എംപി ഓഫിസിനു നേർക്ക് എസ്എഫ്ഐ ആക്രമണം; പൊലീസ് റിപ്പോർട്ട് ആയുധമാക്കി സിപിഎം

sfi-wayanad
SHARE

കൽപറ്റ ∙ രാഹുൽ ഗാന്ധി എംപി ഓഫിസിലെ ഗാന്ധിചിത്രം തകർത്തത് എസ്എഫ്ഐക്കാരല്ലെന്ന പൊലീസ് റിപ്പോർട്ട് യുഡിഎഫിനെതിരെ രാഷ്ട്രീയ ആയുധമാക്കി സിപിഎം. എംപി ഓഫിസിൽ കയറി എംപിയുടെ സീറ്റിൽ വാഴ വയ്ക്കുകയും ഓഫിസ് ജീവനക്കാരെ മർദിക്കുകയും ചെയ്ത് എസ്എഫ്ഐക്കാർ തിരിച്ചു പോയശേഷം പൊലീസ് ഫോട്ടോഗ്രഫർ എടുത്ത ചിത്രങ്ങളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകൾ മേശപ്പുറത്തും ഇരിക്കുന്നതു വ്യക്തമാണെന്ന് ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യുന്നതായി 3.59നുള്ള ഫോട്ടോയിൽ ഗാന്ധിചിത്രം ചുവരിൽ കാണാം. പിന്നീട് അവിടേക്ക് യുഡിഎഫ് പ്രവർത്തകർ എത്തിയെന്നും അതിനുശേഷമാണ് ഗാന്ധിചിത്രം നിലത്തു വീണതെന്നുമാണ് എൽഡിഎഫ് പറയുന്നത്. ഇക്കാര്യമാണ് പൊലീസ് റിപ്പോർട്ടിലുമുള്ളത്. 

ഗാന്ധിചിത്രം തകർത്തതാരെന്നതിൽ നേരത്തേ തന്നെ ഇരുകൂട്ടരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എംപി ഓഫിസ് സന്ദർശിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ ‘ഗാന്ധിനിന്ദ’ എസ്എഫ്ഐക്കാർക്കെതിരെ പ്രചാരണ വിഷയമാക്കുകയും ചെയ്തു. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കോൺഗ്രസുകാരാണ് ഗാന്ധിചിത്രം തകർത്തതെന്ന്മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നുവെന്നും ആഭ്യന്തരമന്ത്രിയുടെ അഭിപ്രായത്തിനു വിരുദ്ധമായി പൊലീസ് റിപ്പോർട്ട് നൽകുമോയെന്നും കോൺഗ്രസ് പിന്നീടു വാദമുയർത്തി.

എന്നാൽ, എസ്എഫ്ഐക്കാരാണ് ഗാന്ധിചിത്രം തകർത്തതെന്നതിനു കൃത്യമായ തെളിവു നൽകാൻ സാധിക്കാത്തതു കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. അക്രമം നടന്ന എംപിയുടെ കാബിനിനുള്ളിൽ സിസിടിവി ഇല്ല. പുറത്തെ ഹാളിലെ ക്യാമറയിൽ ഗാന്ധിചിത്രം തകർക്കൽ പതിഞ്ഞിട്ടുമില്ല. 

രാഷ്ട്രപിതാവിന്റെ ചിത്രം തകർത്ത കോൺഗ്രസുകാർക്കെതിരെ നിയമ നടപടിയെടുക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ചിത്രം എസ്എഫ്ഐക്കാർ തകർത്തിട്ടില്ലെന്ന സിപിഎം നിലപാടിന് പൊലീസ് പരിശോധനയിൽ വ്യക്തത വന്നിരിക്കുകയാണെന്നും ഗഗാറിൻ പറഞ്ഞു. ഗാന്ധിചിത്രം തകർത്ത കോൺഗ്രസുകാർ എസ്എഫ്ഐക്കാരെ പഴിചാരിയതിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് സിപിഎം സംസ്ഥാനസമിതിയംഗം സി.കെ. ശശീന്ദ്രൻ‌ ആവശ്യപ്പെട്ടു. 

കോൺഗ്രസുകാർ ഗാന്ധിചിത്രം തകർക്കുമെന്നു ബുദ്ധിയുള്ളവരാരെങ്കിലും പറയുമോയെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ചോദിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് പൊലീസ് എസ്എഫ്ഐക്ക് അനുകൂലമായ റിപ്പോർട്ട് തയാറാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ സംഷാദ് മരയ്ക്കാർ ആരോപിച്ചു. 

അതിനിടെ, രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചിട്ടുണ്ട്. ഫർണിച്ചർ എല്ലാം ക്രമീകരിച്ചു.  ഗാന്ധിചിത്രത്തിന്റെ ഫ്രെയിം ഉറപ്പിച്ചശേഷം തിരികെ സ്ഥാപിക്കുക, ജനൽ കർട്ടൻ ശരിയാക്കുക തുടങ്ങിയ പണികൾ കൂടിയേ ബാക്കിയുള്ളൂവെന്ന് ഓഫിസ് ജീവനക്കാർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അനുസരിച്ച് പൊലീസ് തിരക്കഥ:എൻ.ഡി. അപ്പച്ചൻ 

രാഹുൽ ഗാന്ധിയുടെ ഓഫിസിൽ എസ്എഫ്ഐ നടത്തിയ ആക്രമണത്തിനിടയിൽ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അനുസരിച്ച് അന്വേഷണത്തിന്റെ തിരക്കഥ മെനയാനുള്ള പൊലീസിന്റെ നീക്കത്തിന്റെ ഭാഗമാണു പുറത്തുവരുന്ന റിപ്പോർട്ടുകളെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. എസ്എഫ്ഐയുടെ പ്രകടനം തുടങ്ങുന്നതിന് മുൻപു തന്നെ ആക്രമണം ഉണ്ടാകുമെന്ന വിവരം സിപിഎം നേതൃത്വത്തിനും പൊലീസ് ഉന്നതർക്കും അറിയാമായിരുന്നു.  

മുഖ്യമന്ത്രി ഉൾപ്പെട്ട സ്വർണക്കടത്ത് കേസും എകെജി സെന്ററിലെ പടക്കമേറ് കേസും വയനാട്ടിൽ ജില്ലാ സെക്രട്ടറിയുടെ മകനു ജോലി ലഭിക്കാൻ നടത്തുന്ന കള്ളക്കളികളും കൊണ്ടു വികൃതമായ സിപിഎമ്മിന്റെ മുഖം കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തി രക്ഷിച്ചെടുക്കാൻ സർക്കാരും പൊലീസും നടത്തുന്ന ശ്രമങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി ചിത്രം തകർത്തവർക്കെതിരെ നടപടി വേണം: സിപിഎം 

എസ്എഫ്ഐ രാഹുൽഗാന്ധി എംപിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തി പിരിഞ്ഞുപോയതിനു ശേഷം നാട്ടിൽ കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ഗാന്ധി ചിത്രം തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന പൊലീസ് ഫൊട്ടോഗ്രഫറുടെ ചിത്രങ്ങളും മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളും പരിശോധിച്ച് ഗാന്ധി ചിത്രം തകർത്തതിൽ എസ്എഫ്ഐ പ്രവർത്തകർക്കു പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൽപറ്റ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS