ബോണറ്റിന്റെ ഒരുവശത്ത് കൊമ്പുകുത്തി കാർ മുകളിലേക്ക് ഉയർത്തി, കാട്ടാനശല്യം രൂക്ഷം; ഗതികെട്ട് കർഷകർ

 തോട്ടാമൂല പാറയിൽ വിഷ്ണുവിന്റെ കാർ കാട്ടാന തകർത്ത  നിലയിൽ.
തോട്ടാമൂല പാറയിൽ വിഷ്ണുവിന്റെ കാർ കാട്ടാന തകർത്ത നിലയിൽ.
SHARE

ബത്തേരി ∙ തോട്ടാമൂലയിൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. സമീപ പ്രദേശങ്ങളിലെ ക്യഷിയിടങ്ങളിലും നാശം വരുത്തി. ഞായർ രാത്രിയായിരുന്നു സംഭവം. തോട്ടാമൂല പാറയിൽ വിഷ്ണുവിന്റെ കാറാണു തകർത്തത്. സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ചു.നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ ഇന്നലെ വൈകിട്ടോടെയാണു പ്രതിഷേധങ്ങൾ ശമിച്ചത്. കടുത്ത കാട്ടാന ഭീതിയിലാണ് കഴിഞ്ഞ കുറച്ചു ദിവസമായി തോട്ടമൂല പ്രദേശം.

നെയ്ക്കുപ്പയിൽ ഇടിയാലി ജോമോന്റെ വാഴത്തോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയിൽ.
നെയ്ക്കുപ്പയിൽ ഇടിയാലി ജോമോന്റെ വാഴത്തോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയിൽ.

രാത്രി എട്ടരയോടെ വീട്ടുകാർ മുറ്റത്ത് നിൽക്കുന്ന സമയത്താണു കാട്ടാനയെത്തി ആക്രമണം നടത്തിയത്. ബോണറ്റിന്റെ ഒരുവശത്ത് കൊമ്പുകുത്തി കാർ മുകളിലേക്ക് ഉയർത്തുകയായിരുന്നു. വീട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ ആന പിന്തിരിഞ്ഞു. ആക്രമണത്തിൽ കാറിന്റെ ബോണറ്റ് തകർന്നു.

തോട്ടാമൂലയിൽ കാട്ടാന ശല്യവുമായി ബന്ധപ്പെട്ട് ചേർന്ന യോഗം.
തോട്ടാമൂലയിൽ കാട്ടാന ശല്യവുമായി ബന്ധപ്പെട്ട് ചേർന്ന യോഗം.

സമീപത്തെ മഠത്തിൽ രാജപ്പന്റെ കൃഷിയിടത്തിൽ എത്തിയ കാട്ടാന പൈപ്പുകൾ തകർക്കുകയും വാഴ, കുരുമുളക് അടക്കമുള്ള കൃഷികൾ നശിപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നു സ്ഥലത്തെത്തിയ റേഞ്ച് ഓഫിസർ അടക്കമുള്ള വനപാലകരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. എസിഎഫ് സ്ഥലത്തെത്തി ചർച്ച നടത്താമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

തുടർന്ന് ഇന്നലെ വൈകിട്ടു നാട്ടുകാരും പഞ്ചായത്ത് അംഗം കെ.സിന്ധു അടക്കമുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരം നൽകാമെന്നും ട്രഞ്ച്, ഫെൻസിങ് എന്നിവ നന്നാക്കമെന്നും പട്രോളിങ് ശക്തമാക്കാമെന്നും വനപാലകർ ഉറപ്പു നൽകി. അടുത്തകാലത്തായി കാട്ടാന ശല്യം പ്രദേശത്ത് വർധിച്ചിരിക്കുകയാണ്.തോട്ടാമൂല, നെന്മേനിക്കുന്ന്, പുലിതൂക്കി, തേക്കുംപറ്റ, കാക്കമല എന്നീ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്.

നെയ്ക്കുപ്പയിൽ കാട്ടാന ശല്യം രൂക്ഷം; ഗതികെട്ട് കർഷകർ

പാതിരി സൗത്ത് സെക്‌ഷന് കീഴിലെ നെയ്ക്കുപ്പ പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യം മൂലം കർഷകരുടെ ജീവിതം വഴിമുട്ടിയ നിലയിൽ.കഴിഞ്ഞ ഒരാഴ്ചയായി നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫിസിന് സമീപത്തു നിന്നിറങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശത്തെ ഇടിയാലി ജോമോൻ, ജോസ്, പൂവക്കോട്ടിൽ തോമസ് തുടങ്ങി ഒട്ടേറെ കർഷകരുടെ തെങ്ങ്, വാഴ, കുരുമുളക്, തീറ്റപ്പുൽ, കാപ്പി, കമുക്, പച്ചക്കറി തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. ഇവിടെ പല കർഷകരുടെയും തോട്ടങ്ങളിൽ നിന്നു കാട്ടാന ഒഴിയാത്ത അവസ്ഥയാണുള്ളത്.

വന്യമൃഗശല്യത്തിൽ നിന്നു രക്ഷനേടാൻ ലക്ഷങ്ങൾ മുടക്കി ജോമോൻ സ്വന്തമായി സ്ഥാപിച്ച വൈദ്യുതവേലി തകർത്താണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ കടന്ന് അര ഏക്കറോളം കുലച്ച പൂവൻ വാഴക്കൃഷിയും കുരുമുളക് വള്ളികളും തകർത്തത്. കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ ഇദ്ദേഹവും കുടുംബവും 2 വർഷം മുൻപ് അർഹമായ നഷ്ടപരിഹാരത്തിനും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫിസിലേക്ക് താമസം മാറ്റി മുഖം മൂടിക്കെട്ടി കാട്ടാന നശിപ്പിച്ച വിളകളുമായി കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.

തുടർന്ന് നടന്ന ചർച്ചയിൽ അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നു മാത്രം.കാട്ടാന ശല്യം രൂക്ഷമായതോടെ കാടിറങ്ങുന്ന കാട്ടാനയുടെ മുൻപിൽ പകച്ചു നിൽക്കാനേ ഇപ്പോൾ ഇവിടത്തെ കർഷകർക്കു കഴിയുന്നുള്ളു. വനാതിർത്തിയിൽ വനംവകുപ്പ് സ്ഥാപിച്ച കിടങ്ങുകളും വൈദ്യുത വേലിയും കൃഷിയിടങ്ങളിൽ കർഷകർ നിർമിച്ച വൈദ്യുത വേലികളും തകർത്താണു കാട്ടാനക്കൂട്ടങ്ങൾ കൃഷികൾ നശിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS