ADVERTISEMENT

പുൽപള്ളി ∙ മൂന്നാഴ്ചയായി ജനവാസ കേന്ദ്രത്തിൽ സാന്നിധ്യമറിയിച്ച കടുവയെ കാടുകയറ്റാൻ വനപാലകർ നടത്തിയ ശ്രമം രണ്ടാംനാളിലും വിഫലമായി. ഇന്നലെ എരിയപ്പള്ളി പ്രദേശത്താണു തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം ചേപ്പില ഭാഗത്തെ സ്വകാര്യ തോട്ടങ്ങളിലും പരിശോധന നടത്തി. 

കൃഷിയിടത്തില്‍ കാട്ടുപന്നിയെ കൊന്ന ഭാഗത്തു സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിയുകയും ശാസ്ത്രീയ പരിശോധനയില്‍ ഈ കടുവ വയനാട് വന്യജീവി സങ്കേതത്തിലെ 20 ാം നമ്പര്‍ കടുവയെന്നു വ്യക്തമാവുകയും ചെയ്തു. നാലുവയസു മാത്രം പ്രായമുള്ള കടുവ കാടിറങ്ങിയത് എന്തിനെന്നു പരിശോധിക്കണം. കഴിഞ്ഞ ദിവസം എരിയപ്പള്ളിയിലെ ഒരു തോട്ടത്തില്‍ പരിശോധക സംഘം കടുവയെ നേരിട്ടുകണ്ടു. വനത്തിലേക്കു തുരത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.

ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ പി.പി.മുരളീധരന്‍, ഫോറസ്റ്റര്‍ കെ.യു.മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുല്‍പള്ളി, ഇരുളം സ്റ്റേഷനുകളിലെ ജീവനക്കാരാണ് തിരച്ചില്‍ നടത്തുന്നത്.അമ്പത്താറ്, ചേപ്പില ,ആശ്രമക്കൊല്ലി, എരിയപ്പള്ളി, മണല്‍വയല്‍ പ്രദേശങ്ങളിലാണ് ഏതാനും ആഴ്ചകളായി കടുവ സാന്നിധ്യം ഉറപ്പാക്കിയത്. കല്ലുവയല്‍, കളനാടിക്കൊല്ലി പ്രദേശങ്ങളിലും ഇടയ്ക്കിടെ വന്യജീവി സാന്നിധ്യമുണ്ട്. പ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത ഭയപ്പാടിലാണ്. 

സന്ധ്യ കഴിഞ്ഞാല്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം. കടുവയെ കൂടുവച്ചു പിടിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ അതിനുള്ള സാധ്യത വനംവകുപ്പ് തള്ളി. പ്രായം കുറഞ്ഞ കടുവയായതിനാലും  ഇതുവരെ ആക്രമിച്ചതായി പരാതിയില്ലാത്തതിനാലും കൂട് സ്ഥാപിക്കാന്‍ അനുമതി ലഭിക്കാന്‍ പ്രയാസമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്ന് റേഞ്ച് ഓഫിസ് മാര്‍ച്ച് 

പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്നു റേഞ്ച് ഓഫിസ് മാര്‍ച്ച് നടത്താന്‍ പഞ്ചായത്തില്‍ ചേര്‍ന്ന ബഹുജനയോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ശോഭന സുകു, എം.ടി.കരുണാകരന്‍, ശ്രീദേവി മുല്ലക്കല്‍, അനില്‍ സി.കുമാര്‍, ജോളി നരിതൂക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com