ADVERTISEMENT

കൽപറ്റ ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പേവിഷബാധയും മരണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന വൈറസ് രോഗമാണിത്. വളർത്തുമൃഗങ്ങളിൽ നിന്നാണു സാധാരണ രോഗ പകർച്ച ഉണ്ടാകുന്നത്. വന്യമൃഗങ്ങളായ ചെന്നായ, കുറുക്കൻ, കുരങ്ങൻ, പന്നി, വവ്വാലുകൾ എന്നിവയിൽ നിന്നുമാണു വളർത്തു മൃഗങ്ങൾക്ക് രോഗ പകർച്ച ഉണ്ടാകുന്നത്.

ഇൗ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ. സക്കീന അറിയിച്ചു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകൾ മൃഗങ്ങളുടെ നക്കൽ കൊണ്ടോ മാന്ത്, കടി എന്നിവ മൂലമുണ്ടായ മുറിവിൽ കൂടിയോ ശരീരപേശികൾക്കിടയിലെ സൂക്ഷ്മ നാഡികളിലെത്തി കേന്ദ്രനാഡീ വ്യൂഹത്തിൽ കൂടി സഞ്ചരിച്ചു സുഷുമ്‌നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതു വരെയുള്ള ഇടവേള (ഇൻക്യുബേഷൻ പീരിഡ്) രണ്ടാഴ്ച മുതൽ 3 മാസം വരെ ആകാം.

ലക്ഷണങ്ങൾ

തലവേദന, തൊണ്ടവേദന, 3–4 ദിവസം നീണ്ടുനിൽക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണു രോഗലക്ഷണങ്ങൾ. വൈറസ് നാഡീ വ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാൽ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകുന്നു. തലച്ചോറിനെ ബാധിക്കുന്നതോടു കൂടി അപസ്മാരം, പക്ഷാഘാതം, മസ്തിഷ്‌ക മരണം ഇവ സംഭവിക്കാം. മൃഗങ്ങളുടെ ഉമിനീരുമായി സമ്പർക്കം ഉണ്ടായാൽ ഉടൻ ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് 10-15 മിനിറ്റെങ്കിലും കഴുകുക. ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രികളിലെത്തി ചികിത്സ തേടുക. മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക.

മുറിവുകളെ 3 ആയി തരം തിരിച്ചാണ് പ്രതിരോധ മരുന്നുകളും ചികിത്സയും നൽകുക.

കാറ്റഗറി 1 (നോ എക്‌സ്‌പോഷർ)

∙ മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു നക്കുക.
∙ നന്നായി ടാപ്പ് വെള്ളത്തിൽ 10-15 മിനിറ്റ് സോപ്പുപയോഗിച്ച് കഴുകുക. പ്രതിരോധ മരുന്നു വേണ്ട.

കാറ്റഗറി 2 (മൈനർ എക്‌സ്‌പോഷർ)

∙ തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ.
∙ ടാപ്പ് വെള്ളത്തിൽ 10-15 മിനിറ്റ് കഴുകുക. പ്രതിരോധ കുത്തിവയ്പ് വേണം

കാറ്റഗറി 3 (സിവിയർ എക്‌സ്‌പോഷർ)

∙ മുറിവുള്ള തൊലിപ്പുറത്ത് നക്കുക, രക്തം പൊടിയുന്ന മുറിവുകൾ പോറലുകൾ, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക.
∙ മുറിവ് സോപ്പിട്ട് 10-15 മിനിറ്റ് ടാപ്പ് വെള്ളത്തിൽ കഴുകുക.

ചികിത്സ

∙ മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന വിധത്തിൽ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിൻ കടിയേറ്റ ചർമത്തിൽ തന്നെ നൽകണം.
∙ രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്. മുറിവിനു ചുറ്റും നൽകുന്നതിനൊപ്പം മാംസപേശിയിൽ ആഴത്തിൽ ഇമ്യൂണോ ഗ്ലോബുലിൻ നൽകണം. ഒപ്പം പ്രതിരോധ കുത്തിവയ്പും ഉടൻ എടുക്കണം. പട്ടിയോ പൂച്ചയോ അല്ലാത്ത ഏതു വന്യമൃഗങ്ങളുടെ കടിയും കാറ്റഗറി 3 ആയി കരുതി ചികിത്സിക്കണം. വീട്ടെലി, അണ്ണാൻ, മുയൽ ഇവ പേ പരത്താറില്ല. 

∙ മുറിവ് വൃത്തിയായി കഴുകി മരുന്ന് ഇട്ടാൽ മതി, പ്രതിരോധ മരുന്ന് ആവശ്യമില്ല. തൊലിപ്പുറത്തു എടുക്കുന്ന കുത്തിവയ്പ് ഇൻട്ര ഡെർമൽ റാബിസ് വാക്‌സീൻ (ഐഡിആർവി) ആണ് നൽകുന്നത്.
∙ കൈ ആരംഭിക്കുന്നതിനു താഴെ തൊലിപ്പുറത്താണു കുത്തിവയ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളിൽ ആണ് കുത്തിവയ്പുകൾ എടുക്കേണ്ടത്.

പേവിഷബാധയ്ക്കെതിരെ കുത്തിവയ്പ് രണ്ടു തരം

പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പുകൾ 2 തരത്തിലെടുക്കാം. പട്ടി, പൂച്ച ഇവകളെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർക്കും വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുൻകൂറായി ഈ കുത്തിവയ്പ് (പ്രീ എക്‌സ്‌പോഷർ പ്രോഫിലക്‌സിസ്) എടുക്കുക 0, 7 ,28 ദിവസങ്ങളിൽ 3 കുത്തിവയ്പാണ് എടുക്കേണ്ടത്. 

 ∙ ഈ കുത്തിവയ്പ് എടുത്തവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ 2 കുത്തിവയ്പ് എടുത്താൽ മതിയാകും. ഇവരും ഇമ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല.
∙ ഉടനെ മുറിവ് 10-15 മിനിറ്റ് കഴുകുകയും വേണം. കുത്തിവയ്പ് എടുത്തിട്ട് ഒരു വർഷം വരെയുള്ള സമയത്ത് വീണ്ടും കടി കിട്ടിയാൽ കുത്തിവയ്പ് ആവശ്യമില്ല.

ഡോക്ടരുടെ നിർദേശം അഭികാമ്യം

മൃഗങ്ങൾക്കു നിർദേശിച്ചിട്ടുള്ള കുത്തിവയ്പ് പട്ടിക പ്രകാരം മുഴുവൻ കുത്തിവയ്പുകളും എടുത്തിട്ടുണ്ടെങ്കിൽ അവയിൽ നിന്ന് പേവിഷബാധ ഉണ്ടാവാൻ സാധ്യത ഇല്ല. അതുകൊണ്ടു കുത്തിവയ്പും ആവശ്യമില്ല. എന്നാൽ, മൃഗങ്ങളിൽ രോഗപ്രതിരോധം ഉണ്ടായോ എന്ന് ശാസ്ത്രീയമായി തെളിയിക്കാനുള്ള സംവിധാനം കുറവാണ്. അതുകൊണ്ടു ഇത്തരം സാഹചര്യങ്ങളിൽ കുത്തിവയ്പ് ഡോക്ടറുടെ നിർദേശപ്രകാരം എടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com