ADVERTISEMENT

കൽപറ്റ ∙  ജില്ലയിൽ ഇടവിട്ടു കനത്ത മഴ തുടരുന്നു. മുൻദിവസങ്ങളേക്കാൾ ഇന്നലെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്ക ഒഴിയുന്നില്ല. ഡാമുകളിലെ ജലനിരപ്പ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര ഡാമിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ, വിവിധയിടങ്ങളിലെ 100 മഴ മാപിനികളിൽ നിന്നു ലഭിച്ച കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചതു സുഗന്ധഗിരി മേഖലയിലാണ്–180.2 മില്ലിമീറ്റർ. 10.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയ മരക്കടവ് മേഖലയിലാണ് ഏറ്റവും കുറവു മഴ ലഭിച്ചത്. ഇക്കാലയളവിലെ ശരാശരി മഴ 60.86 മില്ലിമീറ്ററാണ്. 

wayanad-vayshan-colony
കോട്ടത്തറ പഞ്ചായത്തിലെ വൈശ്വൻ കോളനി പരിസരം വെള്ളത്തിനടിയിലായ നിലയിൽ.

ഇന്നലെ തൊണ്ടർനാട്, വെള്ളമുണ്ട, തരിയോട്, പൊഴുതന, പടിഞ്ഞാറത്തറ, വൈത്തിരി, മേപ്പാടി, തിരുനെല്ലിയുടെ പടിഞ്ഞാറൻ ഭാഗം, മുള്ളൻകൊല്ലി മേഖലകളിലാണു കൂടുതൽ മഴ പെയ്തത്. മറ്റിടങ്ങളിൽ താരതമ്യേന ശക്തി കുറഞ്ഞ മഴയാണു ലഭിച്ചത്. കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. ബാണാസുരസാഗർ ഡാം ജലനിരപ്പുയർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്നലെ അടിയന്തര യോഗം ചേർന്നത്. 

ജില്ലയിൽ ഇന്നലെ യെല്ലോ അലർട്ടും ഇന്നും നാളെയും ഗ്രീൻ അലർട്ടുമാണെങ്കിലും അതിതീവ്ര മഴ മുന്നിൽ കണ്ടുതന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നു മന്ത്രി നിർദേശിച്ചു. ബാണാസുര സാഗർ ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ എല്ലാ തരത്തിലുമുള്ള സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കണം. നല്ല ജാഗ്രതയോടെ കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. ബാണാസുര സാഗറിൽ നിലവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇന്നലെ വളരെ കുറഞ്ഞിട്ടുണ്ട്.

wayanad-venniyod-farm
വെണ്ണിയോട് പുഴയ്ക്കും വയൽ പ്രദേശത്തു വെള്ളത്തിനടിയിലായ കൃഷിയിടം.

അപ്പർ റൂൾ ലെവലിൽ എത്തിയ ശേഷം പകൽ സമയത്തു മാത്രമേ ഡാം തുറക്കുകയുള്ളൂവെന്നും ഡാം തുറന്നാലും ദുരന്ത സാധ്യതകളില്ലെന്നും കലക്ടർ എ. ഗീത അറിയിച്ചു. എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയതായും ജില്ലയിൽ വെള്ളം കയറാനും മണ്ണിടിച്ചിലും സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചതായും കലക്ടർ പറഞ്ഞു.പ്രളയത്തിൽ മണ്ണിടിഞ്ഞ സ്ഥലങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനു തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ സംവിധാനം ഉണ്ടാക്കണമെന്നു ടി. സിദ്ദീഖ് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, എഡിഎം എൻ.ഐ. ഷാജു, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പടിഞ്ഞാറത്തറയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ തന്നെ

പടിഞ്ഞാറത്തറ ∙ മഴ ശക്തമായി തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ നിലയിൽ തന്നെ തുടരുന്നു. കുറുമണി, കുപ്പാടിത്തറ ഭാഗങ്ങളിലെ പുഴയുടെ സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. മിക്കയിടങ്ങളിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായി തുടരുകയാണെങ്കിൽ കുറുമണി-വെണ്ണിയോട് റോഡ് വെള്ളത്തിനടിയിലാകും. ചെറുകണക്കുന്ന്, കുറുമണിക്കുന്ന്, കാവാലം കുന്ന് എന്നീ പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്യും. 

കുപ്പാടിത്തറ കരിയാട്ടുകുന്ന് പ്രദേശത്തും വെള്ളം കയറിയ നിലയിലാണ്. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന കൊറ്റുകുളം-താളിപ്പാറ റോഡ് വെള്ളത്തിനടിയിലായി. നിലവിൽ ഒരു മീറ്ററോളം ഉയരത്തിൽ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. പ്രദേശവാസികൾ നിലവിൽ റോഡ് മാർഗമാണ് പുറം ലോകത്ത് എത്തുന്നത് എങ്കിലും മഴ തുടരുകയാണെങ്കിൽ യാത്രയ്ക്ക് തോണി ഉപയോഗിക്കേണ്ടി വരും. കുറുമണി, കരിയാട്ടുകുന്ന് പ്രദേശത്ത്‍ കഴിഞ്ഞ മാസം കയറിയ വെള്ളം ഇറങ്ങി ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വെള്ളം കയറിയത്. പിണങ്ങോട് എടത്തറക്കടവ് പ്രദേശത്തെ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്.

മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുകയും പുറം ലോകത്തേക്കുള്ള വഴി മുടങ്ങുന്നതും പതിവായതോടെ കൊറ്റുകുളം-താളിപ്പാറ റോഡ് ഉയർത്തണമെന്ന ആവശ്യം ശക്തമായി. കരിയാട്ട്കുന്ന് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് പുറംലോകത്ത് എത്താനുള്ള ഏക മാർഗമാണ് ഈ റോഡ്. വെള്ളത്തിലൂടെ നടന്നും തോണി ഉപയോഗിച്ചും ആണ് ഇവിടെയുള്ളവർ പുറം ലോകത്ത് എത്തുന്നത്. ഈ യാത്ര സുരക്ഷിതമല്ലാത്തതിനാൽ വിദ്യാർഥികളുടെ യാത്ര മുടങ്ങുന്നതും പതിവാണ്. അതോടെ ഒട്ടേറെ ഹാജർ നഷ്ടപ്പെടുന്നതായും രക്ഷിതാക്കൾ പരാതി പറയുന്നു.

വെണ്ണിയോട് വെള്ളത്തിനടിയിൽ

വെണ്ണിയോട് ∙ കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് അടക്കമുള്ള ഒട്ടേറെ താഴ്ന്ന പ്രദേശങ്ങൾ കനത്ത മഴയെത്തുടർന്ന് ഇന്നലെയും വെള്ളത്തിനടിയിൽ. തോടുകളും പുഴകളും കരകവിഞ്ഞു കൃഷിയിറക്കിയ നെൽപ്പാടങ്ങളും വാഴക്കൃഷികളും വെള്ളത്തിനടിയിലായി. കനത്ത മഴ തുടർന്നാൽ പഞ്ചായത്തിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി പല പ്രദേശങ്ങളും ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്. 

മെച്ചന ഭാഗത്തെ പുഴയോടു ചേർന്നുള്ള നെൽപാടങ്ങൾ എല്ലാം വെള്ളത്തിലാണ്. വെണ്ണിയോട് വലിയകുന്നിന് താഴെ ഒടിയോട്ടിൽ, പുഴക്കംവയൽ കുറുമണി പുതുശ്ശേരിക്കുന്ന് അടക്കം പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കനത്ത മഴ തുടർന്നാൽ ചേലാകുനിക്കുന്ന്, വലിയകുന്ന്, മാങ്ങോട്ട് കുന്ന്, പുതിയിടത്തുകുന്ന്, പന്നിയണകുന്ന്, ചെറിയ മൊട്ടക്കുന്ന് തുടങ്ങിയ പ്രദേശങ്ങൾ ഇക്കുറിയും ഒറ്റപ്പെടാനുള്ള സാധ്യതയേറെയാണ്.

ഡാം സന്ദർശിക്കാൻ ജനപ്രതിനിധികളെത്തി

പടിഞ്ഞാറത്തറ ∙ മഴ ശക്തമായി തുടരുന്നതിനാൽ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് ടി. സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം ബാണാസുര ഡാം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തി. നിലവിലെ അവസ്ഥയിൽ നീരൊഴുക്ക് തുടരുകയാണെങ്കിൽ അർധരാത്രിയോടെ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് യോഗം വിലയിരുത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നല്ലാതെ ആശങ്കയുടെ സാഹചര്യം നിലവിൽ ഇല്ലെന്നും എംഎൽഎ പറഞ്ഞു. 

പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ ബഷീർ ഈന്തൻ, കെ.കെ. അനീഷ്, എക്സിക്യൂട്ടീവ് എൻജിനീയർ പി. ബാബുരാജ്, എ എക്സ് ഐ രാമചന്ദ്രൻ, ജോണി നന്നാട്ട്, പി.കെ. വർഗീസ് എന്നിവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com