ADVERTISEMENT

കൽപറ്റ/പടിഞ്ഞാറത്തറ∙ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്ക ഒഴിയുന്നില്ല. പടിഞ്ഞാറത്തറ, കുപ്പാടിത്തറ, പിണങ്ങോട്, കോട്ടത്തറ, വെണ്ണിയോട്, കുറുമണി മേഖലകളിലെ പല താഴ്ന്ന പ്രദേശങ്ങളിപ്പോഴും വെള്ളത്തിനടിയിലാണ്. ഡാമുകളിലെ ജലനിരപ്പ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഇന്നു രാവിലെ 8നു തുറക്കും. ഇന്നലെ തൊണ്ടർനാട്, വെള്ളമുണ്ട, തരിയോട്, പൊഴുതന, പടിഞ്ഞാറത്തറ, വൈത്തിരി, മേപ്പാടി മേഖലകളിലാണു കൂടുതൽ മഴ പെയ്തത്. മറ്റിടങ്ങളിൽ താരതമ്യേന കുറഞ്ഞ മഴയാണ് ലഭിച്ചത്. 

മഴ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മേപ്പാടി തൊള്ളായിരംകണ്ടി ഉൾപ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികൾക്കു പ്രവേശനം നിരോധിച്ചതായി കലക്ടർ എ. ഗീത അറിയിച്ചു. ഇന്നു മുതൽ 11 വരെ ജില്ലയിൽ മഞ്ഞ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ബാണാസുര ഡാമിലെ ജലനിരപ്പ് നിലവിലെ അപ്പർ റൂൾ ലവൽ ആയ 774 മീറ്റർ എത്തിയതോടെയാണു തുറക്കാൻ തീരുമാനിച്ചത്. ഒരു ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 8.5 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കൻഡിൽ പരമാവധി 35 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അനുമതിയുണ്ട്.

ഇന്നലെ വൈകിട്ടോടെ 773.75 മീറ്റർ വെള്ളം ഡാമിൽ ശേഖരിക്കപ്പെട്ടിട്ടുണ്ട്. 25 സെന്റീമീറ്റർ കൂടി എത്തുന്നതോടെ അപ്പർ റൂൾ ലവൽ ആകും. മഴ ശക്തമായി തുടരുന്നതിനാൽ രാത്രിയോടെ തന്നെ വെള്ളം അപ്പർ റൂൾ ലവൽ എത്തുമെന്നാണു കണക്കുകൂട്ടുന്നത്. വെള്ളം തുറന്നു വിടുമ്പോൾ ഡാമിന്റെ സമീപത്തും ദോഷകരമായി ബാധിക്കാൻ ഇടയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയർന്നാൽ ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടിയും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. 

2019ൽ ആയിരുന്നു ഡാം അവസാനമായി തുറന്നത്. അതിനു ശേഷം തുറക്കാനുള്ള അളവിൽ വെള്ളം എത്തിയിരുന്നില്ല. വെള്ളം ഒഴുക്കി വിടുന്ന കരമാൻ തോടിനു സമീപത്തും പുഴയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഡാം തുറക്കുമ്പോൾ സമീപത്തേക്കു പോകരുതെന്നും വെള്ളം ഒഴുകിപ്പോകുന്ന പുഴയിൽ ഇറങ്ങുകയോ മീൻ പിടിക്കുകയോ ചെയ്യരുതെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.

കെട്ടിടം ക്രമപ്പെടുത്താം

തരിയോട് ∙ പഞ്ചായത്ത് പരിധിയിൽ കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചു നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ നിയമവിധേയമായി ക്രമപ്പെടുത്തുന്നതിനു 20 വരെ അപേക്ഷിക്കാം. ഇതിനു ശേഷം മതിയായ രേഖകളില്ലാത്ത കെട്ടിട ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com