ADVERTISEMENT

ബത്തേരി ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച നമ്പ്യാർകുന്നിലെ ഫാമിൽ പന്നികളെ കൊന്നൊടുക്കുന്ന നടപടികൾ തുടങ്ങി. ഇന്നലെ പകൽ 12നു നടപടികൾ തുടങ്ങാനിരുന്നതാ ണെങ്കിലും മഴയും മറ്റു തടസ്സങ്ങളും നിമിത്തം 3.30ഓടെയാണു ദൗത്യം തുടങ്ങിയത്. വൈകിട്ട് ആറര വരെ 195 പന്നികളെ കൊന്നു മറവുചെയ്തു. രാത്രി വൈകിയും ഉന്മൂലന നടപടികൾ തുടരുമെന്നും അർധരാത്രിയോടെ സമീപത്തെ രണ്ടു ഫാമുകളിലേതടക്കം നടപടികൾ പൂർത്തിയാക്കാനാകുമെന്നാണു കരുതുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

പനി സ്ഥിരീകരിച്ച നമ്പ്യാർകുന്ന് പൂളക്കുണ്ടിലെ ബിജു മുച്ചിലോട്ടിന്റെ ഫാമിൽ 213 പന്നികളാണ് ആകെയുള്ളത്. ഒരു കിലോമീറ്റർ പരിധിയിൽ മറ്റു രണ്ടു ഫാമുകളിലായി 22 പന്നികൾ കൂടിയുണ്ട്. ഇന്നലെ രാവിലെ 9 മുതൽ പ്രവൃത്തികൾ തുടങ്ങി. മണ്ണുമാന്തി ഉപയോഗിച്ചു പന്നികളെ സംസ്കരിക്കുന്നതിനുള്ള കുഴി തയാറാക്കിയെങ്കിലും മഴ നിമിത്തം വെള്ളം കെട്ടിയതു തടസ്സമുണ്ടാക്കി. 12 അടി താഴ്ചയിലും 10 അടി വീതിയിലും 33 അടി നീളത്തിലുമുള്ള കുഴികളാണു നിർമിച്ചത്. ഫാമിൽ നിന്ന് 15 മീറ്റർ മാറിയായിരുന്നു ഇത്.

ഡോ. കെ. അസൈനാർ, ഡോ.വിഷ്ണു സോമൻ എന്നിവരാണ് ദൗത്യത്തിനു നേതൃത്വം നൽകുന്നത്. പന്നികളെ ബോധം കെടുത്തുന്നതിന് തവിഞ്ഞാൽ പഞ്ചായത്തിലെ ഉന്മൂലന നടപടികളിൽ പങ്കാളികളായിരുന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി.ജെ. ഷൈജു, എ.എൽ. പ്രവീൺ ലാൽ എന്നിവരും ആർആർടി സംഘത്തിലുണ്ട്. പന്നികളെ മുഴുവൻ സംസ്കരിച്ച ശേഷം ഒരു കിലോമീറ്റർ ദൂരപരിധിയിൽ തന്നെ ദൗത്യസംഘം 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയും. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി പ്രദേശത്ത് അണുനശീകരണവും നടത്തുന്നതോടെ നടപടികൾ പൂർത്തിയാകും.

ജില്ലയിൽ 20,000 വളർത്തു പന്നികൾ; ഉന്മൂലനം രോഗം പടരാതിരിക്കാൻ

ബത്തേരി ∙ അനൗദ്യോഗിക കണക്കുകൾ പ്രകാരം 500 കർഷകരുടെ കൈവശം ജില്ലയിൽ 20,000 വളർത്തു പന്നികളുണ്ടെന്നാണു നിഗമനം. 2019 നടത്തിയ സെൻസസ് പ്രകാരം 9147 പന്നികളാണുള്ളത്. 95% മരണ നിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ള ആഫ്രിക്കൻ പന്നിപ്പനിക്ക് ജില്ലയിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കാനുള്ള പ്രഹര ശേഷിയുണ്ടെന്നും ശക്തമായ പ്രതിരോധ സംവിധാനങ്ങളിലൂടെ മാത്രമേ മറികടക്കാനാവൂ എന്നും വിദഗ്ധർ പറയുന്നു.ജില്ലയിലെ മറ്റു പന്നിക്കർഷകരുടെ ജീവനോപാധി നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണു മൃഗസംരക്ഷണ വകുപ്പ് യുദ്ധ കാലാടിസ്ഥാനത്തിൽ ദേശീയ രോഗപ്രതിരോധ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചതെന്നും ആഫ്രിക്കൻ പന്നിപ്പനിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിപരീത വാർത്തകളോട് കർഷകർ ജാഗ്രത പുലർത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. വി.ആർ. രാജേഷ് പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പ്  കണ്ടുപിടിച്ചിട്ടില്ലാത്തതും സാധാരണ നിയന്ത്രണങ്ങൾ കൊണ്ടു പ്രതിരോധിക്കാൻ കഴിയാത്തതുമായ രോഗം ജില്ലയിലെ പന്നിക്കർഷകരെ ഗുരുതരമായ പ്രതിസന്ധിയിൽ എത്തിക്കുമെന്ന വിദഗ്ധരുടെയും സർക്കാരിന്റെയും നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തവിഞ്ഞാൽ, മാനന്തവാടി, നെന്മേനി അടക്കമുള്ള പ്രദേശങ്ങളിലെ മൂന്നര ശതമാനം മാത്രം വരുന്ന 704 ഓളം പന്നികളെ ഉന്മൂലനം ചെയ്യാനുള്ള നടപടി സ്വീകരിച്ചതെന്നും നഷ്ടപരിഹാരം വേഗത്തിൽ എത്തിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

ടി. സിദ്ദിഖ് നിവേദനം നൽകി

കൽപറ്റ ∙ പന്നിക്കർഷകരുടെ നഷ്ടവും ആശങ്കയും പരിഹരിക്കാൻ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ മന്ത്രി ജെ. ചിഞ്ചുറാണിക്കു നിവേദനം നൽകി. ആഫ്രിക്കൻ പന്നിപ്പനി കാരണം ഒട്ടേറെ പന്നികളെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ കൊന്നൊടുക്കിയിട്ടുള്ളത്. 2020 മേയ് 28ന് കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവകുപ്പ് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ചുള്ള തുകയാണു നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ആ തുക അപര്യാപ്തമാണ്. 

ഇൗ സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും പോരായ്മ വരുന്ന തുക സംസ്ഥാന സർക്കാർ വഹിക്കുകയും വേണം. രോഗവുമായി ബന്ധപ്പെട്ടു കൃത്യമായ വിവരവും പ്രതിരോധവും ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ തയാറാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com