ADVERTISEMENT

ബത്തേരി ∙ ബസിലെ ചില്ലു ജനാലകൾക്കരികിലിരുന്ന് ഇനി മുത്തങ്ങ വനത്തിന്റെ ഭംഗിയാസ്വദിക്കാം. 15 കിലോമീറ്റർ നീളുന്ന വനയാത്രയ്ക്കായി 2 പുതിയ ബസുകളാണ് വനംവകുപ്പ് എത്തിച്ചിട്ടുള്ളത്. ഒരു മാസം മുൻപെത്തിയ ബസുകൾ വനപാതയിലിറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒരു ബസിൽ 22 സഞ്ചാരികൾക്കു യാത്ര ചെയ്യാമെന്ന് റേഞ്ച് ഓഫിസർ സുനിൽകുമാർ പറഞ്ഞു. രാവിലെയും വൈകിട്ടും രണ്ടു വീതം സർവീസുകൾ ഓരോ ബസിനും നടത്താനാകും. നിലവിൽ മുത്തങ്ങ ടാക്സി കോ– ഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിലുള്ള ജീപ്പുകളാണ് സഫാരി നടത്തിക്കൊണ്ടിരിക്കുന്നത്. മുപ്പതോളം ജീപ്പുകളാണു മുത്തങ്ങയിലുള്ളത്.

ബസുകൾ വരുന്നതോടെ തങ്ങളുടെ തൊഴിൽ ഇല്ലാതാകുമെന്നാണ് ജീപ്പ് ഡ്രൈവർമാരുടെ പരാതി. പകരം തൊഴിൽ വേണമെന്നും അവർ ആവശ്യപ്പെടുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുതവണ ജീപ്പ് ഡ്രൈവർമാരുമായി ചർച്ച നടത്തി. വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ ഒരു വട്ടം കൂടി ചർച്ച നടത്തിയ ശേഷം ബസുകൾ ഓടിച്ചു തുടങ്ങാനാണു തീരുമാനം. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമാണു മുത്തങ്ങയിലെ സഫാരി സമയം.

രാവിലെ 40 വാഹനങ്ങൾക്കും ഉച്ചയ്ക്കു ശേഷം 20 വാഹനങ്ങൾക്കും മാത്രമാണു പ്രവേശനം. ബസുകൾ വരുന്നതോടെ ആകെയുള്ള 60 ട്രിപ്പുകളിൽ 8 എണ്ണം ബസുകളുടേതാകും. ഈ ട്രിപ്പുകൾ ജീപ്പുകൾക്ക് നഷ്ടമാകും. ഘട്ടംഘട്ടമായി കൂടുതൽ ബസുകൾ എത്തുന്നതോടെ ജീപ്പ് ട്രിപ്പുകളുടെ എണ്ണം വീണ്ടും കുറയും. ഒരു ദിവസം 60 ജീപ്പുകൾ ഓടുമ്പോൾ പരമാവധി 420 പേർക്കാണു വനയാത്ര നടത്താൻ കഴിഞ്ഞിരുന്നത്. ബസുകൾ വരുന്നതോടെ കൂടുതൽ പേർക്ക് കാനന സഫാരി നടത്താനാകും. 50 ലക്ഷത്തോളം രൂപ മുടക്കിയാണ് ബസുകൾ കാനനയാത്രയ്ക്ക് ഒരുക്കിയിട്ടുള്ളത്.

ഓൺലൈൻ ബുക്കിങ് ഉടൻ

മുത്തങ്ങയിൽ പ്രവേശന ടിക്കറ്റും കാനന സഫാരി ടിക്കറ്റും ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയായി വരുന്നു. ഓൺലൈൻ റിസർവേഷൻ ഉടൻ തുടങ്ങും. അതോടെ കൂടുതൽ പേർ മുത്തങ്ങയിലേക്കെത്തും. ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഓൺലൈൻ ബുക്കിങ് ഏറെ സൗകര്യമാകും. പ്രാദേശികമായി നിശ്ചിത ടിക്കറ്റുകൾ ഒഴിച്ചിട്ട ശേഷമാകും ബാക്കി ഓൺലൈനായി നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com