മഴക്കെടുതികൾ തുടരുന്നു; മരം വീണു വിനോദ സഞ്ചാരികളുടെ കാർ തകർന്നു

ചെമ്പ്ര മലയിൽ ട്രക്കിങ്ങിന്‌ വന്ന കോഴിക്കോട്‌ സ്വദേശികളുടെ കാറിനു മുകളിൽ മരം വീണപ്പോൾ.
SHARE

പനമരം  ∙ കനത്ത മഴയെ തുടർന്നു കണിയാമ്പറ്റ, കോട്ടത്തറ, പനമരം പഞ്ചായത്തുകളിലെ ചെറുതും വലുതുമായ പുഴകളും തോടുകളും നിറഞ്ഞു താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളും മറ്റും വെള്ളത്തിനടിയിലായി. മഴ ശക്തമായി തുടർന്നാൽ ഒട്ടേറെ കോളനികളും റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലാകും. പനമരം വലിയ പുഴയോടു ചേർന്ന നീരിട്ടാടി കയ്പ്പാട്ട്കുന്ന്, കൂടിയോംവയൽ, ഓടക്കൊല്ലി പ്രദേശങ്ങളിലും ചെറിയ പുഴ കരകവിഞ്ഞ് മാത്തൂർ ഇഷ്ടികക്കളങ്ങളും പഴയ നടവയൽ റോഡും വെള്ളത്തിനടിയിലായി.

മാനന്തവാടി – തലശ്ശേരി റോഡിൽ എരുമത്തെരുവിൽ രൂപപ്പെട്ട വെള്ളക്കെട്ട്.

മഴ ശക്തമായി പുഴ കരകവിഞ്ഞ് വെള്ളം കയറാൻ തുടങ്ങിയതോടെ മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുന്ന വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റി തുടങ്ങി. വെള്ളം കയറിയ വയലുകളിലും മറ്റും മീൻ പിടിക്കാൻ വലയുമായി ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്. മഴ ശക്തിയാർജിച്ചാൽ കൂടുതൽ സ്ഥലങ്ങളും കോളനികളും ഒറ്റപ്പെടുകയും വെള്ളത്തിനടിയിലാകുകയും ചെയ്യും. ഇതിനു പുറമേ മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. 2018ൽ ഉരുൾപൊട്ടലുണ്ടായ കുറിച്യർ മലയിൽ ശനിയാഴ്ച വീണ്ടും മണ്ണിടിച്ചിലുണ്ടായി.

വൈത്തിരി – തരുവണ റോഡിൽ ആറുവാൾ ഭാഗത്തു പാർശ്വ ഭിത്തി തകർന്ന നിലയിൽ.

വൈത്തിരി - തരുവണ റോഡിന്റെ പാർശ്വഭിത്തി തകർന്നു

തരുവണ ∙ ശക്തമായ മഴയെ തുടർന്ന് റോഡിന്റെ പാർശ്വ ഭിത്തി തകർന്നു. വൈത്തിരി-തരുവണ റോഡിൽ ആറുവാളിൽ ആണ് 10 മീറ്ററോളം ദൂരം റോഡിന്റെ പാർശ്വ ഭിത്തി തകർന്നത്. ഇവിടെയുള്ള ചങ്കരപ്പൻ അമ്മദിന്റെ വീടിനു മുൻ വശത്തെ 50 മീറ്ററോളം ദൂരം നിർമിച്ച ഭിത്തിയുടെ ഒരു ഭാഗമാണു തകർന്നത്. ശേഷിക്കുന്ന ഭാഗവും തകർച്ചയുടെ വക്കിലാണ്. ഈ ഭാഗത്ത് റോഡിൽ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ വിള്ളലിൽ മഴ വെള്ളം ഇറങ്ങി റോഡും തകരുന്ന അവസ്ഥയിലാണ്. ഏറെ വാഹനത്തിരക്കുള്ള റോഡിലെ അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.

കനത്ത മഴയിൽ പനമരം കാപ്പി ഡിപ്പോയിൽ വണ്ണാത്തികണ്ടിയിൽ നജ്മത്തിന്റെ വീടിന്റെ മതിൽ തകർന്ന നിലയിൽ.

കൈതക്കലിൽ വീടിന്റെ മതിൽ തകർന്നു

പനമരം ∙ കനത്ത മഴയെ തുടർന്നു കൈതക്കലിൽ വീടിന്റെ മതിലിടിഞ്ഞു വീണു വൻ നാശനഷ്ടം. കൈതക്കൽ കാപ്പി ഡിപ്പോ വണ്ണാത്തികണ്ടിയിൽ നജ്മത്തിന്റെ 35 മീറ്ററോളം നീളമുള്ള മതിലാണ് ഇന്നലെ പുലർച്ചെ വൻ ശബ്ദത്തോടെ നിലം പൊത്തിയത്. ഒരു വർഷം മുൻപു നിർമിച്ച മതിൽ തൊട്ടു പിറകിലെ ഹക്കീമിന്റെ വീട്ടുമുറ്റത്തേക്കാണു തകർന്നു വീണത്.

ചെറിയ പുഴ കരകവിഞ്ഞതിനെ തുടർന്നു വെളളം കയറി ഒഴുകുന്ന പഴയ നടവയൽ റോഡിൽ മീൻ പിടിക്കുന്നവർ.

മതിലിടിഞ്ഞതിനെ തുടർന്ന് ഹക്കീം വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. മഴ ശക്തമായാൽ നജ്മത്തിന്റെ വീട് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കൂടാതെ സമീപത്തെ മറ്റു വീടുകളും അപകട ഭീഷണിയിലാണ്. പനമരം സിഎച്ച് റെസ്ക്യു പ്രവർത്തകർ സ്ഥലത്തെത്തി കൂടുതൽ നാശനഷ്ടം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചു.

മരം വീണു വിനോദ സഞ്ചാരികളുടെ കാർ തകർന്നു

മേപ്പാടി ∙ നിർത്തിയിട്ട കാറിനു മുകളിൽ മരം വീണു. ചെമ്പ്ര മലയിൽ ട്രക്കിങ്ങിന്‌ വന്ന കോഴിക്കോട്‌ സ്വദേശികളുടെ കാറിനു മുകളിലാണ്‌ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ മരം വീണത്‌. ചെമ്പ്ര ബംഗ്ലാവിന്‌ സമീപത്തെ റോഡരികിൽ വാഹനം നിർത്തി സംഘം മലകയറാൻ പോയപ്പോഴായിരുന്നു മരം വീണത്.

കനത്ത മഴ തുടർന്നു വെള്ളത്തിനടിയിലായ കുടിയോംവയൽ പ്രദേശം.

ജൂണിലും വയനാട്ടിൽ 65% മഴക്കുറവ്

കൽപറ്റ ∙ ജൂൺ മാസത്തിൽ വയനാട്ടിൽ 65% മഴക്കുറവ്. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി ജില്ലയിലെ 71 പ്രദേശങ്ങളിൽ സ്ഥാപിച്ച മഴ മാപിനികളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 1 മുതൽ 30 വരെ ശരാശരി 251.2 മില്ലിമീറ്റർ മഴയാണു ജില്ലയിൽ രേഖപ്പെടുത്തിയത്.എന്നാൽ, ഇന്ത്യ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെന്റ് (ഐഎംഡി) പ്രകാരം ജില്ലയിൽ ജൂൺ മാസത്തിൽ ലഭിക്കേണ്ട ശരാശരി മഴ 732.8 മില്ലിമീറ്റർ ആയിരുന്നു– 65% മഴയുടെ കുറവ്.

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മട്ടിലയം മേഖലയിലാണ്–825 മില്ലിമീറ്റർ. ലക്കിടിയിൽ 746.8 മില്ലിമീറ്ററും സുഗന്ധഗിരിയിൽ 500.2 മില്ലിമീറ്ററും കുറിച്യർമലയിൽ 478 മില്ലിമീറ്ററും മഴ ലഭിച്ചു. മധ്യ വയനാട്ടിൽ 200 മില്ലിമീറ്റർ മുതൽ 300 മില്ലിമീറ്റർ വരെ മഴ ലഭിച്ചു.മഴ നിഴൽ പ്രദേശങ്ങളായ കിഴക്കേ വയനാടൻ ഭാഗങ്ങളിൽ ലഭിച്ച മഴയുടെ അളവ് താരതമ്യേന കുറവാണ്.

തോൽപെട്ടി (107.6 മില്ലിമീറ്റർ), അപ്പപ്പാറ(80.8 മില്ലിമീറ്റർ), കാട്ടിക്കുളം (78.1മില്ലിമീറ്റർ) എന്നിവിടങ്ങളിലാണ് കുറവ് മഴ ലഭിച്ചത്.  ഏറ്റവും കുറവ് മഴ ലഭിച്ചത് ബാവലി മേഖലയിലാണ്–48.5 മില്ലിമീറ്റർ. അതേസമയം, ജൂണിൽ 13 മഴയില്ലാ ദിനങ്ങളും രേഖപ്പെടുത്തി. 2020 ജൂണിൽ 10 ദിവസം മഴ പെയ്തിരുന്നില്ല. 2021 ജൂണിൽ 15 ദിവസങ്ങളിലും മഴ പെയ്തില്ല.

മലയോരത്ത് ജാഗ്രതാ നിർദേശം

കൽപറ്റ ∙ കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രാത്രിസമയങ്ങളിൽ മലയോര മേഖലകളിലെ യാത്രകൾ പരമാവധി ഒഴിവാക്കണം. പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം. അടിയന്തരകാര്യ നിർവഹണ കേന്ദ്രം (ഡിഇഒസി, താലൂക്ക് അടിയന്തരകാര്യ നിർവഹണ കേന്ദ്രങ്ങൾ എന്നിവ പൂർണ തോതിൽ ജില്ലയിൽ പ്രവർത്തന സജ്ജമാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എൻഡിആർഎഫ് സംഘം നിലവിൽ ജില്ലയിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഭീതി പരത്തുന്ന തെറ്റായ സന്ദേശങ്ങൾ നൽകുന്നവർക്കെതിരെ പൊലീസ് കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.  

പ്രധാന ഫോൺ നമ്പറുകൾ:

ഡിഇഒസി: 1077 (ടോൾ ഫ്രീ), 04936 204151, 9562 804151, 8078 409770.
ബത്തേരി താലൂക്ക്:  04936 223355, 9447 097705.
വൈത്തിരി താലൂക്ക്: 04936 256100, 8590 842965.
മാനന്തവാടി താലൂക്ക്: 04935 241111, 9446 637748.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS