ADVERTISEMENT

പനമരം ∙ ടാറിങ് നടത്തി ഒരുവർഷം തികയും മുൻപ് റോഡ് ഇടിഞ്ഞുതാഴ്ന്നു കാർ അപകടത്തിൽ പെട്ടു. ടാറിങ് നടത്തി മാസങ്ങൾക്കുള്ളിൽ ഒരു ഭാഗം തകർന്ന നെയ്ക്കുപ്പ ചീരവയൽ റോഡാണ് ബാക്കി ഭാഗവും കൂടി തകർന്നു കാർ കുഴിയിൽ അകപ്പെട്ടത്.7 മാസം മുൻപുണ്ടായ കനത്ത മഴയെ തുടർന്നുള്ള കുത്തൊഴുക്കിൽ റോഡിന്റെ ഒരു ഭാഗം 3 അടിയിലേറെ താഴ്ചയിൽ തകർന്നു ഗതാഗതം നിലച്ചിരുന്നു. അന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്തംഗം അടക്കമുള്ളവർ സ്ഥലത്തെത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് റോഡ് നന്നാക്കുമെന്നും ഇതിനുള്ള എസ്റ്റിമേറ്റ് നടപടികൾ പൂർത്തീകരിച്ചു എന്നും അറിയിച്ചിരുന്നു.

എന്നാൽ നടപടിയെന്നും ആകാത്തതിനാൽ നാട്ടുകാർ തകർന്ന ഭാഗത്ത് മണ്ണിട്ടു ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ റോഡിന്റെ അടിയിലെ മണ്ണ് ഒഴുകിപ്പോകുകയും ഇന്നലെ കാർ ഇതിന് മുകളിലെത്തിയപ്പോൾ റോഡ് ഇടിഞ്ഞുതാഴുകയായിരുന്നു.പ്രദേശത്തെ കോളജിലേക്കും വീടുകളിലേക്കുമായി ദിനംപ്രതി നൂറുകണക്കിനു യാത്രക്കാർ സഞ്ചരിക്കുന്ന ഏക റോഡാണിത്. റോഡിന്റെ ഇരുഭാഗവും ഒരേ പോലെ തകർന്നു കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതം പൂർണമായും നിലച്ച സ്ഥിതിയാണുള്ളത്.

റോഡ് നിർമാണ വേളയിൽ ഈ ഭാഗത്ത് വലിയ കലുങ്ക് നിർമിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഗൗനിക്കാത്തതാണ് റോഡ് ഇടിഞ്ഞുതാഴാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. റോഡിലുണ്ടായ കുഴി മൂടിയില്ലെങ്കിൽ കൂടുതൽ ഭാഗം തകർന്ന് അപകടത്തിനിടയാക്കും. അടിയന്തരമായി ഇടിഞ്ഞുതാഴ്ന്ന റോഡിൽ കലുങ്ക് നിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com