്ങളിലും പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. എല്ലാവരും നിർബന്ധമായി മാസ്‌ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. ആദ്യ ഡോസും 2–ാം ഡോസും കരുതൽ ഡോസും എടുക്കാനുള്ള എല്ലാവരും വാക്‌സീൻ എടുക്കണം. വാക്‌സീൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. വാക്സീൻ സംബന്ധമായ വിവരങ്ങൾ ഹെൽപ് ലൈൻ നമ്പറിൽ ലഭ്യമാണ്. 9072 510900.

കുട്ടികളെയും ശ്രദ്ധിക്കുക

സ്‌കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളെയും ശ്രദ്ധിക്കണം. കൃത്യമായി മാസ്‌ക് ധരിപ്പിച്ച് മാത്രം കുട്ടികളെ സ്‌കൂളിൽ വിടുക. 12 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികൾക്കും കോവിഡ് വാക്‌സീൻ നൽകുക. കുട്ടികളിൽ നിന്നും പ്രായമുള്ളവരിലേക്കും മറ്റ് അസുഖമുള്ളവരിലേക്കും കോവിഡ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ സ്‌കൂളിൽ നിന്നും മുതിർന്നവർ ജോലിക്കു പോയിട്ടും വീട്ടിൽ എത്തിയാലുടൻ വസ്ത്രങ്ങൾ മാറ്റി കുളിച്ചതിനു ശേഷം മാത്രമേ ഇവരുമായി ഇടപെടാവു.

ജലദോഷം, പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ ഇവരോട് ഇടപഴകരുത്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളിൽ വിടരുത്. അധ്യാപകരും ഇതു പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറുടെ സേവനം തേടണം. രോഗലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം. പ്രായമായവർ, മറ്റ് അനുബന്ധ രോഗമുള്ളവർ എന്നിവർക്കു രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു വിദഗ്ധ ചികിത്സ ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com