കൂറ്റൻപാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും പുത്തുമല ഗ്രാമത്തെയൊന്നാകെ മൂടി: ദുരന്തത്തിന് 3 ആണ്ട്, 5 പേർ ഇനിയും കാണാമറയത്ത്

പുത്തുമല ദുരന്തത്തിന് ഇന്നു 3 വർഷം. 17 പേരാണ് ദുരന്തത്തിൽ മരിച്ചത്. പുത്തുമലയിലെ ദുരന്തഭൂമിയുടെ ഇപ്പോഴത്തെ കാഴ്ച.
പുത്തുമല ദുരന്തത്തിന് ഇന്നു 3 വർഷം. 17 പേരാണ് ദുരന്തത്തിൽ മരിച്ചത്. പുത്തുമലയിലെ ദുരന്തഭൂമിയുടെ ഇപ്പോഴത്തെ കാഴ്ച.
SHARE

മേപ്പാടി ∙ പുത്തുമലയുടെ നെഞ്ചകം പിളർത്തിയ ഓർമകൾക്ക് ഇന്നു 3 വർഷം. 2019 ഓഗസ്റ്റ് 8ന് വൈകിട്ടോടെയാണു പുത്തുമലയുടെ നെഞ്ചു പിളർത്തിയ ദുരന്തം. കനത്ത മഴയിൽ പുത്തുമലയ്ക്കു സമീപത്തെ പച്ചക്കാട് മലയുടെ ഒരുഭാഗം കുത്തിയൊലിച്ച് താഴേക്കു പതിക്കുകയായിരുന്നു. കൂറ്റൻപാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും പുത്തുമല ഗ്രാമത്തെയൊന്നാകെ മൂടി. 17 ജീവനുകളാണു നഷ്ടപ്പെട്ടത്. കനത്ത മഴയോടൊപ്പം ഒഴുകിയെത്തിയ വൻമരങ്ങൾക്കും പാറക്കൂട്ടങ്ങൾക്കുമൊപ്പം കുതിച്ചെത്തിയ ചെളിമണ്ണ് കവർന്നെടുത്ത 17 മനുഷ്യജീവനുകളിലെ 5 പേർ ഇന്നും കാണാമറയത്താണ്. പുത്തുമലയിലേക്കുള്ള റോഡിൽ പലയിടങ്ങളിലായി മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതിനാൽ 9ന് രാവിലെയോടെയാണു രക്ഷാപ്രവർത്തനം പൂർണതോതിൽ ആരംഭിക്കാനായത്.

പുത്തുമല കുന്നത്തുകവല നൗഷാദിന്റെ ഭാര്യ ഹാജിറ (23), മണ്ണിൽവളപ്പിൽ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് മിസ്തഹ് (മൂന്നര), എടക്കണ്ടത്തിൽ മുഹമ്മദിന്റെ മകൻ അയ്യൂബ് (44), ചോലശ്ശേരി ഇബ്രാഹിം (38), കാക്കോത്തുപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഖാലിദ് (42), കക്കോത്തുപറമ്പിൽ ജുനൈദ് (20), പുത്തുമല ശെൽവൻ ‍(60) എന്നിവരുടെ മൃതദേഹങ്ങൾ അന്നു കണ്ടെടുത്തു. തമിഴ്‌നാട് പൊള്ളാച്ചി ശെൽവകുമാറിന്റെ മകൻ കാർത്തിക് (27), പുത്തുമല തേയിലത്തോട്ടം തൊഴിലാളി മുണ്ടേക്കാട്ട് ചന്ദ്രന്റെ ഭാര്യ അജിത (46), ശെൽവന്റെ ഭാര്യ റാണി (57), സുവർണയിൽ ലോറൻസിന്റെ ഭാര്യ ഷൈല (32), തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കർ ‍(26) എന്നിവരുടെ മൃതദേഹങ്ങൾ തുടർന്നുള്ള ദിവസങ്ങളിലും ലഭിച്ചു. 

പുത്തുമല മുതിരത്തൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടിൽ അവറാൻ (62), പച്ചക്കാട് കണ്ണൻകാടൻ അബൂബക്കർ (62), പുത്തുമല എസ്‌റ്റേറ്റിലെ അണ്ണയ്യൻ (54), പച്ചക്കാട് എടക്കണ്ടത്തിൽ നബീസ (74) എന്നിവരാണ് ഇന്നും നോവോർമകളായി കാണാമറയത്തുള്ളത്. ദുരന്തം നടന്ന് 10–നാൾ പുത്തുമലയിൽ നിന്ന് 6 കിലോമീറ്റർ അകലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്നും ഒരു പുരുഷന്റെ മൃതദേഹം ലഭിച്ചിരുന്നു. ഇൗ മൃതദേഹം അണ്ണയ്യന്റേതാണെന്ന് (54) കരുതി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാൽ, ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിതയിലേക്കെടുക്കാൻ നേരം അവകാശവാദവുമായി അപകടത്തിൽ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെ ബന്ധുക്കൾ എത്തി.

വയനാട് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം (ഫയൽ ചിത്രം)
വയനാട് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം (ഫയൽ ചിത്രം)

തുടർന്ന് ഡിഎൻഎ പരിശോധന നടത്തി മൃതദേഹം ഗൗരീശങ്കറിന്റേതാണെന്നു കണ്ടെത്തുകയും ബന്ധുക്കൾക്കു വിട്ടുകൊടുക്കുകയും ചെയ്തു. അണ്ണയന്റേതുൾപ്പെടെ കാണാതായവർക്കായി ദിവസങ്ങളോളം തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നാണു പുത്തുമലയിൽ നടന്നത്. ഫയർഫോഴ്‌സ്, ദുരന്തനിവാരണ സേന, വനംവകുപ്പ്, പൊലീസ്, നാട്ടുകാർ എന്നിവർ അടങ്ങുന്ന സംഘം ആഴ്ചകളോളമാണു പുത്തുമലയിൽ രക്ഷാപ്രവർത്തനം നടത്തിയത്. പരപ്പൻപാറയിൽ നിന്നു നിലമ്പൂർ മുണ്ടേരിയിലേക്കുള്ള 25 കിലോമീറ്ററോളം നടന്നു പോയും രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയിരുന്നു. 

പുനരധിവാസം 85% പിന്നിട്ടു 

ദുരന്തത്തിൽ 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നിരുന്നു. ഭവനരഹിതരായതിൽ 10 കുടുംബങ്ങൾ സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ സ്വീകരിച്ച് ജീവിതം മറ്റിടങ്ങളിലേക്കു മാറ്റി. ഏതാനും കുടുംബങ്ങൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സുരക്ഷിത സ്ഥാനങ്ങളിൽ താമസമാക്കി. അവശേഷിച്ച കുടുംബങ്ങളുടെ പുനരധിവാസം 85 ശതമാനത്തിലധികം പൂർത്തിയായി. മേപ്പാടി പൂത്തകൊല്ലിയിൽ സ്വകാര്യ ട്രസ്റ്റ് വിലയ്ക്കുവാങ്ങി ജില്ലാ ഭരണകൂടത്തിനു കൈമാറിയ 7 ഏക്കർ ഭൂമിയിലാണ് ഹർഷം എന്ന പേരിൽ പുനരധിവാസ പദ്ധതി നടപ്പിലാക്കിയത്.

വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടവുമായി ചേർന്ന് 56 കുടുംബങ്ങൾക്കാണു പൂത്തകൊല്ലിയിൽ വീടുകൾ ഒരുക്കിയത്. പുത്തുമലയിൽ വിദഗ്ധ സംഘം ആദ്യം വാസയോഗ്യമല്ലെന്നും പിന്നീട് വാസയോഗ്യമെന്നും പറഞ്ഞ സ്ഥലങ്ങളിലെ 12 കുടുംബങ്ങളുടെ പുനരധിവാസമാണ് ഇനി നടത്താനുള്ളത്. ഹർഷം പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയിൽ ഈ കുടുംബങ്ങൾ ഉൾപ്പെട്ടിരുന്നില്ല. 

നടുക്കം മാറാതെ കുടുംബങ്ങൾ

ഉരുൾപൊട്ടലിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടവർ ഇന്നും ആ നടുക്കത്തിൽ നിന്നു മുക്തരായിട്ടില്ല. ആരൊക്കെ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നു പോലും അറിയാതെയാണു അന്നത്തെ ദുരന്ത രാത്രി ഇവർ കഴിച്ചുകൂട്ടിയത്. പുത്തുമലയിലേക്കുള്ള റോഡിൽ പലയിടങ്ങളിലായി കൂറ്റൻ പാറക്കൂട്ടങ്ങളും മണ്ണും വീണതിനാൽ രക്ഷാപ്രവർത്തനം വൈകി. തേയിലത്തോട്ടങ്ങൾ പച്ച പട്ടുപുതച്ച മനോഹര ഗ്രാമമായിരുന്നു പുത്തുമല.

2019 ഓഗസ്റ്റ് 8ന് വൈകിട്ടോടെ കനത്ത മഴയോടൊപ്പം കുതിച്ചെത്തിയ പാറക്കൂട്ടങ്ങളും വൻമരങ്ങളും ചെളിമണ്ണും ആ ഗ്രാമത്തിനെയൊന്നാകെ വിഴുങ്ങി. പച്ചക്കാട് മലയുടെ ഒരുഭാഗം മുഴുവനായി പുത്തുമലയിലെ നെഞ്ചകത്തേക്കു ഒഴുകിയെത്തി. പുത്തുമലയിലെ ആരാധനാലയങ്ങൾ, കോർട്ടേഴ്‌സുകൾ, വാഹനങ്ങൾ, എസ്റ്റേറ്റ് പാടികൾ, കന്റീൻ, പോസ്റ്റ് ഓഫിസ് തുടങ്ങിയവ മണ്ണിനടിയിലായി. അന്നത്തെ ദുരന്തത്തിൽ ഒഴുകിയെത്തിയ കൂറ്റൻ പാറക്കൂട്ടങ്ങളും വൻമരങ്ങളും ഇന്നും പുത്തുമലയിലെ ദുരന്തഭൂമിയിൽ അവശേഷിക്കുന്നു. 

ഒരു ഗ്രാമത്തിനെയൊന്നാകെ കവർന്നെടുത്ത പുത്തുമല ദുരന്തത്തിന് ഇന്നു 3 വർഷം. കനത്ത മഴയോടൊപ്പം കുത്തിയൊലിച്ചെത്തിയ ചെളിമണ്ണും പാറക്കൂട്ടങ്ങളും കവർന്നെടുത്തതു 17 മനുഷ്യജീവനുകളെയാണ്. ഇവരിൽ 5 പേരെ ഇനിയും കണ്ടെത്താനുമായിട്ടില്ല. കണ്ണീരോർമകളുടെ നിലയ്ക്കാത്ത നീരൊഴുക്കുമായി പുത്തുമലയിലെ ദുരന്തഭൂമിയെ കീറി മുറിച്ചു കടന്നുപോകുന്ന തോട് എല്ലാം നഷ്ടപ്പെട്ടവരുടെ പ്രതീകമായി ഇന്നും അവശേഷിക്കുന്നു. പുത്തുമലയിപ്പോൾ അതിജീവനത്തിന്റെ പാതയിലാണെങ്കിലും മുറിവേറ്റവരുടെ വേദനകൾ ഉണങ്ങുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA